KeralaLatest NewsNews

എനിയ്ക്ക് ഭര്‍ത്താക്കന്‍മാരോട് പറയാനുള്ളത് ഇത്രമാത്രം..സ്ത്രീകളുടെ മെനോപോസും ലൈംഗിക താല്‍പ്പര്യങ്ങളും മനസിലാക്കൂ.. ശേഷി തെളിയിക്കാനുള്ള ഒരു സമയമല്ല ഇത്… ഭര്‍ത്താക്കന്‍മാരെ ഉദ്ദേശിച്ചുള്ള ഈ കുറിപ്പ് വൈറലാകുന്നു

 

45 കഴിഞ്ഞാലുള്ള സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വിരാമവും ലൈംഗികതയും ഒട്ടുമിക്ക ഭര്‍ത്താക്കന്‍മാര്‍ക്ക് മനസിലാകില്ല എന്നതാണ് സത്യം. അഥവാ മനസിലായാലും അവളെ അല്ലെങ്കില്‍ ഭാര്യയെ ഒന്നിനും കൊള്ളാത്തവളായി സുഹൃത്തുക്കള്‍ക്കും സമൂഹത്തിനും മുന്നില്‍ പുരുഷന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അവതരിപ്പിക്കുന്നു. അവളെ സ്‌നേഹിക്കുകയല്ല, അല്ലെങ്കില്‍ അവളുടെ അവസ്ഥയെ മറ്റൊരു രീതിയില്‍ ചിത്രീകരിയ്ക്കുന്നു.

ഇവിടെ ഗീത തോട്ടം എഴുതിയ ഈ ഫേസ്ബുക്ക് കുറിപ്പില്‍ ആര്‍ത്തവ വിരാമത്തിലെത്തി നില്‍ക്കുന്ന സ്ത്രീകളുടെ അവസ്ഥയും ഭര്‍ത്താക്കന്‍മാര്‍ക്ക് അവരോടുള്ള സമീപനത്തെ കുറിച്ചും പ്രതിപാദിയ്ക്കുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പുരുഷന്മാരെ സ്നേഹിക്കയാൽ…

പുരുഷന്മാരോട് മാത്രമേ എനിക്ക് പറയാനുള്ളൂ.
രണ്ട് കാരണങ്ങളുണ്ട്.
1 ഒരുപക്ഷെ സ്വന്തം ഭാര്യ നിങ്ങളോട് പറയാൻ സാധ്യതയില്ലായിരിക്കും.
അവഗണിച്ചേക്കുമെന്നോ
അല്ലെങ്കിൽ
ഇവൾക്ക് വയസ്സാംകാലത്ത് ഇതെന്തിന്റെ സൂക്കേടാണ് എന്ന് ചിന്തിക്കുകയോ ചോദിക്കുകയോ ചെയ്തേക്കുമെന്നോ പേടിച്ച് .
(നിങ്ങൾ ഇപ്പോഴും എപ്പോഴും ചെറുപ്പമാകയാൽ വയസ്സ് നിങ്ങളെ ബാധിക്കുന്ന ഒന്നല്ലല്ലോ)
സ്ത്രീകൾക്ക് പൊതുവെ പുരുഷന്മാരേക്കാൾ അഭിമാനബോധം കൂടുതലാണ്. അതുകൊണ്ടുതന്നെ അപമാന ഭയവും.

2 ബോധവും ചിന്താശേഷിയുമുള്ള പുരുഷന്മാർ (എന്റെ സുഹൃത്തുക്കൾ കൂടുതലും അങ്ങനെയുള്ളവരാണ് എന്നാണ് എന്റെ ധാരണ )
ഞാൻ പറയുന്നത് വ്യക്തിതാല്പര്യാർഥം മാത്രമല്ല , കുറെയേറെ സ്ത്രീകൾക്കു പറയാനുള്ള കാര്യമാണ് എന്ന് തിരിച്ചറിയുന്നവരായതുകൊണ്ട്

ഇനി കാര്യം പറയാം

45 കഴിഞ്ഞാൽ ഭാര്യ / പെണ്ണുങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു അനലെറ്റിക്കൽ കണ്ണടയിലൂടെ നോക്കിക്കണ്ട് അതിൽ പതിവിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തമായി കണ്ടാൽ,
ഉദാഹരണത്തിന്
സ്വരമുയർത്തി സംസാരിക്കുക,
ദേഷ്യപ്പെടുക,
മുഖം വീർപ്പിച്ച് മിണ്ടാതിരിക്കുക,
ഉൾവലിയുക etc.

ഉടനെ അവൾക്ക് മെനോപോസ് ആയതിന്റെയാണ് എന്ന് അവളോടും മറ്റുള്ളവരോടും പരിഹാസ്യമാം വിധം ഉറക്കെ പ്രസ്താവിക്കുക എന്നത് പൊതുവെ അൻപതോടടുത്ത / അൻപത് കഴിഞ്ഞ പുരുഷന്മാരുടെ സവിശേഷതയാണ് .
മെനോപോസിനെക്കുറിച്ചും അതിന്റെ Pre – Post അവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള നിങ്ങളുടെ അറിവിനെയും താല്പര്യത്തെയും ആദരിക്കുന്നു. എന്നാൽ ആ അറിവ്, എല്ലാം നോക്കിക്കാണാനുള്ള കണ്ണടയായി ഉപയോഗിക്കരുത്.

നിങ്ങൾ ധരിച്ചുവശായിരിക്കുന്നതുപോലെ മെനോപോസ് എന്ന ശാരീരിക / മാനസിക അവസ്ഥയെ ഒരു മഹാമാരിയായല്ല ഇന്നത്തെക്കാലത്തെ സ്ത്രീകൾ കാണുന്നത്.
ഞാനടക്കമുള്ള പലരും ‘അത്’ ഒന്ന് നിന്നിരുന്നെങ്കിൽ,
ശല്യമില്ലാതെ യാത്ര പോകാമായിരുന്നു ,കുറച്ചു കൂടി ഫ്രീ ആയി നടക്കാമായിരുന്നു എന്നൊക്കെ ചിന്തിക്കുന്നവരാണ്.
ഹോർമോണൽ ചേഞ്ചുകൾ വരുമെന്നും ആവശ്യമെങ്കിൽ ഫിസിഷ്യനെയോ, മനശ്ശാസ്ത്രജ്ഞനെയോ കാണണമെന്നും കൗൺസലിംഗോ മരുന്നുകളോ ഉപയോഗിക്കണമെന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്.
സ്വന്തം ശരീരത്തെയും മനസ്സിനെയും പറ്റി ഉത്തമബോധ്യമുള്ളവരാണ് ഇന്നത്തെ പെണ്ണുങ്ങൾ .അതിനാൽ കണ്ണിൽ കാണുന്ന എല്ലാ പെൺപിഴകൾക്കും മെനോപോസ് റൂട്ട് കോസ് ആവണമെന്നില്ല എന്ന് അറിഞ്ഞു വയ്ക്കുക.

ചെറുപ്പക്കാരികൾക്കും
പുരുഷന്മാർക്കും
എല്ലാവർക്കും
ഉള്ള മൂഡ് സ്വിങ്ഗ്സ് തന്നെ, മധ്യവയസ്കരായ സ്ത്രീകളിലെത്തുമ്പോൾ ആർത്തവിരാമ അനന്തര / മുന്നോടി മാനസിക വിഭ്രാന്തികളായി മുദ്രകുത്തപ്പെടുന്നു.
എന്നാൽ പെണ്ണുങ്ങളെക്കാൾ കൂടുതൽ ‘പെൺകാര്യങ്ങ’ളറിഞ്ഞു വച്ചവരെന്നു ധരിച്ചിരിക്കുന്ന നിങ്ങൾ
അതിനനുസൃതമായ പെരുമാറ്റമര്യാദകൾ കാണിക്കുന്നുമില്ല.
45 കഴിഞ്ഞവളുമാരെല്ലാം ആർത്തവവിരാമം വന്നവരല്ല.
അഥവാ ആണെങ്കിൽത്തന്നെ അവർക്കെല്ലാവർക്കും PMS (Pre/post Menopausal syndrome) ഉണ്ടാവണം എന്ന് നിർബന്ധമില്ല.
ഉള്ളവരോടാവട്ടെ നിങ്ങളുടെ പുച്ഛവും പരിഹാസവും അല്ല കാട്ടേണ്ടതും.

ലൈംഗികവിരക്തി അതിന്റെ ഒരു അനന്തരഫലം ആയിരിക്കാം.
എന്നാൽ അതിന് വേറെയും കാരണങ്ങളുണ്ട്
ലൂബ്രിക്കേഷൻ ഇല്ലാത്തപ്പോൾ നടത്തുന്ന
വേദനാജനകമായ ഏകപക്ഷീയ ലൈംഗികബന്ധമാണ് വിരക്തിയുടെ ഒരു പ്രധാന കാരണം.
( മാരിറ്റൽ റേപ് ഫസ്റ്റ് നൈറ്റിൽ മാത്രമല്ല സംഭവിക്കുക)
അതിനാൽ പങ്കാളിയെ മാനസികമായി സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുക എന്നതാവണം പ്രധാനകാര്യം.

ലൈംഗിക കാര്യങ്ങളിൽ പൊതുവെ വിരക്തയായ ഭാര്യ ഒരു ദിവസം പെട്ടെന്ന് നിങ്ങളെ കെട്ടിപ്പിടിച്ചെന്നോ
തോളിലോ നെഞ്ചത്തോ തല ചായ്ച്ചെന്നോ കരുതി,
ഒന്നു മുട്ടിയുരുമ്മി ഇരുന്നെന്നു കരുതി
അവൾക്ക് ‘മറ്റ’താണെന്നു കരുതി ദയവു ചെയ്ത് ഉടനെ ശേഷി തെളിയിക്കാൻ സന്നാഹങ്ങളുമായി ചെന്നേക്കരുത്.
സ്നേഹമുള്ള ഒരു
സ്പർശം കൊതിക്കുന്ന കാതരമായ ഒരു മനസ്സാവും അവൾക്കപ്പോൾ.
ഒന്നു ചേർത്തു പിടിക്കുകയോ
മുടിയിഴകളിൽ ഒന്നു തലോടുകയോ
കുറച്ചൊക്കെ ശുഷ്കമായിപ്പോയ ആ കൈത്തലങ്ങൾ സ്വന്തം കൈകളിലെടുത്ത് ഒന്നോമനിക്കുകയോ ചെയ്യൂ
വല്ലപ്പോഴുമൊക്കെ ഒരു പ്രിയപ്പെട്ട കൂട്ടുകാരിയോടെന്നവണ്ണം അവളോട് പെരുമാറിനോക്കൂ.

ഊഷ്മളമായ, സ്നേഹഭരിതമായ,
ലൈംഗികസ്വാർഥത മാറ്റിവച്ചുള്ള,
ദൃഢമായ ഒരാലിംഗനം, പ്രൗഢകളായ പെണ്ണുങ്ങൾ കൊതിക്കുന്ന ഒന്നാണ്.
വേദനിക്കുന്ന തോളിലും കാൽവണ്ണകളിലും സ്നേഹത്തോടെ ഒന്നുഴിഞ്ഞുകൊടുക്കുന്നത് ,
ചിലപ്പോൾ അവളിനി ലൈംഗിക വിരക്തി വന്നവളാണെങ്കിൽപ്പോലും അവളെ ആഹ്ലാദിപ്പിക്കുകയോ ഒരു പക്ഷെ ഉത്തേജിപ്പിക്കുകയോ പോലും ചെയ്തേതേക്കും.

വയ്യാതെ കിടക്കുമ്പോൾ
പനിയുണ്ടോ എന്ന്
നെറ്റിയിൽ തൊടുന്ന ഒരു കൈത്തലം,
ഉറങ്ങിത്തുടങ്ങുമ്പോൾ ശ്രദ്ധാപൂർവ്വം കഴുത്തറ്റം വലിച്ചിടുന്ന ഒരു പുതപ്പ്,
കവിളിൽ ഒരു ചെറിയ തട്ട്,
ചുമയ്ക്കുമ്പോൾ ഒരിറക്ക് ചൂടുവെള്ളം..
മുതൽമുടക്കോ
ദേഹാധ്വാനമോ ഏറെയൊന്നും വേണ്ടല്ലോ ഇതിനൊന്നിനും❗

ഒരുമിച്ചുള്ള ഒരു സായാഹ്നനടത്തം,
ഒരുമിച്ചുള്ള പാചകപരീക്ഷണങ്ങൾ,
എത്രയോ വട്ടം നിങ്ങൾക്കായി വച്ചുവിളമ്പിയും അലക്കിത്തേച്ചും തളർന്ന അവൾക്കായി ഒരു ചായയോ മറ്റെന്തെങ്കിലും പാനീയമോ,
യാത്രയ്ക്കൊക്കൊരുങ്ങുന്ന
അവളുടെ സാരിയോ കുപ്പായങ്ങളോ ഒന്നു തേച്ചുമടക്കൽ,

അവളുണ്ട് എന്നത്
നിങ്ങൾക്ക് ബോധ്യപ്പെടുന്നു എന്ന് അവളെ തെര്യപ്പെടുത്താൻ ഇതെല്ലാം ഒരുമിച്ചു വേണമെന്നില്ല; ഏതെങ്കിലുമൊക്കെയോ, ഒരെണ്ണമെങ്കിലുമോ മതിയാവും.

താളം തെറ്റിയ ഹോർമോണുകൾ,
നില താഴ്ന്നുപോയ ഡോപമിൻ, സിറടോണിൻ
അസന്തുലിതമായ മാനസികാവസ്ഥ,
പിരിമുറുക്കങ്ങൾ ,
ഭാവവ്യതിയാനങ്ങൾ, ഒക്കെ നല്ലൊരളവുവരെ മാറിക്കിട്ടും.
ഇനി അവൾക്ക് ശരിക്കും PMS ആണെങ്കിൽ ചികിത്സയെക്കുറിച്ചും പറയാവുന്നതാണ്.
അത് കുറ്റപ്പെടുത്തുന്ന വിധമോ അപമാനിക്കുന്ന വിധമോ ആവാതിരിക്കട്ടെ

we are Pregnant എന്നു പറയുമ്പോലെ
“നമുക്കൊരു ഡോക്ടറെ കണ്ടാലോ ” എന്നായാൽ ആരാണ് അത് നിഷേധിക്കുക.!
അല്ലാതെ മക്കളോട് ”നിങ്ങടമ്മയ്ക്ക് പ്രാന്താ വല്ല സൈക്കിയാട്രിസ്റ്റിനേം കൊണ്ടു പോയ്ക്കാണിക്ക്” എന്നോ
“നിനക്ക് വീണ്ടും ഏളക്കം തൊടങ്ങിയോ” എന്നുമൊക്കെയുള്ള മുറിപ്പെടുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കുക.

യൗവനയുക്തമായ സാർത്തവകാലങ്ങളിൽ ശരീരം കൊണ്ടും മനസ്സുകൊണ്ടും നിങ്ങൾക്കൊപ്പം നിന്നവളെ,
പരിചരിച്ചവളെ,
ആനന്ദിപ്പിച്ചവളെ,
ഒരു ശാരീരികമാറ്റത്തിന്റെ പേരിൽ
അപമാനിക്കാതിരിക്കുക.

നിങ്ങളുടെ മുൻശുണ്ഠിക്കും
മറവിക്കും
ക്ഷീണത്തിനും കാരണം
ഉദ്ധാരണശേഷി നഷ്ടപ്പെട്ടതാണെന്ന് (വേറെ വാക്കുകളാണ് ഉപയോഗിക്കേണ്ടതെന്ന് അറിയായ്കയല്ല )
ആരെങ്കിലുമൊക്കെ
രഹസ്യമായും പരസ്യമായും
പറഞ്ഞു കൊണ്ടിരുന്നാൽ എന്താവും നിങ്ങളുടെ പ്രതികരണം?

ഒറ്റക്കാര്യം കൂടി പ്പറഞ്ഞ് സുദീർഘമായ ഈ കുറിപ്പ് അവസാനിപ്പിച്ചേക്കാം.

ആശ്രയീഭാവവും,
ഭയവും,
ആത്മവിശ്വാസക്കുറവും
വാർദ്ധക്യത്തിലേക്ക് നടന്നടുക്കുന്ന
പുരുഷൻമാരിൽ താരതമ്യേന
കൂടുന്നതായും
നേരെ മറിച്ച് പ്രായം ചെല്ലുന്തോറും
സ്ത്രീകളിൽ
സ്വാശ്രയത്വവും
ധൈര്യവും
ആത്മവിശ്വാസവും കൂടി വരുന്നതായും
അനുഭവങ്ങളും പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആയതിനാൽ
അവൾക്ക് നിങ്ങളേക്കാൾ
നിങ്ങൾക്ക് അവളെയാണ് ആവശ്യം എന്നും തിരിച്ചറിയുക.☺

സംശയമുളളവർ
ഭാര്യ മരിച്ച മധ്യവയസ്സിനുമേൽ പ്രായമുള്ള പുരുഷന്മാരെയും
ഭർത്താവു മരിച്ച അതേ പ്രായത്തിലുള്ള സ്ത്രീകളേയും നിരീക്ഷിച്ചാൽ മതിയാവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button