Latest NewsNewsIndia

ലോകവാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ ബീസ്റ്റും പ്രധാനമന്ത്രി മോദിയുടെ റേഞ്ച് റോവറും … ഇരു നേതാക്കളുടേയും അതീവ സുരക്ഷാവാഹനങ്ങളാണ് ഇപ്പോള്‍ താരങ്ങള്‍

വാഷിംഗ്ടണ്‍ : ലോകവാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ ബീസ്റ്റും പ്രധാനമന്ത്രി മോദിയുടെ റേഞ്ച് റോവറും … ഇരു നേതാക്കളുടേയും അതീവ സുരക്ഷാവാഹനങ്ങളാണ് ഇപ്പോള്‍ താരങ്ങള്‍ . അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി അടുത്ത ദിവസമെത്തും. ഇതോടെ ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദവും സന്ദര്‍ശനവും ലോക വാര്‍ത്താമാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. ഇതോടെ ലോക നേതാക്കളായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്താനിരിക്കേ ഇവര്‍ക്ക് സുരക്ഷയേകുന്ന വാഹനങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ബീസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന കാഡിലാക്ക് വണ്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിക്കുന്നത്. ബിഎംഡബ്ല്യു സെവന്‍ സീരീസ് അടക്കമുള്ള വാഹന നിരയുണ്ടെങ്കിലും റേഞ്ച് റോവറായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷയേകുക.

ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് നിര്‍മ്മിച്ച കാര്‍ഡിലാക് വണ്ണില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയ ബീസ്റ്റ് ആണ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്നത്. ബാലിസ്റ്റിക്, ഐഇഡി, രാസായുധാക്രമണങ്ങള്‍ തുടങ്ങിയവയെല്ലാ ചെറുക്കാന്‍ കരുത്തുള്ള രീതിയിലാണ് ബീസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ പ്രസിഡന്‍ഷ്യല്‍ ആര്‍മേര്‍ഡ് ലിമോ ‘ബീസ്റ്റ് 2.0′ 2018 -ലാണ് സീക്രട്ട് സര്‍വീസ് വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയത്. ലോകത്തിലെ ഇത്തരത്തിലുള്ള ഏക വാഹനം മാത്രമാണിത്.

5.0 ഇഞ്ച് കട്ടിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും, 8.0 ഇഞ്ച് കട്ടിയുള്ള ഡോറുകളുമാണ് വാഹനത്തിനുള്ളത്. ടൈറ്റാനിയം, സെറാമിക്‌സ്, ബോംബ് പ്രൂഫ് പ്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ അടിവശം നിര്‍മ്മിച്ചിരിക്കുന്നത്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ സീറ്റിന് സമീപത്തായി സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ട് സംസാരിക്കാനും സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ പ്രത്യേക മെഡിക്കല്‍ സംവിധാനവും അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്തവും സജ്ജമാക്കിയിട്ടുണ്ട്.

പഞ്ചറാകാത്ത ടയറാണ് ബീസ്റ്റിന് നല്‍കിയിരിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ ടയര്‍ പൊട്ടിയാല്‍ ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തില്‍ സ്റ്റീല്‍ റിമ്മുകളാണ് ടയറില്‍ ഉപയോഗിച്ചിട്ടുള്ളത്. 5.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിന്റെ മൈലേജ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ മുന്‍പ് ഒബാമ ഉപയോഗിച്ചിരുന്ന വാഹനത്തിന് 3 കിലോ മീറ്റര്‍ മൈലേജ് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടേതടക്കമുള്ള വിദഗ്ധ പരിശീലനം നേടിയ ഡ്രൈവര്‍മാരാണ് പ്രസിഡന്റിന്റെ വാഹനം ഓടിക്കുന്നത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ 180 ഡിഗ്രിയില്‍ വരെ വാഹനം വെട്ടിത്തിരിക്കുന്നതിനടക്കം ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാത്രമുള്ളതാണ്. പുറത്തറിയാത്ത അമേരിക്കന്‍ സീക്രട്ട് സര്‍വീസിനും വാഹനത്തിന്റെ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിലെ ചില എഞ്ചിനിയര്‍മാര്‍ക്കും മാത്രമറിയാവുന്ന നിരവധി പ്രത്യേകതകള്‍ ഇനിയുമുണ്ട് വാഹനത്തിന്.

ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്ക് വന്നാല്‍ എല്ലാവിധ സുരക്ഷ സജ്ജീകരണങ്ങളും ഉള്‍പ്പെട്ട റേഞ്ച് റോവര്‍ വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. റേഞ്ച് റോവറിന്റെ ഏറ്റവും സുരക്ഷിതമായ സെന്റിനലാകും ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ പ്രധാനമന്ത്രി ഉപയോഗിക്കുക. ബുള്ളറ്റ് പ്രൂഫായ വാഹനം ബോംബിട്ടാലും തകരില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നൂതന സ്ഫോടക വസ്തുക്കളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള VR8 ബാലിസ്റ്റിക്ക് സുരക്ഷ പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍ എസ്യുവിയിലുണ്ട്.

വാഹനത്തില്‍ റണ്‍-ഫ്ളാറ്റ് സംവിധാനവും ലാന്‍ഡ് റോവര്‍ സ്പെഷ്യല്‍ വെഹിക്കിള്‍ വിഭാഗം ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ പരമാവധി 50 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ റണ്‍-ഫ്ളാറ്റ് സംവിധാനം സഹായിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി സൈറണ്‍, എമര്‍ജന്‍സി ഫ്ളാഷറുകള്‍ എന്നിവയും വാഹനത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

5.0 ലിറ്റര്‍ ശേഷിയുള്ള സുപ്പര്‍ചാര്‍ജിംഗ് V8 പെട്രോള്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ സെന്റിനലിലുള്ളത്. ഇത് 375 bhp കരുത്ത് നല്‍കുന്നതാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 10.4 സെക്കന്‍ഡുകള്‍ മതി. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും എസ്പിജി, എന്‍എസ്ജി അടക്കമുള്ള സുരക്ഷാ വിഭാഗങ്ങളുടെ പ്രത്യേക പരിശീലനം നേടിയവരാണ് പ്രധാനമന്ത്രിയുടെ വാഹനം ഓടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button