KeralaLatest NewsNews

ഉദരനിമിത്തം ബഹുകൃത വേഷമാടുന്ന വെള്ളാപ്പള്ളിമാരെ വെള്ളപൂശുമ്പോള്‍ വി.മുരളീധരന്‍ മറന്നുകൂടാത്തത്

അഞ്ജു പാര്‍വതി പ്രഭീഷ്

വെള്ളാപ്പള്ളിയേയും തുഷാർ വെള്ളാപ്പള്ളിയേയും കണ്ട് ചർച്ച നടത്തുകയും ടിപി സെൻകുമാറിനെയും സുഭാഷ് വാസുവിനെയും രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്ത കേന്ദ്രമന്ത്രി വി മുരളീധരനോട് ചിലത് പറയാതെ വയ്യാ.അധികാര മോഹവും ധാർഷ്ട്യവും സംഘടനയെ കുടുംബസ്വത്താക്കി മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഏത് നേതാവ് നടത്തിയാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ടി.പി.സെൻകുമാർ എന്ന വ്യക്തിയെ ബി.ജെ.പിയുടെ ഭാഗമല്ലെന്നു പറയുന്ന താങ്കളുടെ കുടുംബസ്വത്താണോ ബി.ജെ.പിയെന്ന പ്രസ്ഥാനം? പാർട്ടിയിൽ അംഗത്വം എടുത്ത ആർക്കും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ സാധിക്കുമ്പോൾ അത് പറ്റില്ലായെന്നു പറയാൻ കേന്ദ്രമന്ത്രിയെന്ന പദവി കിട്ടിയതുക്കൊണ്ട് മാത്രം ഒരാൾക്ക് കഴിയുമോ? അധികാരം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് തിരുത്തി പറയേണ്ടിയിരിക്കുന്നു വി.മുരളീധരന്റെ ഇത്തരം അപക്വമായ പ്രസ്താവനകൾ കേൾക്കുമ്പോൾ. ഹൈന്ദവ ഐക്യത്തിനെതിരെ പുറംതിരിഞ്ഞുനില്ക്കുന്ന ഒരച്ഛന്റെയും മകന്റെയും പാദസേവ ചെയ്യുന്നതിലൂടെ ബി.ജെ.പിയെന്ന പാർട്ടിക്ക് ഇവിടെ വളരാൻ കഴിയില്ല. നിവർന്നു നിന്ന് പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോവാനാണ് പാർട്ടി വി.മുരളീധരനു ചുമതല നൽകിയിരിക്കുത്,അല്ലാതെ നട്ടെല്ല് പണയപ്പെടുത്തി ഒരച്ഛനും മകനും വേണ്ടി ഓശാന പാടാനല്ല.

വെള്ളാപ്പള്ളി നടേശൻ എന്ന അവസരവാദിയായ സമുദായനേതാവിനേക്കാളും എന്തുക്കൊണ്ടും ഒരു പടി മുന്നിൽ തന്നെയാണ് ടി.പി.സെൻകുമാർ എന്ന മുൻ ബ്യൂറോക്രാറ്റ് എന്ന് ഉറക്കെപ്പറയാൻ എനിക്ക് കഴിയുന്നത് ഗുരുദേവദർശനങ്ങളെ വ്യക്തമായി മനസ്സിലാക്കുന്ന ഒരു ശ്രീനാരായണീയ എന്ന നിലയിൽ തന്നെയാണ്. ഒരിക്കലും ഗുരുദേവദർശനങ്ങളെ അട്ടിമറിക്കാനും അതുവഴി സ്ഥാനമാനങ്ങളും അധികാരങ്ങളും നേടാൻ സെൻകുമാർ ശ്രമിച്ചിട്ടില്ല.മറിച്ച് ഗുരുവും കുമാരനാശാനും ഉദ്ഘോഷിച്ച ഹൈന്ദവ ഐക്യത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വി.മുരളീധരനെന്ന താങ്കളും ആദ്യം ശ്രമിക്കേണ്ടത് ഗുരുദേവദർശനങ്ങളെയും എസ് എൻ ഡി.പിയെന്ന പ്രസ്ഥാനത്തെയും ആഴത്തിൽ അപഗ്രഥനം ചെയ്യാനാണ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തിന് വലിയ പങ്കുണ്ട്‌. അത് ഈ നാട് അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍ ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ആ സംഘടന തന്നെ പിരിച്ചുവിടുമായിരുന്നു എന്നതും പച്ചയായ യാഥാര്‍ത്ഥ്യം തന്നെയാണ്.
ഗുരു തെളിച്ച പാതയിലൂടെയാണോ പിന്‍മുറക്കാരായ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.? അല്ലേയല്ലായെന്നു നിസ്സംശയം പറയാൻ കേരളത്തിലെ ഓരോ ശ്രീനാരായണീയർക്കും കഴിയും. ഗുരുദേവനില്ലെങ്കില്‍ എസ്എന്‍ഡിപി യോഗമില്ല. ഗുരുദേവന്റെ ചിത്രവും ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന എഴുത്തുമില്ലെങ്കില്‍ വെള്ളാപ്പള്ളിക്ക് ഇങ്ങനെ നടക്കാന്‍ കഴിയുമോ? ആരെങ്കിലും ശ്രദ്ധിക്കുമോ? എല്ലാത്തിനും മുന്നില്‍ ഗുരുദേവനാണെന്ന വിശ്വാസമാണ് എസ്എന്‍ഡിപിയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

തന്റെ സാമൂഹിക പരിഷ്‌ക്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ.പല്‍പുവിന്റെ പ്രേരണയില്‍ 1903 ലാണ് എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണ ഗുരു സ്ഥാപിക്കുന്നത്.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഈഴവ സമൂഹത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു സവര്‍ണ്ണമേധാവിത്വത്തിനും സാമൂഹിക തിന്മകൾക്കും എതിരെ പ്രവര്‍ത്തിച്ച് താഴ്ന്ന ജാതിക്കാര്‍ക്ക് ആശ്രയമായി മാറി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌ക്കര്‍ത്താവ് കൂടിയാണ് അദ്ദേഹം.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാല ഘട്ടത്തില്‍ പോലും ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. താഴെത്തട്ടിൽ നിന്നും തുടങ്ങി പിന്നീട് ഒന്നായി തീരേണ്ട ഒന്നാണ് ഹൈന്ദവതയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

മഹാനായ ഗുരുദേവന് വാക്കും പ്രവര്‍ത്തിയും എല്ലാം ഒന്നായിരുന്നു. മുന്‍പുണ്ടായിരുന്ന എസ്.എന്‍.ഡി.പി യോഗഭാരവാഹികളില്‍ ഭൂരിപക്ഷവും ഗുരുവിന്റെ പാത പിന്‍തുടര്‍ന്നവരായിരുന്നുവെന്നത് ചരിത്രം.
ഗുരു സന്ദേശങ്ങൾക്ക് നേരെ വിപരീതമായി മാത്രം പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധർമ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എൻഡിപി യോഗത്തിന്റെ രക്ഷകനല്ല മറിച്ച് അന്തകൻ മാത്രമാണ്. യോഗം ജനറൽ സെക്രട്ടറിപദം സ്വാർത്ഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയല്ലേ ചെയ്യുന്നത്. ശ്രീനാരായണഗുരുസ്വാമികൾ ഏതൊരു സന്ദേശമാണോ മാനവരാശിക്ക് നൽകിയത് അതിനെല്ലാം തീർത്തും എതിരായി മാത്രം പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരു നിന്ദയാണ് നടത്തിവരുന്നത്.തൻറെ പേരിലുള്ള സംസ്ഥാനത്തെ കേസുകളിൽ നിന്നും രക്ഷനേടാനായി സിപിഎം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസർക്കാരിന്റെ നടപടികളിൽ നിന്ന് രക്ഷനേടാൻ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളത്തിലെ യഥാർത്ഥ ഈഴവർക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും?

ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിന് വേണ്ടി പറഞ്ഞതാണെന്ന് മാറ്റി പറഞ്ഞ് പിന്നീട് തടിയൂരി സ്വയം പരിഹാസ്യനായി. താൻ പിന്തുണച്ച സ്ഥാനാർഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്.തരത്തിന് അനുസരിച്ച് നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടി വരുന്നത് ബി.ജെ.പിയെ പ്പോലൊരു ദേശീയനേതൃത്വത്തിന് ചേർന്ന നടപടിയാണോ?

വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവർക്കും അറിയാം.വെള്ളാപ്പള്ളി സംഘടനയുടെ പേരിൽ നടത്തുന്ന അഴിമതികളെ ചോദ്യം ചെയ്യാൻ സെൻകുമാറിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ ആരുടെ മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത നിലപാട് കാരണമാണ്. എസ്എൻഡിപി മൈക്രോ ഫിനാൻസിന് വാങ്ങിയ അധിക പലിശ എവിടെ പോയെന്ന് ചോദിക്കാനും സ്കൂളുകളിലും കോളജുകളിലും എത്ര നിയമനങ്ങൾ നടന്നെന്നും അതിനായി വാങ്ങിയ പണം എവിടെയെന്നും അന്വേഷണം നടത്തണമെന്നും പറയാനുള്ള ആർജ്ജവം സെൻകുമാർ കാണിച്ചത് എങ്ങനെ തെറ്റാകും?ഒരു ശ്രീനാരായണീയനുള്ള ആശങ്കയും സംശയങ്ങളുമാണ് അദ്ദേഹം ചോദിച്ചത്.ജനാധിപത്യരീതിയിലേക്ക് എസ്എൻഡിപി യോഗം വരണമെന്ന് പറയുന്നതിലെ ശരിക്കേട് എന്താണ്? ആരും രണ്ടു തവണയിൽ കൂടുതൽ എസ്എൻഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുതെന്നും നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങൾക്ക് ചുമതലകൾ നൽകരുതെന്നും പറയുന്നതിലെ തെറ്റുകൾ എന്താണ്? കേരളത്തിൽ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്എൻഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാൻ രാജാവ് എന്റെ മകൻ രാജകുമാരൻ എന്ന കാഴ്ചപ്പാട് ശരിയല്ല. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തൽസ്ഥാനത്തുനിന്നു മാറിനിൽക്കണം. ഇതാണ് ഓരോ ശ്രീനാരായണീയനും ആഗ്രഹിക്കുന്നതും.

യോഗം വിദ്യാഭ്യാസമേഖലയില്‍ വിപുലമായി പ്രവേശിക്കുന്നത് ആര്‍ ശങ്കറിന്റെ കാലത്താണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുദേവ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണത്. ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ച ശങ്കര്‍ കൊല്ലത്ത് എസ്എന്‍ കോളേജ് തുടങ്ങി. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായും മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസമന്ത്രിയായിരിക്കെ എസ്എന്‍ഡിപിക്ക് കോളേജുകള്‍ അനുവദിച്ചു. നടേശന്‍ പറയുന്നതുപോലെയല്ല, എല്ലാവര്‍ക്കും അന്ന് കോളേജുകള്‍ കൊടുത്തിട്ടുണ്ട്. അതിന് ജാതിമത വ്യത്യാസം നോക്കിയിട്ടില്ല. അന്നൊന്നും ആരും ജാതി പറഞ്ഞിട്ടില്ല. അഹന്തയാണ് പുതിയ നേതൃത്വത്തിന്റെ മുഖമുദ്ര. അതാകട്ടെ, വിവരദോഷത്തിന്റെ ഉല്‍പ്പന്നമാണ്. ആര്‍ ശങ്കര്‍ എസ്എന്‍ഡിപിയെ ഹിന്ദുവര്‍ഗീയശക്തിയാക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. എസ്എന്‍ഡിപിയും എന്‍എസ്എസും ചേര്‍ന്ന ഹിന്ദുമഹാമണ്ഡലം രൂപീകരിച്ചത് അത്തരമൊരു ശ്രമമായിരുന്നു. ശങ്കറിന്റെ അടുത്ത അനുയായിയായിരുന്ന ഗോപാലന്‍ മുതലാളി ആര്‍എസ്എസിന്റെ പ്രമുഖനായിരുന്നു. ഇതൊക്കെ വി.മുരളീധരനറിയുമോയെന്നറിയില്ല.പക്ഷേ സെൻകുമാറിനറിയാം.

തിരഞ്ഞെടുപ്പില്‍ വലിയ അട്ടിമറി നടത്തുമെന്ന വീരവാദം മുഴക്കി രംഗപ്രവേശം ചെയ്ത ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളുടെ മാനം പോകാതെ കാത്തത് ബി.ജെ.പി വോട്ടുകള്‍ കൊണ്ട് മാത്രമല്ലേ? എന്നിട്ടും തങ്ങൾ ഒപ്പം ചേർന്നതോടെയാണ് സംസ്ഥാനത്ത് ബിജെപിക്ക് തല ഉയർത്താനായതെന്നു ബിഡിജെഎസ് നേതൃത്വം വിശ്വസിക്കുകയും പരസ്യമായി തന്നെ പറയുകയും ചെയ്യുന്നു. ചേർത്തലയിൽ നടന്ന സംസ്ഥാന നേതൃയോഗ പ്രവർത്തന റിപ്പോർട്ടിലും ഇത് അടിവരയിട്ട് പറയുന്നുണ്ട്. ബിജെപിക്കുണ്ടായിരുന്ന 6 ശതമാനം വോട്ട് വിഹിതം, ബിഡിജെഎസ് ചേർന്നതോടെ 16 ശതമാനമായി ഉയർന്നുവെന്നും എന്നാൽ പാർട്ടിക്കു നൽകിയ വാഗ്ദാനങ്ങൾ ബിജെപി ലംഘിച്ചു.വെന്നും മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിന്റെ പ്രവർത്തനങ്ങൾ ബിഡിജെഎസിന് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പറയുന്ന റിപ്പോർട്ട് എന്താണ് തുഷാറിനും അച്ഛനും ബി.ജെ.പിയോടുള്ള സമീപനമെന്നു വ്യക്തമാക്കുന്നു. രാഷ്ട്രീയ നേട്ടം എന്നതിലുപരി തങ്ങള്‍ക്കെതിരെയുള്ള കേസുകളും അന്വേഷണങ്ങളും തടയാനുള്ള മതിലായും വനിതാ മതിലിനെ കണക്കാക്കി ഐക്യദാർഢ്യം നല്കിയവർക്ക് സ്തുതിപാടുകയും നിസ്വാർത്ഥമായി പാർട്ടിയെ സേവിക്കുകവഴി വർഗ്ഗീയവാദിയെന്ന ചാപ്പ ഏറ്റുവാങ്ങി ക്രൂശിക്കപ്പെട്ട സെൻകുമാറിനെ തളളിപ്പറയുകയും ചെയ്ത വി.മുരളീധരൻ അണികളുടെ ഹൃദയത്തിൽ നിന്നും ഒരുപാട് ദൂരം പിന്നോട്ടു പോയിരിക്കുന്നു. ബിജെപി സെൻകുമാറിനൊപ്പം ഇല്ലെങ്കിലും അണികൾ സെൻകുമാറിനൊപ്പമുണ്ടെന്ന് സോഷ്യൽമീഡിയ സാക്ഷ്യം പറയുന്നു. അല്ലെങ്കിലും അണികൾ ആഗ്രഹിക്കുന്നതിന്റെ നേർ വിപരീതം ചെയ്താണല്ലോ കേരളാ ബിജെപിക്ക് ശീലവും!

Tags

Related Articles

Post Your Comments


Back to top button
Close
Close