Latest NewsNewsIndia

യുപിയിലെ സോന്‍ഭദ്ര സ്വര്‍ണ ഖനിയിലെ 3600 ടണ്‍ സ്വര്‍ണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം

ലഖ്‌നൗ : യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ സ്വര്‍ണ ഖനി സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്തുവിട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 3600 ടണ്‍ സ്വര്‍ണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) അറിയിച്ചു. അത്തരത്തില്‍ ഒരു കണ്ടെത്തലും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും ഉത്തര്‍പ്രദേശ് മൈനിംഗ് വകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

സ്വര്‍ണനിക്ഷേപത്തിന്റെ വിഭാഗത്തില്‍ പെടുത്താവുന്ന 52,806.25 ടണ്ണോളം അയിരിന്റെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാല്‍ അവിടുത്തെ ഒരു ടണ്ണില്‍നിന്ന് 3.03 ഗ്രാം സ്വര്‍ണമാണു വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുക. അങ്ങനെയാണെങ്കില്‍ തന്നെ ഈ പ്രദേശത്തെ അയിരില്‍നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് വെറും 160 കിലോ സ്വര്‍ണം മാത്രമാണ്. വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട മൂവായിരം ടണ്ണിന്റെ അവകാശവാദം തെറ്റാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

സോന്‍ഭദ്ര ജില്ലയില്‍ മൂവായിരം ടണ്ണോളം സ്വര്‍ണനിക്ഷേപമുണ്ടെന്നാണ് ജില്ലാ മൈനിംഗ് ഓഫീസര്‍ കെ.കെ. റായി കഴിഞ്ഞദിവസം പറഞ്ഞത്. സോന്‍ഭദ്രയിലെ സോന്‍പഹാഡിയില്‍ 2943 ടണ്ണിന്റെയും ഹാര്‍ഡിയില്‍ 646.16 കിലോയും സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്നായിരുന്നു റായിയുടെ അവകാശവാദം.

ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 626 ടണ്‍ സ്വര്‍ണശേഖരമുണ്ട്. പുതിയതായി കണ്ടെത്തിയ സ്വര്‍ണശേഖരം ഈ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നുമായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇതിനെയെല്ലാം നിഷേധിച്ചാണ് ജിഎസ്ഐയുടെ റിപ്പോര്‍ട്ട്.

സോന്‍ഭദ്രയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനുള്ള ജോലികള്‍ 1992-93-ല്‍ സെന്‍ട്രല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. സോന്‍ഭദ്രയിലെ സ്വര്‍ണനിക്ഷേപം കണ്ടെത്താന്‍ ബ്രിട്ടീഷുകാരാണ് ആദ്യം ശ്രമമാരംഭിച്ചത്. 8133 ടണ്‍ സ്വര്‍ണ നിക്ഷേപമുള്ള അമേരിക്കയാണ് ലോകത്ത് ഒന്നാംസ്ഥാനത്തുള്ളത്. ജര്‍മനിക്ക് 3366 ടണ്‍ സ്വര്‍ണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button