Latest NewsNewsIndia

ഡൽഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയിൽ കയ്യാങ്കളി; സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു; അവസാനം പൊട്ടിക്കരച്ചിൽ

ന്യൂഡൽഹി: ഡൽഹിയിൽ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാർലമെന്റിൽ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ഭരണപക്ഷ നിരയിലേക്ക് അടുത്ത ഹൈബി ഈഡൻ, ഗൗരവ് ഗോഗോയി എന്നിവരെ ഭരണപക്ഷ എം പി മാർ പിടിച്ച് തള്ളി.

രമ്യ ഹരിദാസ് എം പിയെ ബിജെപി എംപി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.

ഡൽഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികൾ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാൻ രാജ്യസഭയിൽ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡൻ എന്നിവര്‍ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോൾ മുഖം മറയ്ക്കുന്ന രീതിയിൽ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. ലോക്സസഭയിലാകട്ടെ നടപടി നീട്ടിക്കൊണ്ട് പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പ്ലക്കാഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു.

ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാൻ അടക്കം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാൻ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികൾ നിര്‍ത്തിവക്കുകയായിരുന്നു. ലോക്സഭയിൽ ബഹളം വച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button