KeralaLatest NewsIndia

പരോളിന് രാഷ്ട്രീയം നോക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ശിക്ഷാവിധി തടവുകാരെ വായിച്ചു മനസ്സിലാക്കിക്കാനും അപ്പീല്‍ സമര്‍പ്പിക്കാനും നിയമ സഹായ ക്ലിനിക്കിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണം.

തിരുവനന്തപുരം: ജീവപര്യന്തം ഉള്‍പ്പെടെ വിവിധ ശിക്ഷാകാലയളവ് ഒരുമിച്ച്‌ അനുഭവിച്ച്‌ 14 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് അവരുടെ സ്വഭാവം മുന്‍നിര്‍ത്തി ശിക്ഷാ ഇളവ് നല്‍കുന്ന കാര്യം ജയില്‍ ഉപദേശക സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി.ഇക്കാര്യത്തില്‍ യാതൊരു വേര്‍തിരിവും കാണിക്കരുതെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.പരോള്‍ അനുവദിക്കുന്നതിന് കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ തടവുകാര്‍ക്കും തുല്യപരിഗണന നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ജയില്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജുഡീഷ്യല്‍ അംഗം പി. മോഹനദാസും നിര്‍ദ്ദേശം നല്‍കിയത്.തടവുകാരുടെ പരാതികള്‍ അയക്കുന്നതിന് നിയമ സഹായ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവും നല്‍കണം. ശിക്ഷാവിധി തടവുകാരെ വായിച്ചു മനസ്സിലാക്കിക്കാനും അപ്പീല്‍ സമര്‍പ്പിക്കാനും നിയമ സഹായ ക്ലിനിക്കിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണം.

തടവുകാര്‍ക്ക് മുടങ്ങി കിടക്കുന്ന വസ്ത്ര വിതരണം പുനരാരംഭിക്കണം.
തടവുകാരുടെ സിവില്‍, സര്‍വീസ് ഇനത്തിലുള്ള കേസുകള്‍ നടത്താന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സേവനം ഉറപ്പാക്കാനുള്ള ചുമതല നിയമസഹായ ക്ലിനിക്കിന് നല്‍ണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ ജയിലിനുള്ളില്‍ ലഹരിവസ്തുക്കള്‍, പണം, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ ഉദ്യോഗസ്ഥരോ മറ്റുള്ളവരോ മുഖേന കടത്താതിരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നിയമ നടപടി സ്വീകരിക്കണം.

ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയും ജയില്‍ മേധാവിയും രണ്ട് മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശമുണ്ട്. തടവുകാര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നല്‍കാനും അഭിരുചിക്കനുസരിച്ച്‌ ഇതര തൊഴില്‍ പരിശീലനം കൃത്യനിഷ്ടയോടെ നല്‍കാനും നടപടിയെടുക്കണം. തടവുകാര്‍ക്ക് ലഹരിമുക്തി, സല്‍സ്വഭാവരൂപീകരണം, സാങ്കേതിക പരിജ്ഞാനം തുടങ്ങിയവ നല്‍കാന്‍ സ്ഥിരം ക്ലാസ്സുകള്‍ നല്‍കണം.ജനുവരി 9 നാണ് കമ്മീഷന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയത്.

പരോള്‍ ലഭിക്കുന്നില്ലെന്നാണ് തടവുകാര്‍ പൊതുവെ ഉന്നയിച്ച പരാതി. വിവിധ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെയുള്ള വിവിധ ശിക്ഷാ കാലയളവ് ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവുണ്ടായിട്ടും 14 വര്‍ഷം കഴിഞ്ഞിട്ടും ജയില്‍മോചിതരാക്കുന്നില്ലെന്ന് തടവുകാര്‍ പരാതിപ്പെട്ടു. 29 വര്‍ഷമായി ജയിലില്‍ കിടക്കുന്ന തടവുകാരെ കമ്മീഷന്‍ കണ്ടു. ഇംഗ്ലീഷ് അറിയാത്തതിനാല്‍ തടവുകാര്‍ക്ക് ശിക്ഷാവിധി വായിച്ച്‌ മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button