Latest NewsKeralaNews

ദേവനന്ദയുടെ മരണം; ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്, സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം ചോദ്യം ചെയ്യും

കൊല്ലം: കൊല്ലം ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു

പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം പോലീസ് ചോദ്യംചെയ്യും. കുട്ടിയുടെ അമ്മയില്‍നിന്നും വരുംദിവസങ്ങളില്‍ പോലീസ് കൂടുതല്‍ വിവരശേഖരണം നടത്തും. മുങ്ങിമരണമാണെന്ന് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ബന്ധുക്കളും നാട്ടുകാരം ഒരേ സ്വരത്തില്‍ പറയുന്നത് കുട്ടിയെ ആരോ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നതും. എന്നാല്‍ അതിനിടയില്‍ അപ്പൂപ്പന്റെ സഹോദരനെ സംശയിക്കുന്നുവെന്ന് വ്യാജ പ്രചരണവും നടന്നു. ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന സംശയങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് പോകില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീടിന്റെ പുറകില്‍ തുണി അലക്കുകയായിരുന്ന അമ്മയുടെ അടുത്തുപോയി തിരികെ വീട്ടിനുള്ളിലേക്ക് കയറിയ കുട്ടിയെ 15 മിനിറ്റിനുള്ളിലാണ് കാണാതായത്. ഈ സമയംകൊണ്ട് കുട്ടി ആറ്റുതീരത്ത് എത്താനിടയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button