KeralaLatest NewsNews

കൊറോണ ജാഗ്രതയില്‍ സംസ്ഥാനം വീഴ്ചവരുത്തി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ രോഗത്തെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 26നു തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പരിശോധനകളും ജാഗ്രതയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യമാണിപ്പോഴുള്ളതെങ്കിലും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.

സിംഗപ്പൂര്‍, കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കര്‍ശനമായി പരിശോധിക്കണമെന്നും 14 ദിവസം നിരീക്ഷണത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 26ന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ, സംസ്ഥാന ആരോഗ്യ വകുപ്പ് ആ നിര്‍ദ്ദേശം പാടെ ആവഗണിച്ചു. മാര്‍ച്ച് രണ്ടാം തീയതിമുതല്‍ മാത്രമാണ് കേരളം ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവരെ പരിശോധിക്കാനും നിരീക്ഷിക്കാനും തുടങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ നിന്നുതന്നെ ഇത് വ്യക്തമാണ്. ഇറ്റലിയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുകയാണ് എന്ന് ഫെബ്രുവരി 26 നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസം കൊണ്ട് ഇരുപത്തിയഞ്ച് ശതമാനം വര്‍ദ്ധനവാണ് ആ തീയതിയില്‍ അവിടെ ഉണ്ടായത്. ഇതേ തീയതിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിയില്‍ നിന്നും വരുന്നവരെ 14 ദിവസം ക്വാറന്‍ടൈന്‍ ചെയ്യണമെന്നും ഉത്തരവിറക്കിയത്. എന്നാല്‍ ആദ്യ കൊറോണ റിപ്പോര്‍ട്ട് ചെയ്തശേഷം, അതിനെ പരാജയപ്പെടുത്തിയെന്ന ആഘോഷത്തിലായിരുന്നു സര്‍ക്കാര്‍. മറ്റുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്ന തിരക്കില്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം വരുത്തുകയാണുണ്ടായത്.

ഫെബ്രുവരി 29നാണ് ഇറ്റലിയില്‍ നിന്നുള്ളവര്‍ വിമാനത്താവളത്തിലെത്തിയത്. അന്നുതന്നെ കര്‍ശനമായ പരിശോധനകളും ചോദ്യംചെയ്യലുമെല്ലാം ഉണ്ടായിരുന്നെങ്കില്‍ രോഗം പടരുന്ന സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു. സര്‍ക്കര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് മാര്‍ച്ച് രണ്ടിനുമാത്രമാണ്.

പൊതുപരിപാടികളും ഉത്സവങ്ങളുമടക്കം എല്ലാം നിയന്ത്രിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതത്യാവശ്യവുമാണ്. സിനിമാതീയറ്ററുകളും അടച്ചിട്ടിരിക്കുന്നു. എന്നാല്‍ ഇത് ബാറുകള്‍ക്ക് ബാധകമാക്കാത്തത് വിരോധാഭാസമാണ്. കൂടുതല്‍ ആളുകളൊത്തുചേരുന്ന ഇടങ്ങളാണ് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും. എല്ലായിടത്തും കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ബാറുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം നടപടികളിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button