KeralaLatest NewsIndia

വിമാനത്താവളങ്ങളിലെ ചുമതല എസ് പി തലത്തിലെ ഉദ്യോഗസ്ഥര്‍ക്ക്; അതിര്‍ത്തി കടന്നെത്തുന്ന എല്ലാ ട്രെയിനുകളും വാഹനങ്ങളും പരിശോധിക്കും

ധാരാളം യാത്രക്കാര്‍ എത്തുന്ന സ്ഥലം എന്ന നിലയില്‍ കൊച്ചി വിമാനത്താവളത്തില്‍ കൊച്ചി റെയ്ഞ്ച് ഡി.ഐ.ജി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എസ്.പി തലത്തിലുള്ള ഓഫീസര്‍മാരെ നിയോഗിച്ചു. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്നത് ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ ആയിരിക്കും. എസ്.എ.പി കമാണ്ടന്‍റ് കെ.എസ്. വിമല്‍ മാര്‍ച്ച്‌ 16 വരെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ചുമതല വഹിക്കും.

തുടര്‍ന്ന് വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് ഡി.ശില്‍പ്പയ്ക്കായിരിക്കും ചുമതല. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയേയും കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് ഓപ്പറേഷന്‍സ് വിഭാഗം എസ്.പി ചൈത്ര തെരേസ ജോണിനേയും കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്ക് കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്‍റ് നവനീത് ശര്‍മ്മയേയും നിയോഗിച്ചു.ധാരാളം യാത്രക്കാര്‍ എത്തുന്ന സ്ഥലം എന്ന നിലയില്‍ കൊച്ചി വിമാനത്താവളത്തില്‍ കൊച്ചി റെയ്ഞ്ച് ഡി.ഐ.ജി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഈ ഉദ്യോഗസ്ഥര്‍ ഡി.എം.ഒ ഉള്‍പ്പെടെയുള്ള ആരോഗ്യവിഭാഗം ജീവനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതാത് പ്രദേശത്തെ ഡിവൈ.എസ്.പിമാര്‍ ഈ ചുമതല നിര്‍വ്വഹിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കര്‍ശനമായി പരിശോധിക്കും.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് പോലീസ് പരിശോധനകള്‍ നടത്തുക. കോവിഡ്19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടാന്‍ എല്ലാ വിഭാഗത്തിലേയും പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

ആരോഗ്യവകുപ്പിനോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബിനെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങളുമായി ചേര്‍ന്നായിരിക്കും പോലീസ് പ്രവര്‍ത്തിക്കുക.വിവിധ ട്രെയിനുകളില്‍ കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരെ അതിര്‍ത്തി പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തന്നെ പരിശോധിക്കുന്നതാണ്. അത്തരം സ്റ്റേഷനുകളില്‍ നിര്‍ത്താത്ത ട്രെയിനുകളിലെ യാത്രക്കാരെ ട്രെയിന്‍ കേരളത്തില്‍ നിര്‍ത്തുന്ന ആദ്യത്തെ സ്റ്റേഷനില്‍ തന്നെ പരിശോധിക്കും.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍, ഒരു ഹെല്‍ത്ത് വോളന്‍റിയര്‍ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികള്‍ വീതം പരിശോധിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ഓഫീസര്‍മാരുടെ സേവനം മുഴുവന്‍ സമയവും ഉറപ്പാക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിക്കുന്ന മെഡിക്കല്‍ സംഘത്തിന് സുരക്ഷ ഒരുക്കേണ്ടതും ഡിവൈ.എസ്.പിമാരുടെ ചുമതലയാണ്.കേരളത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള മേല്‍നോട്ടം അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. അത്തരം പരിശോധനാകേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്ക് നല്‍കും.

അവരുടെ നേതൃത്വത്തില്‍ രണ്ടു പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് പരിശോധന നടത്തുക. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തേണ്ടത്. കടലിലൂടെ യാത്രക്കാര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് സുരക്ഷ നല്‍കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനും ജനമൈത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്ന്, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങി നല്‍കുന്നതിന് ജനമൈത്രി പോലീസും പഞ്ചായത്ത് വോളന്‍റിയര്‍മാരും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button