KeralaLatest NewsNews

കൊറോണ വൈറസിന് വാക്സിന്‍ തയ്യാറായോ? ഡോ.മനോജ്‌ വെള്ളനാട് എഴുതുന്നു

ആദ്യകാല വാക്സിനുകൾക്കു ശേഷം, പരീക്ഷണങ്ങൾ ധാർമ്മികതയിലൂന്നി മാത്രം നടത്തണമെന്ന രീതികൾ വന്നതിനു ശേഷം ആദ്യമായാണ് എലികളിലൊന്നും പരീക്ഷിക്കാതെ ഒരു വാക്സിൻ മനുഷ്യനിൽ നേരിട്ട് പരീക്ഷിക്കുന്നത്. അത് Covid19-ന് എതിരെയാണ്.

SARS-CoV2 എന്ന യഥാർത്ഥ പേരുള്ള നമ്മുടെ ഈ കൊവിഡ്-19-നെതിരേ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ കഴിഞ്ഞദിവസം അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു. അവിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) ഗവേഷകരുമായി ചേർന്ന് ബയോടെക്നോളജി കമ്പനിയായ മോഡേണയാണ് mRNA-1273 എന്ന ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. സിയാറ്റിലിലെ Kaiser Permanente Washington Health Research Institute -ലാണ് പരീക്ഷണം നടക്കുന്നത്.

ഈ വാക്സിൻ കാരണം COVID19 രോഗം വരില്ല. മാത്രമല്ല മറ്റ് ചില വാക്സിനുകളുടെ കാര്യത്തിലെന്നപോലെ ഇതിൽ ഈ വൈറസ് അപ്പാടെ അടങ്ങിയിട്ടുമില്ല. പകരം mRNA എന്ന ചെറിയ ജനിതക കോഡ് മാത്രമാണതിലുള്ളത്. Covid19 വൈറസിൽ നിന്ന് mRNA വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ വികസിപ്പിച്ചതാണീ വാക്സിൻ.

mRNA എന്നു പറഞ്ഞാൽ കോശങ്ങളിൽ ഒരു നിശ്ചിതജോലി ചെയ്യേണ്ട പ്രോട്ടീനുകളെ കോഡ് ചെയ്തിരിക്കുന്ന ജനിതക പദാർത്ഥമാണ്. കൊറോണ വൈറസിന് മനുഷ്യകോശങ്ങളിലേക്ക് കടക്കുന്നതിന് സഹായിക്കുന്ന “സ്പൈക്ക് പ്രോട്ടീൻ” ഉണ്ടാക്കുന്ന mRNA ആണ് ഈ വാക്സിനിൽ ഉള്ളത്. COVID-19 ന്റെ ശരീരത്തിലെ പ്രവേശനം തന്നെ തടയുന്ന ഈ വാക്സിൻ ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യഘട്ട പരീക്ഷണത്തിനായി ആരോഗ്യമുള്ള 45 മുതിർന്നവരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് വാക്സിനേഷന്റെ രണ്ട് ഷോട്ടുകൾ വീതം നൽകും. 28 ദിവസത്തിൻ്റെ ഇടവേളകൾ രണ്ടുഡോസുകൾക്കിടയിൽ ഉണ്ടാകും. വാക്സിൻ്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തും.

ഈ പരീക്ഷണ വാക്സിൻ സ്വീകരിക്കാൻ ആദ്യമായി മുന്നോട്ട് വന്ന വ്യക്തിയാണ് 43 കാരിയായ ജെന്നിഫർ ഹെല്ലർ. അവരെപ്പോലെ 45 മനുഷ്യർ! മനുഷ്യരാശിയുടെ വളർച്ച ഇതുപോലെ ത്യാഗികളായവരുടെ തോളിൽ ചവിട്ടി നിന്നുകൊണ്ടാണെന്നത് നമ്മൾ ഈ അവസരത്തിലെങ്കിലും ഓർക്കേണ്ടതാണ്. പരീക്ഷണത്തിന് തയ്യാറായ 45 പേർക്കും ബിഗ് സല്യൂട്ട്.

“നമുക്ക് അതിവേഗത്തിൽ‌ ഈ രോഗത്തിനെതിരെ ഒരു വാക്സിൻ‌ ലഭിക്കുമെന്നും അതിലൂടെ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ‌ കഴിയുമെന്നും ജനങ്ങൾ‌ക്ക് എത്രയും വേഗം അവരവരുടെ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ‌ കഴിയുമെന്നും ഞാൻ‌ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടിയാണ് ഞാനും..” ജെന്നിഫർ ഹെല്ലറുടെ വാക്കുകളാണ്.

ആദ്യം സൂചിപ്പിച്ച പോലെ മനുഷ്യനിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് mRNA-1723 വാക്സിൻ എലികളിലോ മറ്റോ പരീക്ഷിച്ചിട്ടില്ല. ഇത് അപൂർവ്വങ്ങളിൽ അപൂർവമായ സംഭവമാണ്. നിലവിലെ സാഹചര്യത്തിന്റെ കാഠിന്യവും അടിയന്തിര സ്വഭാവവും കണക്കിലെടുത്താണിങ്ങനെ. അതേസമയം ഇതിൻ്റെ ധാർമ്മികതയെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരീക്ഷണത്തെയും ചോദ്യം ചെയ്യുന്നവരും ശാസ്ത്ര സമൂഹത്തിൽ തന്നെയുണ്ട്. അതിൽ ശരിയുമുണ്ട്.

അമേരിക്കയിൽ മാത്രമല്ലാ, ചൈനയിലും കൊറോണയ്ക്കെതിരായ വാക്സിൻ പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും വായിച്ചു. മാത്രമല്ലാ, ആസ്ട്രേലിയയിൽ Covid19- നെതിരെയുള്ള ആൻ്റിവൈറൽ മരുന്നുകളുടെ ഗവേഷണവും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

ചിലപ്പോൾ ഇതൊന്നും വിജയിച്ചെന്ന് വരില്ലാ. എന്നാലും നോക്കൂ, ശാസ്ത്രമെത്ര വേഗതയിലാണ് കാര്യങ്ങൾ നീക്കുന്നതെന്ന്. ചൈനയിൽ കണ്ടെത്തിയ പുതിയ വൈറസിൻ്റെ ജനിതക സീക്വൻസിംഗ് ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി, അതിലൂടെ വൈറസിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റുകളും കണ്ടെത്തി ലോകരാജ്യങ്ങൾക്ക് നൽകിയതുകൊണ്ടാണ് ഇന്ന് Covid19 സാന്നിധ്യം നമ്മളിത്ര വേഗം തിരിച്ചറിയുന്നത് തന്നെ. ഒരു 30 വർഷം മുമ്പാണെങ്കിൽ ഇതത്ര എളുപ്പമാകുമായിരുന്നില്ല. ശാസ്ത്രലോകമതിൻ്റെ പണി ഭംഗിയായി ചെയ്യുന്നതിൻ്റെ ഉദാഹരണമാണത്.

കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ? അതോ വാക്സിൻ പഠനമൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും Covid19, അതിൻ്റെ അവതാരലക്ഷ്യമൊക്കെ പൂർത്തിയാക്കി സ്വയം സുഷുപ്തിയിലേക്ക് പോകുമോ? മറ്റൊരിക്കൽ മറ്റൊരു രൂപത്തിൽ മറ്റൊരിടത്ത് വീണ്ടും അവതരിക്കുമോ? ഒന്നുമിപ്പോൾ പറയാനാവില്ല. കാത്തിരുന്ന് കാണേണ്ടതാണ്..

വാക്സിൻ ഒരു പ്രതീക്ഷയാണ്. പക്ഷെ, നമുക്കത് കാത്തിരുന്ന് കാണണമെങ്കിൽ നിലവിൽ WHO-യും സർക്കാരും പറയുന്നത് അനുസരിച്ചേ പറ്റൂ. പകർച്ചവ്യാധികളെ ശാസ്ത്രീയമായ അറിവുകളും മരുന്നും വാക്സിനും കൊണ്ടുമാത്രം ചെറുക്കാനാവില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ പൗരബോധവും കൂടി ഉണ്ടെങ്കിലേ അവിടെ നമ്മൾ വിജയിക്കൂ.

ശാസ്ത്രമതിൻ്റെ ജോലി തുടരട്ടെ. നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം ‘ബ്രേക് ദി ചെയ്ൻ’ തന്നെയാണ്. അതിനായി ഒപ്പം നിൽക്കുക. സഹകരിക്കുക.

എഴുതിയത്
ഡോ: മനോജ് വെള്ളനാട്

(ഡോ: മനോജ് വെള്ളനാട് ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

https://www.facebook.com/infoclinicindia/photos/a.1071896289594881/2773742242743602/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button