Latest NewsKeralaNews

ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറായ അങ്ങയുടെ മഹാമനസ്‌കതയ്ക്ക് അഭിവാദ്യങ്ങള്‍ ; സക്കറിയയ്ക്ക് മറുപടിയുമായി വി മുരളീധരന്‍

കൊച്ചി: എഴുത്തുകാരന്‍ സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് താങ്കളെ പോലെ തരംതാഴാന്‍ എനിക്കാവില്ലെന്ന് സൂചിപ്പിച്ചാണ് മുരളീധരന്റെ പ്രതികരണം. ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറായ അങ്ങയുടെ മഹാമനസ്‌കതയ്ക്ക് അഭിവാദ്യങ്ങള്‍ എന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാര്യക്ഷമത ഉറപ്പാക്കാന്‍ കാര്‍ക്കശ്യം വേണ്ടയിടങ്ങളില്‍ അത് ഉപയോഗിക്കുക തന്നെ ചെയ്യും, അതിന് ഉദ്യോഗസ്ഥരെ വര്‍ഗീയ വാദികളായി നിങ്ങള്‍ മുദ്ര കുത്തിയാലും അത് വെറും അധര വ്യായാമമായി അവശേഷിക്കുകയേയുള്ളൂയെന്നും പ്രവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍, മതത്തെ ആയുധമാക്കിയുള്ള താങ്കളുടെ എഴുത്തിന്റെ ശൈലി അതിഗംഭീരം. വെറുതെയല്ല, പൗരത്വ പ്രക്ഷോഭ പ്രസംഗകരുടെ മുന്‍നിരയില്‍ താങ്കള്‍ ചിരപ്രതിഷ്ഠനായതെന്ന് മനസിലാക്കാന്‍ ഇത് ധാരാളമെന്നും അദ്ദേഹം പറയുന്നു.

സ്വന്തം വാദങ്ങളില്‍ കഴമ്പില്ലാതാകുമ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് താങ്കളേപ്പോലെ തരം താഴാന്‍ എനിക്കാവില്ല, എന്റെ രാജ്യം എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന സംസ്‌കാരവും താങ്കള്‍ ഇട്ട മറുപടിയുടെ നിലവാരത്തിലല്ല. അതു കൊണ്ട്, ഇസ്ലാമിക തീവ്രവാദത്തിന് ആവോളം വായ്ത്താരി പാടിക്കൊള്ളൂയെന്നും അദ്ദേഹം പറയുന്നു.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പ്രിയപ്പെട്ട സക്കറിയ,

താങ്കളുടെ അസഹിഷ്ണുതയുടെ കാരണങ്ങള്‍ അക്കമിട്ട് വ്യക്തമാക്കിയതില്‍ ഏറെ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തില്‍, ജനാധിപത്യ മതേതര ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ് പ്രിയപ്പെട്ട പോള്‍ സക്കറിയ… അങ്ങനെയല്ല ഇന്ത്യയുടെ പോക്കെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വായനക്കാരുടെ കയ്യടി കിട്ടാത്തതിനും, അത് ചോദിച്ചു വാങ്ങേണ്ട സാഹചര്യം താങ്കള്‍ക്കുണ്ടായതിനും ഞാനെങ്ങനെ ഉത്തരവാദിയാകും? ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറായ അങ്ങയുടെ മഹാമനസ്‌കതയ്ക്ക് അഭിവാദ്യങ്ങള്‍. മത സര്‍വ്വാധിപത്യത്തിന് ശ്രമിക്കുന്നതാരെന്ന് പൗരത്വ പ്രക്ഷോഭത്തിനിടെയുയര്‍ന്ന മുദ്രാവാക്യങ്ങളിലുണ്ടായിരുന്നത് അങ്ങ് കേള്‍ക്കാതെ പോയതാണോ?

കാര്യക്ഷമത ഉറപ്പാക്കാന്‍ കാര്‍ക്കശ്യം വേണ്ടയിടങ്ങളില്‍ അത് ഉപയോഗിക്കുക തന്നെ ചെയ്യും, അതിന് ഉദ്യോഗസ്ഥരെ വര്‍ഗീയ വാദികളായി നിങ്ങള്‍ മുദ്ര കുത്തിയാലും അത് വെറും അധര വ്യായാമമായി അവശേഷിക്കുകയേയുള്ളൂ. താങ്കള്‍ സഞ്ചരിച്ച രാജ്യങ്ങളുടെ മതം നോക്കി സുരക്ഷാ പരിശോധന നടത്തിയെന്ന് പറഞ്ഞ് തടിതപ്പാന്‍ നോക്കേണ്ട. യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് സമര്‍ത്ഥമായി ചര്‍ച്ചയെ വഴിതിരിച്ചുവിടാന്‍ എഴുത്തുകാരന്റെയത്ര ഭാവനയില്ലെങ്കിലും, കണ്ടാല്‍ മനസിലാക്കാനുള്ള ബുദ്ധിയുണ്ട്. താങ്കളുടെ വരികള്‍ക്കിടയിലെ കൗശലം മനസിലാക്കി തന്നെയാണ് മറുപടി തരാമെന്ന് വച്ചതും.

നിയമത്തിനും നടപടികള്‍ക്കും മുന്നില്‍ ഞാനും നിങ്ങളും തുല്യരാണ്, അതാണ് ഭരണഘടന ഉറപ്പുതരുന്നതും. പ്രത്യേക പരിഗണനയൊന്നും ആഗ്രഹിക്കാത്ത വ്യക്തിയാണ് താങ്കളെന്ന് പറഞ്ഞത് ആത്മാര്‍ത്ഥമായാണെങ്കില്‍, അഭിനന്ദനങ്ങള്‍! കേരളത്തില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന എഴുത്തുകാരനെ, ഉത്തരേന്ത്യയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അതുപോലെ തിരിച്ചറിയണമെന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് മനസിലായിട്ടും വിഭജന ചിന്ത വിട്ടുമാറിയിട്ടില്ലാത്ത താങ്കളുടെ മനസ് ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന വിഭജനത്തിലേക്കും വര്‍ഗീയതയിലേക്കും കൂപ്പുകുത്തുകയാണ്. താങ്കളുടെ ഈ ചിന്താഗതിക്ക് അടിയന്തരമായി സ്വയം ചികിത്സ അനിവാര്യമാണ്; അല്ലെങ്കില്‍ താങ്കള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്നുറപ്പ്. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് മുമ്പ് ഇക്കാര്യമൊന്ന് ഉറപ്പാക്കുക.

പ്രവാസികളെ തെറ്റിദ്ധരിപ്പിക്കാന്‍, മതത്തെ ആയുധമാക്കിയുള്ള താങ്കളുടെ എഴുത്തിന്റെ ശൈലി അതിഗംഭീരം. വെറുതെയല്ല, പൗരത്വ പ്രക്ഷോഭ പ്രസംഗകരുടെ മുന്‍നിരയില്‍ താങ്കള്‍ ചിരപ്രതിഷ്ഠനായതെന്ന് മനസിലാക്കാന്‍ ഇത് ധാരാളം. ഇസ്‌ളാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്ന് നടന്ന റിക്രൂട്ട്‌മെന്റിനെ കേന്ദ്ര സര്‍ക്കാരും ബിജെപിയും മെനഞ്ഞ കഥയെന്ന് ആവര്‍ത്തിച്ചവരുടെ പക്ഷം ചേര്‍ന്ന താങ്കള്‍ അക്കാര്യത്തിലെ വസ്തുത പുറത്തുവന്നത് ഇതുവരെ അറിഞ്ഞില്ലേ? അതില്‍ രണ്ട് പെണ്‍കുട്ടികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാന്‍ കാത്തിരിക്കുന്നു. ഇനിയും ഉറക്കെ പറയൂ, ഇസ്‌ളാമിക തീവ്രവാദത്തിന് കേരളത്തില്‍ വേരുകളില്ലെന്ന് !
കഷ്ടം തന്നെ സക്കറിയ, സ്വന്തം വാദങ്ങളില്‍ കഴമ്പില്ലാതാകുമ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക് താങ്കളേപ്പോലെ തരം താഴാന്‍ എനിക്കാവില്ല, എന്റെ രാജ്യം എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന സംസ്‌കാരവും താങ്കള്‍ ഇട്ട മറുപടിയുടെ നിലവാരത്തിലല്ല. അതു കൊണ്ട്, ഇസ്ലാമിക തീവ്രവാദത്തിന് ആവോളം വായ്ത്താരി പാടിക്കൊള്ളൂ…. സ്വദേശത്തും വിദേശത്തും കയ്യടി നേടിക്കൊള്ളൂ… അപ്പോഴും, നമ്മുടെ രാജ്യത്ത് സത്യവും മിഥ്യയും അറിയുന്ന ജനങ്ങളുണ്ടെന്ന് മറക്കാതിരുന്നാല്‍ താങ്കള്‍ക്ക് കൊള്ളാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button