KeralaLatest NewsNews

പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാൽ കർശന നടപടി : നിലപാട് കടുപ്പിച്ച് പോലീസ്

തിരുവനന്തപുരം•സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് എല്ലാ അർഥത്തിലും കൃത്യമായി നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇങ്ങനെ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാ റാങ്കിലെയും പോലീസ് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തിൽപ്പെട്ടവർ പോലീസ് നൽകുന്ന പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്. ജില്ലാ പോലീസ് മേധാവിമാരാണ് പാസ് നൽകുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുൾപ്പെടെയുളള ആശുപത്രി ജീവനക്കാർ, ഡാറ്റാ സെന്റർ ഓപ്പറേറ്റർമാരും ജീവനക്കാരും, മൊബൈൽ ടവറുമായി ബന്ധപ്പെട്ട ജീവനക്കാർ, സർക്കാർ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും, കോവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, പാല്, പത്ര വിതരണ ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, ഭക്ഷ്യ- പലചരക്ക് കടകൾ, പെട്രോൾ പമ്പ്, പാചകവാതക വിതരണം മുതലായ മേഖലകളിലെ തൊഴിലാളികൾ, സ്വകാര്യ മേഖലയുൾപ്പെടെയുളള സുരക്ഷാ ജീവനക്കാർ എന്നിവർക്കാണ് പാസ് നൽകുന്നത്. സർക്കാർ ജീവനക്കാർക്കും മാധ്യമ പ്രവർത്തകർക്കും അവരുടെ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ് മതിയാകും.
സ്വകാര്യ വാഹനങ്ങൾ മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാനുളള യാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം യാത്രകളിൽ ഏറ്റവും കുറച്ച് യാത്രക്കാരെമാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button