Latest NewsNewsInternational

കൊറോണ വൈറസ് പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറായി ട്രം‌പ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ കൊറോണ വൈറസ് പ്രതിസന്ധിയുടെ അവസാനമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. സാമൂഹിക അകലം വേഗത്തില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൊവ്വാഴ്ച ആഹ്വാനം ചെയ്തു.

സാമൂഹിക അകലവും ലോക്ക്ഡൗണും അവസാനിപ്പിച്ച് തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ട്രംപ്, കൊവിഡ്-19 ന്റെ ആഘാതം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ബാധിച്ചുവെന്നും, ഒരു രക്ഷാ പാക്കേജിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുകയും ചെയ്തു.

നമ്മുടെ രാജ്യം അടച്ചുപൂട്ടാനല്ല നിര്‍മ്മിച്ചിരിക്കുന്നത്. ഒരു രാജ്യത്തെ മുഴുവന്‍ അടച്ചുപൂട്ടിയാല്‍ ആ രാജ്യം നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഫോക്സ് ന്യൂസില്‍ പറഞ്ഞു. ‘രാജ്യം തുറന്ന് ഈസ്റ്ററിനെ സ്വീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തുരങ്കത്തിന്‍റെ അവസാനത്തില്‍ വെളിച്ചം കാണാനാകും,’ ട്രംപ് പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ വിശ്വാസികളെക്കൊണ്ട് പള്ളികള്‍ നിറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഭൂരിഭാഗവും സാമൂഹിക അകലം പാലിക്കല്‍, സ്വയം ഒറ്റപ്പെടല്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ക്ക് സ്റ്റേ ഹോം ഉത്തരവുകള്‍ നല്‍കിയിട്ടുമുണ്ട്. അത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ പെട്ടെന്ന് നിര്‍ത്തിയ പോലെയായി.

ചൊവ്വാഴ്ച പുറത്തിറക്കിയ ഇപ്സോസ്/ആക്സിയോസ് (Ipsos/Axios) വോട്ടെടുപ്പില്‍ 74 ശതമാനം അമേരിക്കക്കാരും വലിയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയതായും, 48 ശതമാനം പേര്‍ യാത്രാ പദ്ധതികള്‍ റദ്ദാക്കിയതായും വിമാനത്താവളങ്ങള്‍ വിജനമായതായും കണ്ടെത്തി.

അടച്ചുപൂട്ടലില്‍ ഏറ്റവും വലിയ നഷ്ടം വന്നത് ട്രം‌പിന്റെ പ്രചാരണത്തിനാണ്. ട്രംപിന് രാജ്യമെമ്പാടുമുള്ള വലിയ റാലികളുടെ നിരന്തരമായ പരമ്പരകള്‍ തന്നെ നിര്‍ത്തിവെക്കേണ്ടി വന്നു.

അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന വൈറസില്‍ നിന്ന് മാരകമായേക്കാവുന്ന അസുഖങ്ങള്‍ തടയുന്നതിനുള്ള അടിസ്ഥാനമായി ആരോഗ്യ വിദഗ്ധര്‍ ഉപദേശിച്ച നടപടികളില്‍ പെട്ടതാണ് സാമൂഹിക അകലം പാലിക്കല്‍. മാര്‍ച്ച് 16 നാണ് ഭരണകൂടം 15 ദിവസം ഒറ്റപ്പെടല്‍ അല്ലെങ്കില്‍ സാമൂഹിക അകലം പാലിക്കല്‍ പ്രഖ്യാപിച്ചത്. ഈ കാലയളവ് അടുത്ത ആഴ്ച ആദ്യം അവസാനിക്കുകയാണ്.

കൊറോണ വൈറസ് മരണങ്ങളോടുള്ള പ്രതികരണം ആനുപാതികമല്ലാത്തതാണെന്ന് ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കി. പിന്നീട്, പ്രശസ്ത പകര്‍ച്ചവ്യാധി വിദഗ്ധനായ ആന്‍റണി ഫൗസിക്കൊപ്പം പത്രസമ്മേളനത്തില്‍ ട്രംപ് തന്‍റെ ഈസ്റ്റര്‍ ലക്ഷ്യത്തില്‍ നിന്ന് പിന്മാറി.

അടച്ചുപൂട്ടലില്‍ നിന്ന് പിന്മാറുന്ന ബിസിനസുകള്‍ക്കും സാധാരണ അമേരിക്കക്കാര്‍ക്കും ആശുപത്രികള്‍ക്കുമായി ഏകദേശം 2 ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും കുറേ ദിവസങ്ങളായി ബില്ലിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും ഇരുകൂട്ടരും പാക്കേജ് കരാറിനെ പിന്തുണയ്ക്കുകയാണെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റിലെ സ്റ്റോക്ക് വില കുതിച്ചുയരാന്‍ സഹായകമായി.

അമേരിക്കന്‍ ഐക്യനാടുകളില്‍ കൊവിഡ്-19 ബാധയേറ്റ് 700 ല്‍ അധികം ആളുകള്‍ മരിച്ചു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 54,000 ന് അടുത്താണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ നിരീക്ഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കേസുകളില്‍ മൂന്നാമത് അമേരിക്കയാണ്. ചൈനയ്ക്കും ഇറ്റലിക്കും പിന്നിലാണിത്.

ട്രംപിന്‍റെ നിരന്തരമായ ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നിട്ടും, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ സംസ്ഥാനത്തെയും രാജ്യത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലേയും വൈറസ് ബാധ പിടിപെട്ടവരുടെ എണ്ണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.

‘ആരെന്തു പറഞ്ഞാലും ഞങ്ങള്‍ ഇതിനെ നിസ്സാരവത്ക്കരിക്കില്ല. കാരണം, വൈറസിന്റെ ത്വരിത വ്യാപനം ഞങ്ങളെ ആശങ്കയിലാക്കുന്നു,’ എന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ പറഞ്ഞത്. രോഗത്തിന്‍റെ വ്യാപനത്തെ ബുള്ളറ്റ് ട്രെയിനുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്.

തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം താല്‍ക്കാലികമായി തകര്‍ക്കപ്പെട്ടതോടെ, കൊറോണ വൈറസ് വിപത്തിനെ നാടകീയമായ ഒരു തിരിച്ചുവരവ് കഥയാക്കി മാറ്റാന്‍ ട്രംപ് ഇപ്പോള്‍ ശ്രമിക്കുന്നത്. നവംബറില്‍ അദ്ദേഹത്തെ രണ്ടാം തവണയും വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണം. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുതിന് മുമ്പ് രണ്ടാം തിരിച്ചുവരവിനുള്ള പ്രചാരണത്തിലെ പ്രധാന അവകാശവാദങ്ങളിലൊന്ന് ശക്തമായ സമ്പദ്‌വ്യവസ്ഥയായിരുന്നു. അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഈസ്റ്ററിന്റെ പേരില്‍ കൊവിഡ്-19നും ലോക്കൗട്ടും നിസ്സാരവത്ക്കരിച്ചത് വ്യാപകമായ പ്രതിഷേധത്തിനും വഴിവെച്ചു.

‘ഒരു ബോയിംഗ് നഷ്ടപ്പെടുത്താന്‍ നമുക്ക് കഴിയില്ല, ഈ കമ്പനികളില്‍ ചിലത് ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്താനും കഴിയില്ല. അങ്ങനെ വന്നാല്‍ നമുക്ക് നഷ്ടമാകുന്നത് ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും ജോലികളാണ്. അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കും,’ വൈറ്റ് ഹൗസില്‍ നിന്നുള്ള വാര്‍ത്താ പ്രക്ഷേപണത്തില്‍ അദ്ദേഹം പറഞ്ഞു

-മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button