KeralaLatest NewsNews

ഇപ്പോഴത്തെ അവസ്ഥ ഇതേപോലെ തുടരുകയാണെങ്കില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാവും ; അസുഖത്തെ നമുക്ക് എങ്ങനെയെങ്കിലും ചികിത്സിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാം, അസുഖത്തിനൊപ്പം ദാരിദ്ര്യം കൂടി വന്നാല്‍ സ്ഥിതി എവിടേക്ക് പോകും

ലോക്ക് ഡൗണ്‍ കാലത്തെ അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ച് ഒമര്‍ ലുലു എഴുതിയ കുറിപ്പ് വൈറലാകുകയാണ്. എല്ലാവരെയും പോലെ താനും ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുകയാണെന്നും സിനിമയെ കുറിച്ചുള്ള തിരക്കിനിടയിലാണ് കൊറോണയും ലോക്ക് ഡൗണും വന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും അതിന് പ്രധാന കാരണം ഭാര്യയും മകനും മകളും ഭാര്യയുടെ മാതാപിതാക്കളും ദുബായില്‍ ആണെന്നും ഒമര്‍ പറയുന്നു.

ദുബായില്‍ ബിസിനസ് ഉണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കുടുംബം അവിടെയായതിന്റെ ടെന്‍ഷന്‍ ഉണ്ട്. നമുക്ക് അങ്ങോട്ട് പോകാനും പറ്റില്ലല്ലോ. രോഗം അവിടെ എത്രത്തോളം പടര്‍ന്നിട്ടുണ്ടെന്ന വിവരം ഇപ്പോഴും വ്യക്തമല്ല. ലേബര്‍ ക്യാമ്പുകളിലെയൊക്കെ സാഹചര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും എത്തിയിട്ടില്ല. ആളുകള്‍ ഭയപ്പെടേണ്ട എന്ന് കരുതിയാവും എന്നും സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഇവിടുത്തേത് പോലെയുള്ള ലോക്ക് ഡൌണേ അവിടെയുമുള്ളൂ എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ എത്ര നാള്‍ ഇങ്ങനെ പോകാനാവും എന്നതാണ്. വാടക കൊടുക്കണമല്ലോ. പണം കൈയില്‍ നിന്ന് ഇട്ട് എത്രനാള്‍ വാടക കൊടുക്കാന്‍ കഴിയും? ബിസിനസ് ഒക്കെ അടച്ചിട്ടിരിക്കുന്നതിനാല്‍ വരുമാനം ഉണ്ടാവുന്നില്ലല്ലോ. അതേസമയം വാടക കൊടുത്തുകൊണ്ടിരിക്കുകയും വേണം. ചെറുകിട ബിസിനസ് ഒക്കെ നടത്തുന്നവരാണെങ്കില്‍, ജോലിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മിനിമം ശമ്പളമെങ്കിലും കൊടുക്കണം. ഇപ്പോഴത്തെ അവസ്ഥ ഇതേപോലെ തുടരുകയാണെങ്കില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാവും.. അതേക്കുറിച്ചൊക്കെ ആലോചിച്ചുള്ള ടെന്‍ഷനുണ്ട്. ഇത് എന്ന് മാറും എന്ന് അറിയില്ലല്ലോ. സത്യം പറഞ്ഞാല്‍ നല്ല പേടിയുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.

കോവിഡ് 19 മലയാള സിനിമയില്‍ സൃഷ്ടിക്കുന്ന സ്വാധീനം എന്തായിരിക്കുമെന്നും ഞാന്‍ ഈ ദിവസങ്ങളില്‍ ആലോചിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി മാറിയാല്‍ വലിയ സിനിമകള്‍ക്ക് പിന്നെയും സ്‌പേസ് കിട്ടും. പക്ഷേ ചെറിയ സിനിമകളെ ഇത് ദോഷകരമായി ബാധിക്കും. ഞാനൊക്കെ ചെയ്യുന്ന സിനിമകളില്‍ വലിയ താരങ്ങളൊന്നും ഉണ്ടാവില്ലല്ലോ. അങ്ങനെയുള്ള സിനിമകള്‍ക്ക് വലിയ പ്രശ്‌നമായിരിക്കും ഇനി. കാരണം തീയേറ്ററുകളും റിലീസ് ഡേറ്റും ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. തീയേറ്റര്‍ കിട്ടിയാലും പ്രതിസന്ധി അവസാനിക്കില്ല എന്ന ആളങ്കയും അദ്ദേഹം പങ്കുവെക്കുന്നു.

മലയാളസിനിമ ഇപ്പോള്‍ അത്യാവശ്യം നല്ല അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിഭാഗക്കാര്‍ക്കും അത്യാവശ്യം നല്ല പ്രതിഫലം എന്ന നിലയിലെത്തിയിരുന്നു. ഡെയ്‌ലി ബാറ്റക്കാര്‍ക്ക് അടക്കം. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നതും ദിവസ വേതനക്കാരാണ്. താരങ്ങളെയൊക്കെ സംബന്ധിച്ച് ഒരുപക്ഷേ ഇതൊരു ഒഴിവുകാലം പോലെ ആയിരിക്കാം. പക്ഷേ ദിവസേനയുള്ള ചെറിയ വരുമാനം കൊണ്ട് അന്നന്നത്തെ ചെലവ് നടന്നുപോകുന്ന ഒരു വലിയ വിഭാഗം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥ അവര്‍ക്ക് ഇരുട്ടടിയാണ്.

ലക്ഷങ്ങളും കോടികളുമൊക്കെ ചിലവഴിച്ച് പണിഞ്ഞ പള്ളികളും അമ്പലങ്ങളുമൊക്കെ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. കോടികളുടെ ആസ്തികളും അവയുമായി ബന്ധപ്പെട്ടുണ്ട്. നാടിന്റെ ക്ഷേമത്തിനായി അതിലെ ഒരു വിഹിതം സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്നും ദൈവത്തിനുവേണ്ടി സ്വത്ത് കൂട്ടിവെച്ചിട്ട് കാര്യമില്ലെന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മള്‍ മനസിലാക്കേണ്ടതല്ലേ? അതേസമയം വിശ്വാസികള്‍ വീടുകളിലിരുന്നും പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചികിത്സയ്ക്കും ക്വാറന്റൈനിനുമൊക്കെയായി ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബന്ധപ്പെട്ടവര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായാല്‍ അതും ഒരു നന്മയുടെ ഒരു കാഴ്ച ആയേനെ. എന്നും അദ്ദേഹം പറയുന്നു.

അമേരിക്കയില്‍ ടെക്‌സാസില്‍ തന്റെ ഒരു സുഹൃത്ത് അവിടെ തോക്ക് വില്‍പ്പനശാലകള്‍ക്ക് മുന്നിലുള്ള നീണ്ട ക്യൂവിനെപ്പറ്റിയാണ് വിളിച്ചപ്പോള്‍ പറഞ്ഞത്. രോഗാവസ്ഥ നീണ്ടുനിന്നാല്‍ ഉണ്ടാകാവുന്ന സാമൂഹികമായ അസ്വസ്ഥതകളെ ഭയന്നാണ് ഇത്. അസുഖത്തെ നമുക്ക് എങ്ങനെയെങ്കിലും ചികിത്സിക്കുകയോ നിയന്തിക്കുകയോ ഒക്കെ ചെയ്യാം. അസുഖത്തിനൊപ്പം ദാരിദ്ര്യം കൂടി വന്നാല്‍ സ്ഥിതി എവിടേക്ക് പോകും എന്നത് പേടിപ്പെടുത്തുന്ന ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button