Latest NewsIndia

പോലീസ് പല തവണ മുന്നറിയിപ്പു കൊടുത്തിട്ടും വഴങ്ങാതെ തബ് ലീഗ് ജമാ അത്തെ നേതൃത്വം, ഒടുവിൽ അജിത് ഡോവല്‍ നേരിട്ടിറങ്ങി എല്ലാവരെയും ഒഴിപ്പിച്ചു

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്‍മാര്‍ കാട്ടിയത് ഗുരുതരവീഴ്ചകള്‍.തബ് ലീഗ് ജമാ അത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശവും അവഗണിച്ച്‌ മര്‍ക്കസില്‍ തുടര്‍ന്നപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടിറങ്ങി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നിസാമുദ്ദീനിലെ ബംഗേളവാലി മസ്ജിദ് കൂടി ഉള്‍പ്പെടുന്ന തബ് ലിഗി ജമാഅത്ത് മര്‍ക്കസില്‍ നിന്നു ആള്‍ക്കാര്‍ ഒഴിയണമെന്ന് പോലീസ് പലതവണ നിര്‍ദേശം നല്‍കിയിട്ടും മതപണ്ഡിതര്‍ ഇതിനു കൂട്ടാക്കിയില്ല.

കൊറോണ വൈറസ് വ്യാപിക്കുമെന്നും സ്ഥിതി ഗുരുതരമാകുമെന്നും അതിനാല്‍ മതസമ്മേളനം അവസാനിപ്പിച്ച്‌ മര്‍ക്കസ് ഒഴിപ്പിക്കണമെന്നുമാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടത്.ഇതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാര്‍ച്ച്‌ 28ന് വൈകിട്ട് ഈ വിഷയത്തില്‍ ഇടപെട്ടത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് വിഷയത്തില്‍ ഇടപെടാനും ഉടന്‍ തന്നെ എല്ലാവരേയും പുറത്താക്കി ആവശ്യമായവരെ എല്ലാം നിരീക്ഷണത്തില്‍ ആക്കാനും അമിത്ഷാ നിര്‍ദേശിക്കുകയായിരുന്നു.

തുടർന്ന് 28ന് രാത്രി ഒരു മണിയോടെ ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി നേതാക്കളോട് വിഷയം അവതരിക്കുകയായിരുന്നെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ മര്‍ക്കസ് ഒഴിഞ്ഞില്ലെങ്കില്‍ സേനയുടെ സഹായത്തോടെ ഒഴിപ്പിക്കുമെന്നു ഡോവല്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. കൊറോണ പരിശോധനകള്‍ക്കായി ആരോഗ്യവിഭാഗം പ്രവര്‍ത്തകരെ അകത്തുകയറാന്‍ തബ് ലീഗ് നേതാക്കള്‍ അനുവദിച്ചില്ല. സമ്മേളനത്തിന് ശേഷവും ആയിരക്കണക്കിന് തബ് ലീഗ് നേതാക്കള്‍ രണ്ടാഴ്ചയോളം മര്‍ക്കസില്‍ തന്നെ താമസം തുടരുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്രപേര്‍ വന്നു എന്ന കണക്കുപോലും അധികൃതര്‍ക്ക് കൈമാറിയില്ല..

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉടന്‍ വൈറസ് ടെസ്റ്റിനു വിധേയരാവണമെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകാനും ഡോവല്‍ നിര്‍ദേശിച്ചു. തെലങ്കാനയിലെ കരിംനഗറില്‍ ഒമ്ബത് ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷമാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രസര്‍ക്കാരിനു ബോധ്യമായത്.വിഷയം സങ്കീര്‍ണ്ണമായതോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന് നേരിട്ട് ഇടപെടേണ്ടി വന്നത്.

തബ് ലീഗ് മത നേതാവ് മൗലാനാ സാദിനോട് മര്‍ക്കസില്‍ നിന്ന് ഒഴിയണമെന്ന് ഡല്‍ഹി പോലീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലിസിന്റെ അപേക്ഷയും മുന്നറിയിപ്പും മൗലാനാ സാദ് തള്ളിയതിനെ തുടര്‍ന്നാണ് അജിത് ഡോവല്‍ വിഷയത്തില്‍ ഇടപെട്ടത്.ഏറ്റെടുത്ത് ദൗത്യം പൂര്‍ത്തിയാക്കുക എന്ന കര്‍മ്മനിരതയക്ക് പേരുകേട്ട ഡോവല്‍ ബന്‍ഗ്ലേവാലീ മസ്ജിദ് എന്ന് വിളിക്കുന്ന തബ് ലീഗ് കേന്ദ്രത്തിലേക്ക് നേരിട്ട് ചെന്ന സമയമാണ് എല്ലാവരേയും ഞെട്ടിച്ചത്. അതിരാവിലെ 2 മണിക്ക് ഡോവലിന്റെ വാഹനം എത്തി. ഒപ്പം സായുധ സേനയുടെ പ്രത്യേക ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഏതാനും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു.

ഡോവലിന്റെ കൃത്യമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കാതെ മൗലാന സാദ് കുഴങ്ങി. മുന്നേ തന്നെ മത സമ്മേളനത്തിന് എത്തിയ ഇന്തോനേഷ്യന്‍ സംഘത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്ന വിവരം മൗലാനാ സാദിനും ഡോവലിനും പരസ്പരം അറിയാമായിരുന്നു എന്ന് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. മാര്‍ച്ച്‌ 18ന് കരിംനഗറിലെത്തിയ വിദേശ പൗരന്മാരില്‍ 9 പേരുടെ ഫലം പോസിറ്റീവാണെന്ന വിവരത്തിന്റെ ഗൗരവം ഡോവല്‍ വ്യക്തമാക്കിയതോടെയാണ് തബ് ലീഗ് നേതാക്കള്‍ അടങ്ങിയത് . മര്‍ക്കസില്‍ തബ് ലീഗിനായി ജനുവരി 1 മുതല്‍ എത്തിയ മുഴുവന്‍ വിദേശ പൗരന്മാരുടെ വിവരങ്ങളും ശേഖരിച്ചു.

20 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഇവര്‍ യാത്ര ചെയ്തു എന്നാണ് വിവരം. എല്ലാവരും വിസ നിയമംലംഘിച്ചതായും ആഭ്യന്തര വകുപ്പ് തബ് ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി.ഡോവലിന്റെ ഇടപെടലിനു ശേഷമാണ് സമ്മേളനത്തിന് എത്തിയവരെ ആശുപത്രിയില്‍ ആക്കാനും പള്ളി അണുവിമുക്തമാക്കാനും മര്‍ക്കസ് അധികൃതര്‍ തയാറായത്.രോഗലക്ഷണമുള്ള 441 പേരെ മസ്ജിദില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി. മതസമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. നിലവില്‍ ഡല്‍ഹിയില്‍ 216 വിദേശികളാണുള്ളതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് വിഷയം സങ്കീര്‍ണ്ണമാക്കി .ഭൂരിഭാഗം പേരും ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ആഭ്യന്തര വകുപ്പിന്റെ കണക്കില്‍ 2000 പേരാണ് സമ്മേളനത്തിനായി പലസമയത്തായി ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ തബ് ലീഗ് ആ കണക്കുകള്‍ മറച്ചുവച്ചു. മതപ്രചാരണത്തിനായി വിസനല്‍കില്ലെന്നതിനാല്‍ എല്ലാവരും വിനോദസഞ്ചാര വിസ തരപ്പെടുത്തിയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.ഇത് വിസാ ചട്ടലംഘനമാണെന്നതിനാല്‍ എല്ലാവരും കുറ്റക്കാരാണെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് ഇനി ഇവര്‍ക്ക് പ്രവേശനാനുമതി നല്‍കാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button