KeralaLatest NewsNews

ഇത്തരമൊരു രീതി പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനശൈലിയായിരിക്കുകയാണ്; പ്രഖ്യാപനങ്ങളുടെ നാടകീയതയിലും പ്രചാരണത്തിലും മാത്രമാണ് കണ്ണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ന് രാത്രി 9 മണിക്ക് ലൈറ്റ് ഓഫ് ആക്കി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വിമർശനവുമായി ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ, വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ഇന്ത്യാ രാജ്യത്തെ മുഴുവൻ ആളുകളും ഞൊടിയിടനേരംകൊണ്ട് എല്ലാ വൈദ്യുതി വിളക്കുകളും ഓഫാക്കിയാൽ വൈദ്യുതി ഗ്രിഡിലെ സപ്ലൈ ഡിമാൻഡ് ക്രമീകരണങ്ങൾ തകരാറിലാവുകയും, പലയിടങ്ങളിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധാഭിപ്രായമെന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.

Read also: കോവിഡിനെ തുരത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയ്ക്കാന്‍ 9 മണിയും 9 മിനിറ്റ് നേരവും തെരഞ്ഞെടുത്തതിനു പിന്നില്‍ സംഖ്യാശാസ്ത്രം പറയുന്നു… 9 അത്ര നിസാരക്കാരനല്ല എന്ന്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞാൻ മാത്രമല്ല, കേരളമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയനുസരിച്ച് ദീപം തെളിയിക്കാൻ ഉണ്ടാകും. എന്നാൽ, വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ഇന്ത്യാ രാജ്യത്തെ മുഴുവൻ ആളുകളും ഞൊടിയിടനേരംകൊണ്ട് എല്ലാ വൈദ്യുതി വിളക്കുകളും ഓഫാക്കിയാൽ വൈദ്യുതി ഗ്രിഡിലെ സപ്ലൈ ഡിമാൻഡ് ക്രമീകരണങ്ങൾ തകരാറിലാവുകയും, പലയിടങ്ങളിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ധാഭിപ്രായം. സിപിഎം പോളിറ്റ് ബ്യൂറോയും ഇതിനെക്കുറിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഇന്നലെ ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റിനു കീഴിൽ 5000 സംഘികളെങ്കിലും വന്ന് പതിവു തെറികൾ വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വിളക്കുകളല്ലേ ഓഫാക്കാൻ പറഞ്ഞുള്ളൂ എന്നാണ് പലരുടെയും പ്രസ്താവന. ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ, കാള പെറ്റൂവെന്ന് അദ്ദേഹം പറഞ്ഞാൽ കയറുമെടുത്ത് ഓടുന്നവരാണ് നിങ്ങളെന്ന് ഇതിനു മുമ്പ് നടത്തിയ ആഹ്വാനത്തിൽ രാജ്യം കണ്ടതാണല്ലോ. ഇപ്പോൾ തന്നെ ദീപം കൊണ്ട് തൃപ്തി വരാതെ വൈറസ് രാക്ഷസനെ കത്തിക്കാൻ ഒരുക്കിവച്ചിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടു. എല്ലാ വൈദ്യുതി ദീപങ്ങളും അണയ്ക്കാൻ എളുപ്പമാർഗ്ഗം മെയിൻസ്വിച്ച് ഓഫാക്കലാണ്. അങ്ങനെ എല്ലാവരും ഒരുമിച്ച് മെയിൻസ്വിച്ച് ഓഫാക്കിയാൽ ഗ്രിഡ് തകരുമെന്നകാര്യം ഉറപ്പാണ്. കെഎസ്ഇബിയുടെ നിർദ്ദേശം, മെയിൻസ്വിച്ച് ഓഫാക്കരുത്. 9 ന് മുമ്പ് ഒന്നിനു പുറകെ ഒന്നായി വിളക്കുകൾ ഓഫാക്കണം. 9 മണി 5 മിനിറ്റ് കഴിഞ്ഞ് ഒന്നൊന്നായി ഓൺ ചെയ്യണമെന്നുമാണ്.

പൊടുന്നനെയുണ്ടാകുന്ന വൈദ്യുതി ഡിമാൻഡിലെ കുറവിന് നേരത്തെ തയ്യാറെടുപ്പുണ്ടെങ്കിൽ സാങ്കേതിക പ്രതിവിധികളുണ്ട്. ചില സംസ്ഥാനങ്ങളിൽ ലോഡ്ഷെഡ്ഡിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വൈദ്യുതി ഉൽപ്പാദനം ആ സമയത്ത് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിതരണശൃംഖലയിൽ ആവശ്യമായ ജാഗ്രതയും ക്രമീകരണങ്ങളും വരുത്തുന്നുണ്ട്. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് വൈദ്യുതി ദീപങ്ങൾ അണയ്ക്കാനുള്ള പ്രഖ്യാപനം വന്നതെന്നാണ് ആക്ഷേപം. രാജ്യത്തെ വൈദ്യുതി മന്ത്രിമാരിൽ നിന്നും വിദഗ്ധരിൽ നിന്നുമാണ് ആക്ഷേപങ്ങൾ ഉയർന്നത്. അതിനെ തുടർന്നാണ് ഈ ക്രമീകരണങ്ങൾക്ക് നിർദ്ദേശമുണ്ടായത്. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ സർക്കുലർ വന്നത് (ചിത്രം നോക്കുക). ഇത്തരമൊരു രീതി പ്രധാനമന്ത്രിയുടെ പ്രവർത്തനശൈലിയായിട്ടുണ്ട്. അതിനെ വിമർശിക്കാതെ വയ്യ. കാരണം രാജ്യം ഇങ്ങനെയുള്ള തീരുമാനങ്ങൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നിട്ടുള്ളത്.

എന്റെ ഫെയ്സ്ബുക്ക് പേജിൽ സംഘി വെട്ടുകിളികളുടെ ആക്രമണങ്ങൾക്ക് തുടക്കംകുറിച്ചത്, പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ അത് ഭ്രാന്താണെന്ന് ഞാൻ പ്രസ്താവിച്ചതിനു ശേഷമാണ്. ഇപ്പോൾ സംഘികൾ എന്തു പറയുന്നു?

അതല്ലെങ്കിൽ സമീപകാലത്തുണ്ടായ മറ്റൊരു സംഭവം പറയാം. കഴിഞ്ഞ വർഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിച്ച് രണ്ടുമാസം തികയും മുമ്പ് സാമ്പത്തിക ഉത്തേജനത്തിനെന്നു പറഞ്ഞ് കോർപ്പറേറ്റുകൾക്ക് ഒന്നരലക്ഷം കോടി രൂപ നികുതയിളവ് നൽകിയത് കോർപ്പറേറ്റുകളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. അവർപോലും ഇത് ആവശ്യപ്പെട്ടിരുന്നില്ല. പ്രധാനമന്ത്രി അമേരിക്കയിൽ എത്തുമ്പോഴേയ്ക്കും സാമ്പത്തിക ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം വേണം. ഇന്ന് കേന്ദ്രബജറ്റ് ഇത്രമാത്രം ഇന്ന് അവതാളത്തിലായിട്ടുണ്ടെങ്കിൽ അതിനൊരു പ്രധാന കാരണം വീണ്ടുവിചാരമില്ലാത്ത ഈ പ്രഖ്യാപനം കൊണ്ടാണെന്നതിൽ സംശയമുണ്ടോ?

ഏറ്റവും അവസാനമായി ലോക്ക്ഡൗൺ പ്രഖ്യാപനമെടുക്കൂ. ഇത് അനിവാര്യമാണെന്നതിൽ തർക്കമില്ല. പക്ഷെ, ഭരണാധികാരി ബന്തവസിലാകുന്ന ജനങ്ങൾക്ക് മിനിമം ഭക്ഷണസൗകര്യമെങ്കിലും ഏർപ്പെടുത്തണ്ടേ? അത് ചെയ്യാത്തതിന്റെ ഫലമായി ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ തകിടം മറിക്കുന്ന രീതിയിൽ അതിഥി തൊഴിലാളികൾ കൂട്ടപ്പാലായനം ചെയ്തു.

ഇന്ന്, ഇപ്പോൾ വിളക്കുകളൊക്കെ അണയ്ക്കുവാനും ദീപങ്ങൾ തെളിയിക്കാനും ആഹ്വാനം ചെയ്യുമ്പോൾ പാലിക്കേണ്ട ജാഗ്രതകളെക്കുറിച്ച് പരാമർശിക്കണ്ടേ? അത് ഉണ്ടായില്ല. പ്രഖ്യാപനങ്ങളുടെ നാടകീയതയിലും പ്രചാരണത്തിലും മാത്രമാണ് കണ്ണ്. ഇതാണ് വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button