News

കേരളത്തിലെ കോവിഡ് പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് 19 പരിശോധന സംവിധാനങ്ങൾ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ദിവസത്തിനുള്ളിൽ പുതിയ നാലു ലാബുകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും ഓരോ ലാബുകൾ ഇത്തരത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ പരിശോധന നടത്തുന്നതിന് അനുമതി നൽകി ഉത്തരവായിട്ടുണ്ട്. കർണാടക അതിർത്തിയിലെ പ്രശ്‌നം കാരണം ചികിത്‌സ കിട്ടാതെ ഒരാൾ കൂടി മരണമടഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ അടിയന്തരചികിത്‌സ ആവശ്യമുള്ളവരെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. കാസർകോട് നിന്ന് രോഗികളെ കേരളത്തിലെ മറ്റ് ആശുപത്രികളിലേക്ക് ആകാശമാർഗം എത്തിക്കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരളത്തിൽ വ്യാഴാഴ്ച 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാലു പേർ വീതം കണ്ണൂർ, കാസർകോട് ജില്ലകളിലും രണ്ടു പേർ മലപ്പുറത്തും ഓരോരുത്തർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമുള്ളവരാണ്. 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതിൽ ആറു പേർ എറണാകുളത്തും മൂന്നു പേർ കണ്ണൂരും രണ്ടു പേർ വീതം ഇടുക്കി, മലപ്പുറം ജില്ലകളിലുമുള്ളവരാണ്. നിലവിൽ 258 പേരാണ് ആശുപത്രികളിൽ ചികിത്‌സയിലുള്ളത്. സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ള 7.5 ശതമാനം പേരും 20 വയസിൽ താഴെയുള്ള 6.9 ശതമാനം പേരുമാണ് ചികിത്‌സയിലുള്ളത്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. യു. എ. ഇയിൽ ഒരു ദശലക്ഷത്തിലധികം മലയാളി പ്രവാസികളുണ്ട്. ഇവിടത്തെ ഗുരുതരമായ സ്ഥിതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇവരുടെ പ്രശ്‌നം സംബന്ധിച്ച് നോർക്ക എംബസിക്ക് കത്തയച്ചിരുന്നു. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യ പരിപാലന ചെലവ് വർധിച്ച സാഹചര്യത്തിൽ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്ത് മാത്രം മുന്നോട്ടു പോകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ടിനായി അനുവാദം നൽകണമെന്നും സംസ്ഥാനത്തിന്റെ വായ്പാപരിധി അഞ്ച് ശതമാനമായി ഉയർത്തണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമാണത്തിനുമായി പുറത്തെ ഏജൻസികളിൽ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാന വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button