KeralaLatest NewsNews

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കള്ളന്‍ വേഷം ; നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കള്ളന്‍ വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒരു മാസത്തോളം മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു.

ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ട് മറ്റൊരിടത്തും ഇത് പോലെ ആവര്‍ത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്. രാത്രി ഏഴുമണിയോടെയാണ് ഇയാള്‍ കള്ളനെന്ന പോലെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് നടന്നതെന്ന് പൊലീസ് പറഞ്ഞു. വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികള്‍ മുഴുവന്‍ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തുപോലും ജനങ്ങള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടിക്കാന്‍ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വിനോദന്റെ നിര്‍ദ്ദേശപ്രകാരം കള്ളനെ പിടിക്കാന്‍ ആളുകള്‍ പുറത്തിറങ്ങിയില്ല.

ഇതേസമയം റോഡില്‍ ആളുകളെ കാണാതെ ഇരുന്നപ്പോള്‍ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. അതേസമയം കുളിമുറിയിലേക്കു വന്ന സ്ത്രീ ഇയാളെക്കണ്ട് ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും സിസിടിവി ചിത്രങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button