KeralaLatest NewsNews

കോവിഡ് 19 തിരിച്ചെത്തുന്ന വിദേശ മലയാളികളുടെ സുരക്ഷയ്ക്കായി മള്‍ട്ടി ബെഡ് കൊറോണ കെയര്‍ സെന്ററുകള്‍

കൊല്ലം • കോവിഡ് 19 സമ്പൂര്‍ണ നിയന്ത്രണം ലക്ഷ്യമിട്ട് നാടിനു വേണ്ടി വിദേശത്ത് വിയര്‍പ്പൊഴുക്കിയ പ്രവാസികളായ മലയാളികള്‍ തിരിച്ചു വരുമ്പോള്‍ അവരെ നിരീക്ഷിക്കുന്നതിന് വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തിയിട്ടുള്ളത്. തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ തിരുവനന്തപുരം, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയായിരിക്കും പ്രധാനമായും എത്തുന്നത്. സമൂഹ വ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് എത്തുന്ന യാത്രികര്‍ക്ക് അവിടെയുള്ള കൊറോണ കെയര്‍ സെന്ററുകളില്‍ തന്നെ പ്രവേശനം നല്‍കും. തുടര്‍ന്ന് അയല്‍ ജില്ലയായ കൊല്ലത്ത് പ്രവേശനം തുടരും. മികച്ച പരിചരണത്തിനായി ഒന്നിലധികം കിടക്കകളുള്ള സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, സത്രങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവ ഏറ്റെടുക്കുന്നതിന് നടപടിയായി.

ഒരേ പ്രദേശത്തു നിന്നും എത്തിയവരെ ഒരുമിച്ച് നിരീക്ഷണത്തിലാക്കുമ്പോള്‍ പരിചരണം, മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആശുപത്രിയിലേതുപോലെ ക്രമീകരിച്ചും കേന്ദ്രീകൃതമായും ചെയ്യാന്‍ കഴിയും. കൊറോണ കെയര്‍ സെന്ററുകളുടെ എണ്ണം 173 ആയി ഉയര്‍ത്തുകയും വ്യക്തിഗത പരിചരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 4,557 മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്.

നിലവില്‍ 11 സെന്ററുകളില്‍ 110 പേരാണ് പ്രത്യേക പരിചരണത്തിലുള്ളത്. പരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരേ സമയം 967 പേര്‍ക്ക് കിടക്ക സൗകര്യമുള്ള 20 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ചികിത്സാ സൗകര്യങ്ങളും ഒരുക്കും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും മൊത്തം പതിനായിരത്തിലധികം കിടക്ക സൗകര്യങ്ങള്‍ ഉള്‍പ്പെടെ തയ്യാറാണെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button