KeralaLatest NewsNews

ലോക്ക്ഡൗണ്‍ ഇളവ് : സര്‍വത്ര ആശയക്കുഴപ്പം; സ്വന്തം നാട് രാത്രിയിൽ ഹോട്സ്പോട്ടായത് അറിയാതെ നാട്ടുകാര്‍ തെരുവിലിറങ്ങി

തിരുവനന്തപുരം • കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ എഴ് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം നിയന്ത്രണങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് രാവിലെ കാണാനായത്.

ഉത്തരവുകള്‍ ഇറക്കിയത്തിലെ ആശയക്കുഴപ്പമാണ് വിനയായത്. നേരത്തെ തന്നെ ലോക്ക്ഡൗണ്‍ ഇളവുകളും ഇളവുകള്‍ ബാധകമാകുന്ന ജില്ലകളും ഏതൊക്കെയെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവും നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രിയാണ്‌ തിരുവനന്തപുരം ഉൾപ്പെടെ പ്രധാന നഗരങ്ങളെയെല്ലാം ആരോഗ്യ വകുപ്പ് ഹോട് സ്പോട്ടിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറിയിക്കാനും വൈകി. ഹോട്സ്പോട്ടുകളുടെ പട്ടിക മാധ്യമങ്ങള്‍ക്ക് ലഭിച്ചതും ഞായറാഴ്ച വൈകിയാണ്. ആശയക്കുഴപ്പം ഉണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും സമ്മതിച്ചു.

കോവിഡ് പ്രതിരോധമെല്ലാം തെറ്റിച്ച് ഇന്നത്തെ അവസ്ഥക്ക് കാരണം ഇളവുകൾ അനുവദിച്ച് വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ തുടങ്ങിയ പാളിച്ചകളാണ്. ഇളവുകൾ 20 ന് ശേഷമെന്ന് ഉത്തരവിന്റെ ഒരു ഭാഗത്ത് പറയുമ്പോൾ 20 മുതലെന്ന് മറ്റൊരു ഭാഗത്ത് പറയുന്നുണ്ട്. ഈ തെറ്റ് തിരുത്താൻ ഇന്നലത്തെ അവലോകന യോഗത്തിൽ തീരുമാനിച്ചതോടെ ചൊവ്വാഴ്ച തുടങ്ങുമെന്ന് നേരത്തെ പറഞ്ഞ് ഇളവുകൾ തിങ്കളാഴ്ച മുതാലാക്കി ഡി.ജി.പി പ്രഖ്യാപിച്ചു. വൈകിട്ട് 6.30ന് യാത്രയ്ക്ക് മാർഗരേഖ തുടങ്ങി പ്രഭാതനടത്തം പോലും അനുവദിച്ച് ചീഫ് സെക്രട്ടറിയും അറിയിപ്പിറക്കി.

ഇതിനെല്ലാം ശേഷമാണു തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളെ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് ഹോട്സ്പോട്ടുകള്‍ പ്രഖ്യാപിക്കുന്നത്. മന്ത്രിമാരും കലക്ടര്‍മാരും മുതല്‍ പോലീസ് മേധാവികള്‍ വരെ സ്വന്തം ജില്ലയിലെ ഹോട്സ്പോട്ടുകള്‍ അറിയുന്നത് രാത്രി 10 ന്.

സ്വന്തം നാട് രാത്രിയിൽ ഹോട്സ്പോട്ടായത് അറിയാതെയാണ് ഇളവുകൾ പ്രതീക്ഷിച്ച് നാട്ടുകാർ റോഡിലിറങ്ങിയത്. തിരുവനന്തപുരം നഗരത്തിൽ വലിയ തിരക്കാണു രാവിലെ അനുഭവപ്പെട്ടത്. സർക്കാർ ഇളവ് നൽകിയ വിഭാഗങ്ങളിലുള്ളവർ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലെത്തിയതോടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനും മലയിന്‍കീഴ് പഞ്ചായത്തും ഹോട് സ്പോട്ടാണെങ്കിലും പ്രധാന സ്ഥലങ്ങളിൽ വാഹനത്തിരക്ക് ഉണ്ടായി. ഓറഞ്ച് ബി വിഭാഗത്തിലായതിനാൽ തിരുവനന്തപുരം ജില്ലയിൽ ഇളവുകളുണ്ടെങ്കിലും ഹോട് സ്പോട്ടുകളിൽ നിയന്ത്രണം ബാധകമാണെന്നറിയാതെ തിരുവനന്തപുരം കോർപറേഷൻ മേഖലയിലേക്കു ജനങ്ങൾ കൂട്ടത്തോടെ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button