Latest NewsKeralaNews

കേരളം തിരിച്ചുവന്നത് കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിന്ന്, നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാതെയുള്ള ശ്രദ്ധയും തുടരണം : മുഖ്യമന്ത്രി

തിരുവനന്തപുരം :  കോവിഡ്19 പ്രതിരോധപ്രവർത്തനത്തിൽ കേരളം തിരിച്ചുവന്നത് കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിന്നാണെന്നും നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാതെയുള്ള ശ്രദ്ധയും തുടരണമെന്നും ഓർമപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ . ഒരുഘട്ടത്തിൽ ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനമെന്ന നിലയിലായിരുന്നു. ഒരാൾ 23 പേർക്ക് രോഗം പകർന്നു, അയാൾ പകർന്നവർ വഴി 12 പേർക്ക് രോഗം ലഭിച്ചു. അത്തരമൊരു അവസ്ഥയിൽ നിന്നാണ് ആശ്വസിക്കാവുന്ന നിലയിലേക്ക് വന്നത്. എന്നാൽ ആശ്വാസത്തിനുള്ള സമയം ആയിട്ടില്ല. ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല, കൂട്ടായ പ്രവർത്തനവും ഐക്യവും ഒരുമയും കൊണ്ടാണ് നാം കോവിഡിനെ നേരിട്ടത്.
ഏതു അടിയന്തിര സാഹചര്യവും നേരിടാൻ നാം തയാറാണ്. കാസർകോട് ജില്ലയുടെ അനുഭവം നാം ഓർക്കണം. രണ്ടുമാസം രോഗത്തോട് പടപൊരുതിയാണ് 169 പോസിറ്റീവ് കേസുകളിൽ 142 പേർ രോഗമുക്തരായത്. നാം സുരക്ഷിതരായ അവസ്ഥയിലെന്ന് തെറ്റിദ്ധരിക്കരുത്. നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കും എന്നുനാം ഓർക്കണം.

ഇളവുകൾ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ ഒരുപാട് നിരത്തിലിറങ്ങുന്നത് ആശ്വാസ്യമായ കാര്യമല്ല. ഇക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കും.വാഹന പരിശോധന ശക്തമായി തുടരും. ഹോട്ട്സ്പോട്ടുകളിൽ കുറച്ചുകൂടി തീവ്രമാക്കും. അതേസമയം, ചരക്കുഗതാഗതം തടസ്സപ്പെടുത്തുന്ന ഒരു ഇടപെടലും അനുവദിക്കില്ല. കയറ്റിറക്ക് തർക്കങ്ങളും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ പൊതുവായ കാര്യങ്ങൾ വിലയിരുത്തിയാണ് നിയന്ത്രണങ്ങൾ തുടരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ല. പൊതുഗതാഗതം അനുവദിക്കില്ല. ബാർബർ ഷോപ്പുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കാൻ അനുവദിക്കില്ല. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കാൻ അടുത്തു താമസിക്കുന്നവർക്ക് സ്വന്തം വാഹനത്തിൽ ഓഫീസുകളിലെത്താൻ അനുമതി നൽകും. അടുത്ത ജില്ലയിൽനിന്നായാൽ പോലും അനുവദിക്കേണ്ടിവരും.

Also read : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകളിൽ റെഡ് സോൺ ജില്ലകളിൽ ആവശ്യമായ ജീവനക്കാർ മാത്രം ഹാജരാകുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ അവരോട് ആവശ്യപ്പെടും. ലോക്ക്ഡൗണിനിടെ പൊന്നാനി ഹാർബറിൽ ഒരുമാസമായി ബോട്ടിൽ കുടുങ്ങിപ്പോയ മൂന്നു തൊഴിലാളികൾ ബോട്ടിൽ കഴിയുന്നനില ഒഴിവാക്കാൻ ഇടപെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരായ 50 കുട്ടികളും കുടുംബവും മൈസൂരുവിൽ തുടർചികിത്സയ്ക്ക് എത്തി കുടുങ്ങിയ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. ഡെൽഹിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് വീട്ടുടമകളുടെ ഭീഷണി എന്ന വാർത്തയിൽ ഇടപെട്ട് ഡെൽഹി സർക്കാരുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിക്കും.
മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

നദികളിലും ഡാമുകളിലും മഴ വരും മുമ്പ് എക്കൽ മാറ്റാൻ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റാമ്പ് വെണ്ടർമാരുടെ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ടുദിവസം ഇളവുകൾ നൽകും. ദൽഹിയിൽ നഴ്സുമാരുടെ മാനസിക സമ്മർദ്ദം പരിഹരിക്കാൻ കേരളഹൗസിൽ ഓഡിയോ, വീഡിയോ കോളിലൂടെ കൗൺസിലർമാരോട് സംസാരിക്കാൻ ഹെൽപ്പ് ലൈൻ ആരംഭിക്കും. 35 കൗൺസലർമാരുടെ സേവനം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ലഭിക്കും. രക്തദാനത്തിന് കൂടുതൽ പേർ മുന്നോട്ടുവരേണ്ടതുണ്ട്. എൻ.സി.സി, എൻ.എസ്.എസ് വോളണ്ടിയർമാരെയും മറ്റു സന്നദ്ധ സംഘടനകളെയും രക്തദാനത്തിന് ഉപയോഗിച്ച് ബ്ളഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തമെത്തിക്കാൻ നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും കോളനിയിൽ ആവശ്യമുണ്ടെങ്കിൽ പ്രത്യേകമായി പരിഗണിക്കും.
കേരളത്തിന് പുറത്തുനിന്ന് കടന്നുവരാൻ ഊടുവഴികളിലൂടെ ഉപയോഗിക്കുന്നത് തടയാൻ പരിശോധനകൾ വ്യാപകമാക്കും. പരിശോധനകളില്ലാതെ ഇത്തരത്തിൽ ആരുവരുന്നതും അപകടകരമാണ്.

Also read :  ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി; എല്ലാവരെയും സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി

ആരാധനാലയങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അതേനില തുടരണം. മത്സ്യലേലം സംബന്ധിച്ച തർക്കങ്ങളുണ്ടാകാതിരിക്കാൻ ലേലം സംബന്ധിച്ച പൊതുനിലപാട് തുടരാൻ എല്ലാവരും സന്നദ്ധരാകണം. കോവിഡ്19 ഭീഷണി പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതിനാൽ രോഗപ്രതിരോധത്തിൽ പുതിയ ശീലങ്ങൾ വളർത്തിയെടുക്കണം. ഇത് കുട്ടികളിൽനിന്ന് തുടങ്ങണം. പ്രതിരോധകുത്തിവെപ്പുകൾ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്മാ തെറാപ്പിയുടെ ട്രയൽ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. പി.പി.ഇ കിറ്റുകളും റാപ്പിഡ് ടെസ്റ്റ് കിറ്റും എൻ-95 മാസ്‌കുകളും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ബൈക്കപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച വർക്കല ഒറ്റൂർ സ്വദേശി എസ്. ശ്രീകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബാംഗങ്ങളുടെ മഹാമനസ്‌കതയെ ആദരിക്കുകയും അവരുടെ ദഃുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്‌ളോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഈ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണിത്. 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി ഗവേഷണം, രോഗനിർണയം എന്നിവയ്ക്ക് ആശയവിനിമയം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button