KeralaLatest NewsNews

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ മടക്കം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികളെ മടക്കികൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ ആയിരക്കണക്കിന് മലയാളികളുണ്ട്. അതില്‍ രോഗികളും അവശതയനുഭവിക്കുന്നവരുമുണ്ട്. അവരെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുമാണ്. അവരെയെല്ലാം കേരളത്തിലേക്ക് ഉടന്‍ മടക്കി കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ യാതൊരു താല്പര്യവും കേരളസര്‍ക്കാരിനില്ലന്നുവേണം മനസ്സിലാക്കാന്‍. ഇത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ അടിയന്തിരമായി സ്വന്തം നാട്ടിലെത്തിക്കുന്നതിന് കേരളസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അതിനായി അതാത് സംസ്ഥാനങ്ങളുമായി സംസാരിച്ച് വ്യവസ്ഥയുണ്ടാക്കുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ വ്യക്തമായ കണക്ക് സംസ്ഥാന സര്‍ക്കാരിലില്ല. അതിന്റെയടിസ്ഥാനത്തിലാണിപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം മടക്കികൊണ്ടുവരാന്‍ അടിയന്ത്ര നടപടികളുണ്ടാകണം.

വിവിധ സംസ്ഥാനങ്ങളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കിയയക്കുന്നത്. ഇത് കേരളത്തിന്റെ നേട്ടമായി ചിത്രീകരിച്ച് മേനിനടിക്കുന്നത് അല്പത്തമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യമൊട്ടുക്ക് കേന്ദ്രസര്‍ക്കാര്‍ നയപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായിട്രയിന്‍ ഓടിക്കുന്നത്. ആദ്യ ട്രെയിന്‍ തെലുങ്കാനയില്‍ നിന്നായിരുന്നു. കേരളം കത്തുനല്‍കിയിട്ടാണ് ട്രെയിന്‍ ഓടിയതെന്നാണ് കേരളസര്‍ക്കാരിന്റെ വാദം. കേന്ദ്രം ചെയ്തതെല്ലാം തങ്ങള്‍ ചെയ്തതാണെന്ന് പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനത്തില്‍ വീമ്പുപറയുന്നത് എട്ടുകാലിമമ്മൂഞ്ഞിനെ പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button