Latest NewsKeralaNews

വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ പാർപ്പിക്കാൻ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കി കോട്ടയം

കോട്ടയം: വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവരെ പാർപ്പിക്കാൻ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കി കോട്ടയം ജില്ല. ഇവര്‍ക്ക് പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വിദേശരാജ്യങ്ങളില്‍നിന്നുള്ള 13950 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 6200 പേരുമാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്. റവന്യൂ, പൊതുമരാമത്ത് (കെട്ടിട വിഭാഗം) വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു.

ഓരോ മേഖലയിലും ഐസൊലേഷന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിന് ചാര്‍ജ് ഓഫീസര്‍മാരെയും താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുസമ്പര്‍ക്കമില്ലാതെ കഴിയേണ്ടതുകൊണ്ടുതന്നെ ആറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുക.

വിദേശത്തുനിന്ന് എത്തുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രി നീരീക്ഷണത്തിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളജിലും കോട്ടയം ജനറല്‍ ആശുപത്രിയിലുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കുക. ഈ രണ്ടു കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ മതിയാകാതെ വന്നാല്‍ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button