KeralaLatest NewsNews

രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകൾ മുറിവുണ്ടാക്കുന്നു; പച്ചമാംസം ചുടുന്നതിന് തുല്യമായ വേദനയാണ്, എന്നിട്ടും പബ്ലിസിറ്റിയെന്ന് കുത്തുവാക്കുകളാണെന്ന് നന്ദു മഹാദേവ

താന്‍ ക്യാൻസറിനെ ആഘോഷമാക്കുകയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഓരോന്നും ചെയ്യുന്നതെന്നുമാണ് പലരും പറയുന്നതെന്ന് വ്യക്തമാക്കി നന്ദു മഹാദേവ. ഫേസ്ബുക്കിലൂടെയാണ് യുവാവ് ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകൾ തന്റെ ഹൃദയത്തെ മുറിവുണ്ടാക്കി കൊണ്ടിരിക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി ശരീരത്തിലെ ഓരോ അവയവങ്ങളും നഷ്ടപ്പെടുമ്പോൾ പോലും താൻ സങ്കടപ്പെട്ടിട്ടില്ല. ഈ സഹിക്കാൻ കഴിയാത്ത വേദനകൾക്കിടയിലും ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും അത് പങ്കു വയ്ക്കുന്നതും ഇഷ്ടപ്പെടാത്തവരും ഉണ്ടല്ലോ എന്നോർത്ത് എനിക്ക് അത്ഭുതമാണ് തോന്നുന്നതെന്നും നന്ദു പറയുന്നു.

Read also:ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് കോവിഡ്: പ്രതിയെ കൊണ്ടുവന്ന തിഹാര്‍ ജയിലില്‍ ആശങ്ക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞാൻ ക്യാൻസറിനെ ആഘോഷമാക്കുന്നവൻ ആണത്രേ..!!
ഹൃദയവേദനയോടെയാണ് ഞാനിതെഴുതുന്നത്..

ഈ സഹിക്കാൻ കഴിയാത്ത വേദനകൾക്കിടയിലും ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും അത് പങ്കു വയ്ക്കുന്നതും ഇഷ്ടപ്പെടാത്തവരും ഉണ്ടല്ലോ എന്നോർത്ത് എനിക്ക് അത്ഭുതമാണ് തോന്നുന്നത്..!!

രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകൾ എന്റെ ഹൃദയത്തെ മുറിവുണ്ടാക്കി കൊണ്ടിരിക്കുന്നു..!!

ജീവൻ നിലനിർത്താൻ വേണ്ടി ശരീരത്തിലെ ഓരോ അവയവങ്ങളും നഷ്ടപ്പെടുമ്പോൾ പോലും ഞാൻ സങ്കടപ്പെട്ടിട്ടില്ല..!!

കാലോ കയ്യോ ഇല്ലെങ്കിലും ഇപ്പോഴും ഈ സുന്ദരമായ ഭൂമിയിൽ എനിക്കെന്റെ ചങ്കുകളുടെ കൂടെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ..!! നിങ്ങളെയൊക്കെ കാണാനും സ്നേഹിക്കാനും തിരിച്ച് ആ സ്നേഹം അനുഭവിക്കാനും കഴിയുന്നുണ്ടല്ലോ…
എന്റെ ഏറ്റവും വലിയ സന്തോഷം അതാണ്..
അതിനോളം വലുതല്ല എനിക്കൊന്നും..!!

ഞാനൊരിക്കലും എന്റെ ശാരീരികമായ വേദനകളുടെ ഒരംശം പോലും നിങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയിട്ടില്ല..!!

പല സമയങ്ങളിലും പച്ചമാംസം ജീവനോടെ ചുടുന്നതിന് തുല്യമായ വേദന അനുഭവിച്ചിട്ടുണ്ട്…

ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ട്…!

പലപ്പോഴും കനലിൽ പൊള്ളുന്ന പോലെയുള്ള നൊമ്പരം സഹിച്ചിട്ടുണ്ട്..!!

ഇപ്പോഴും അനുഭവിക്കുന്നു..!!

എന്തിനേറെ പറയുന്നു മരണത്തിന്റെ രുചി അനുഭവിച്ചു തിരിച്ചു വന്നതാണ്..

എന്നിട്ടും ചിരിച്ചു കൊണ്ടല്ലേ ഞാൻ നിങ്ങളുടെ മുന്നിൽ വന്നിട്ടുള്ളൂ..!!

അത് ചുറ്റുമുള്ളവരെല്ലാം സന്തോഷത്തോടെ ഇരിക്കണം എന്ന എന്റെ വാശി കാരണമാണ്..

ഞാനനുഭവിക്കുന്ന വേദനകളെക്കാൾ എത്രയോ മടങ്ങ് തീഷ്ണമാണ് എനിക്ക് നിങ്ങളോടുള്ള സ്നേഹം..!!

ലോകം ഭീകരമായി കാണുന്ന ഒരു രോഗത്തെ ഇങ്ങനെയും നേരിടാം എന്നു സമൂഹത്തിന് കാണിച്ചു കൊടുത്തതാണോ ഞാൻ ചെയ്ത തെറ്റ്..?

അതോ ഞാൻ അലമുറയിട്ടു കരയുന്നത് കാണാത്തതിലുള്ള ദേഷ്യമാണോ അവർക്ക് എന്നറിയില്ല..!!

വേദനയുടെ കൊടുമുടിയിലിരിക്കുന്ന നേരത്തും നിങ്ങളിലാരെങ്കിലും സുഖമാണോ എന്നു ചോദിച്ചാൽ അടിപൊളിയായി പോകുന്നു ഉഷാറാണ് എന്നല്ലേ മറുപടി തന്നിട്ടുള്ളൂ..!!

മനസ്സ് കൊണ്ട് പോലും ആരെയും വേദനിപ്പിക്കാതെ ഓരോ പ്രവർത്തിയിലും മറ്റുള്ളവർക്ക് നന്മ മാത്രം ആഗ്രഹിക്കുന്ന എന്റെ അവസ്ഥ ഇതാണ്..!!

അടുത്ത ആരോപണമാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്..
അർഹതയില്ലാത്ത ഒരുരൂപ പോലും ആരുടെയും ആഗ്രഹിച്ചില്ല..

ഇങ്ങനെ ഈ കീമോ ചൂടിലും ഓരോ ദിവസവും എത്ര പേരെ എന്തൊക്കെ തരത്തിൽ ഞാൻ സഹായിക്കുന്നുണ്ട്..
പേരിനും പബ്ലിസിറ്റിക്കും ഒക്കെയാണെങ്കിൽ അതൊന്നും എനിക്ക് രഹസ്യമായി ചെയ്യേണ്ട കാര്യമില്ലല്ലോ..!

അർബുദം തകർത്ത ഒത്തിരി കുടുംബങ്ങളെ എനിക്ക് കഴിയും പോലെ ഞാനിപ്പോഴും സഹായിക്കുന്നുണ്ട്..
നന്മ മനസ്സുകളെ കൊണ്ട് സഹായിപ്പിക്കുന്നുമുണ്ട്..

സാമ്പത്തികമായി മുന്നോട്ട് ചികിത്സയ്ക്ക് കഴിയാതെ പകച്ചു നിന്ന എത്രയോ പേർക്ക് ഞാൻ മുൻകൈയെടുത്ത് ഫണ്ട് കണ്ടെത്തി..

അവർ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ..

എന്നിട്ടും ഞാൻ കമ്മീഷൻ വാങ്ങി എന്നൊക്കെ പറഞ്ഞു വിരലിലെണ്ണാവുന്ന ചുരുക്കം ചിലർ കുത്തി നോവിക്കുമ്പോൾ എനിക്ക് വിഷമം സഹിക്കാൻ പറ്റുന്നില്ല..
അല്ലെങ്കിൽ ഞാൻ അങ്ങനെ വാങ്ങിയിട്ടുണ്ടെങ്കിൽ ഇത്ര പബ്ലിക് ആയി വെല്ലുവിളിക്കുകയാണ് അത് തെളിയിക്കാൻ..

ഒറ്റവെട്ടിൽ കൊന്നാലും എനിക്ക് സന്തോഷമേയുള്ളൂ..
പക്ഷെ മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ പറയരുത്..

ഒന്ന് ട്രീറ്റ്മെന്റ് കഴിഞ്ഞു വന്നാൽ എന്റെ പൂർണ്ണ സമയവും പ്രയത്നവും ഈ സമൂഹത്തിലെ പാവങ്ങൾക്ക് വേണ്ടിയാകും എന്ന് തീരുമാനിച്ചുറപ്പിച്ചവനാണ് ഞാൻ..!!

നാളിതുവരെ അനുഭവിച്ച കാര്യങ്ങളിൽ വെറും 50 ശതമാനം പോലും ഞാൻ നിങ്ങളോട് പങ്കു വച്ചിട്ടില്ല..!

എന്നെ സംബന്ധിച്ച് അവയിൽ ഏറ്റവും ചെറുതാണ് ക്യാൻസർ പോലും..!

പട്ടിണിയും ദാരിദ്ര്യവും ഒക്കെ ആവശ്യത്തിലധികം അനുഭവിച്ചു താഴേക്കിടയിൽ നിന്ന് കഠിന പ്രയത്നത്താൽ ഉയർന്നു വന്നവനാണ് ഞാൻ..

സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ നല്ല ഡ്രസ് ഒക്കെ ഇടാനും , എല്ലാവരും ടൂർ പോകുമ്പോൾ ടൂർ പോകാനും ഒക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട്..
പലപ്പോഴും നല്ല ഭക്ഷണം പോലും കിട്ടീട്ടില്ല..
മിക്കവാറും ദിവസവും രാവിലെ പട്ടിണി ആയിരിക്കും..
എല്ലാരും ഉച്ചക്ക് ചോറ് കൊണ്ടു വരുമ്പോൾ ഞങ്ങള് കുറച്ചു പേര് വട്ടയില ഒക്കെ അടർത്തി സ്കൂളിലെ കഞ്ഞി കുടിക്കും..
അതിലാണെങ്കിൽ സ്ഥിരം വണ്ടും പുഴുവും കാണും..
അത് കിട്ടുന്നവരെ കുടിക്കും..കിട്ടുമ്പോൾ നിർത്തും..!!

എന്നാലും തറയിൽ നിന്ന് ഒരു രൂപ കിട്ടിയാൽ അതെടുത്ത് അമ്പലത്തിന്റേയോ പള്ളിയുടെയോ ഭണ്ഡാരത്തിൽ ഇട്ടിട്ടേയുള്ളൂ..!!

എന്തൊക്കെ ജോലികൾ ചെയ്തു..
എന്നാലും രക്ഷപ്പെടാത്ത ഒരു സമയം ഉണ്ടായിരുന്നു..
അതൊക്കെ പറഞ്ഞാൽ നേരം വെളുക്കും വരെ പറഞ്ഞാലും തീരൂല..
കുഞ്ഞിലെ ആറും ഏഴും വയസ്സുള്ളപ്പോൾ ഉത്സവ പറമ്പിൽ തമിഴന്മാരെയൊക്കെ പോലെ പൊരി കച്ചവടം ചെയ്തു തുടങ്ങിയതാണ് എന്റെ തൊഴിൽ ജീവിതം..
പക്ഷെ ഇന്നുവരെ വിധിയെ പഴിച്ചിട്ടില്ല..
ദൈവത്തിനെ ഒരു വാക്ക് കൊണ്ടു പോലും കുറ്റം പറഞ്ഞിട്ടില്ല..പകരം മൂപ്പരോട് കൂടുതൽ അങ്ങടുത്തു..
ഇപ്പോഴും ദേ യുദ്ധത്തിന് ഒരു കുറവും ഇല്ല..!!

അന്നൊന്നും വീണില്ല..
പിന്നെയല്ലേ ഇപ്പോൾ..!!

അതുകൊണ്ട് വിനയത്തോടെ പറയുകയാണ്..
സഹതപിക്കാനും പുച്ഛിക്കാനും നിന്ന് തരില്ല…!!

അതേടോ ഞാൻ ക്യാൻസറിനെയും വേദനകളെയും ആഘോഷമാക്കിയവൻ തന്നെയാണ്..
അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവനാണ്..!!

അതുകൊണ്ടാണല്ലോ നന്ദു നന്ദു മഹാദേവ ആയത്..!!
അതുകൊണ്ടാണല്ലോ നന്ദുവിനെപ്പോലെ പൊരുതുന്ന മനസ്സുമായി ആയിരങ്ങൾ ഇപ്പോൾ ഈ രോഗത്തെ നേരിടുന്നത്..

ക്യാൻസർ വന്നാൽ ഒളിച്ചു വയ്ക്കുന്ന ഒരു രീതിയാണ് മുമ്പുണ്ടായിരുന്നത്..
അതിനൊക്കെ എന്നാൽ കഴിയുന്ന മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്..

ഇന്ന് എത്രയോ അതിജീവന കഥകൾ നിങ്ങളുടെ മുന്നിലുണ്ട്..
അതൊക്കെ ഇങ്ങനെ പുറത്തുകൊണ്ടുവരാൻ ഞങ്ങളൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്..

എന്നെ ഇതുപോലെ ആഴത്തിൽ വിഷമിപ്പിക്കാൻ ചിലർക്ക് ഇനിയും കഴിഞ്ഞേക്കും..
പക്ഷേ തളർത്താൻ നോക്കരുത്..

അതിന് കഴിയില്ല..!!

ഈ കണ്ണുകളടയും വരെ ഞാൻ വിജയിച്ചവൻ ആയിരിക്കും…!

വിഷമങ്ങളെയും നിരാശയേയും ദൂരത്ത് എറിഞ്ഞു കളഞ്ഞ് സന്തോഷത്തോടെ ജീവിതത്തെ ആസ്വദിക്കാനും പരസ്പരം നിഷ്കളങ്കമായി സ്നേഹിക്കാനുമൊക്കെ ഞാൻ പഠിപ്പിച്ചു കൊണ്ടേയിരിക്കും..!!
അതെന്റെ രീതിയാണ്..
ശീലമാണ്..!!

എന്റെ വാക്കുകൾ എത്രത്തോളം ഈ സമൂഹത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നറിയില്ല..

വിഷമങ്ങളിൽ ഒരു പ്രവശ്യമെങ്കിലും ഞാൻ നിങ്ങൾക്ക് ആർക്കെങ്കിലും ഊർജ്ജമായിട്ടുണ്ടോ ആശ്വാസമായിട്ടുണ്ടോ എന്നും അറിയില്ല..!!

അത് നിങ്ങൾ മനസ്സു തുറന്നു പറയാനുള്ള സമയമാണിത്..!!

ഒരുപാട് ക്ഷമിച്ചു..
എന്തിനേറെ പറയുന്നു..
എന്റെയും അമ്മയുടെയും മുഖം കണ്ടു മടുത്തു എന്നുവരെ അവർ പറഞ്ഞു..

ഒരുപക്ഷേ ഇതെന്റെ അവസാനത്തെ പോസ്റ്റ് ആകാം..
ചങ്ക് പിടയണ വേദനയുണ്ട്..

എന്നെ ഞാനാക്കിയത് തുടക്കം മുതൽ നിഷ്കളങ്കമായ സ്നേഹം തന്ന് കൂടെ നിൽക്കുന്ന എന്റെ ഹൃദയങ്ങൾ നിങ്ങളോരോരുത്തരും ആണ്..
ചിതയിലേക്ക് എടുക്കും വരെ എന്റെ സ്നേഹം നിങ്ങളോടൊപ്പം ഉണ്ടാകും..

അതുകൊണ്ട് നിങ്ങളാണ് പറയേണ്ടത്..

ഇനി ഞാനെന്ത് തീരുമാനം എടുക്കണം..?

ഞാനിങ്ങനെ നിറഞ്ഞു തന്നെ നിൽക്കണമോ അതോ ഉൾവലിയണമോ എന്ന് എന്റെ പ്രിയപ്പെട്ടവർ പറയൂ..

കാരണം നിങ്ങളാണ് എനിക്കെല്ലാം..

നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഒന്നും ഒരിക്കലും എന്നെ തളർത്തില്ല..!!

വേദനിപ്പിക്കുന്നവരോടുള്ള എന്റെ പ്രതികാരം ഈ പുഞ്ചിരിയാണ്..

സ്നേഹപൂർവ്വം..
നന്ദു മഹാദേവ

NB: എന്നെ വേദനിപ്പിച്ചവരെ ഇപ്പോഴും ഞാൻ വെറുക്കുന്നില്ല..
അവരോട് യാതൊരു ദേഷ്യവും ഇല്ല..
സ്നേഹം മാത്രേ ഉള്ളൂ..
നിങ്ങളും അവരോട് മോശമായ ഭാഷയിൽ പ്രതികരിക്കുകയോ ദേഷ്യം വിചാരിക്കുകയോ ചെയ്യരുത്..
എന്റെ വിഷമവും നിങ്ങളോടല്ലേ പങ്കു വയ്ക്കാൻ പറ്റുള്ളൂ..

വിളിക്കുന്നവർ ക്ഷമിക്കണേ ഇന്നലെ കീമോ കഴിഞ്ഞ ക്ഷീണത്തിലാണ് ഞാൻ..
തല പൊക്കാൻ പറ്റാത്ത ക്ഷീണവും വേദനയുമാണ്..
അതിന്റെ കൂടെ ഇത് കൂടി കേട്ടപ്പോൾ എന്തോ പറയാൻ പറ്റാത്ത ഒരു അവസ്ഥ..!!

shortlink

Related Articles

Post Your Comments


Back to top button