Latest NewsNewsInternational

മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി ട്രംപ് ; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു

വാഷിങ്ടൻ : മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായി അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് വാര്‍ത്താസമ്മേളം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഏഷ്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ടറായ വെയ്ജിയ ജിയാങുമായി തര്‍ക്കിച്ചതിന് പിന്നാലെയാണ് ട്രംപ് പൊടുന്നനെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

കോവിഡ് ബാധിച്ച് അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ കോവിഡ് പരിശോധനകളില്‍ അമേരിക്ക മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രസിഡന്റ് ആവര്‍ത്തിക്കുന്നതില്‍ എന്തുകാര്യമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ഇതില്‍ പ്രകോപിതനായ ട്രംപ് ലോകത്ത് എല്ലായിടത്തും മരണങ്ങളുണ്ടാകുന്നുണ്ടെന്നും ഈ ചോദ്യം എന്നോടല്ല നിങ്ങള്‍ ചൈനയോട് ചോദിക്കുന്നതായിരിക്കും നല്ലതെന്നാണ് ട്രംപ് മറുപടി നല്‍കിയത്.

ചൈനയില്‍ ജനിച്ച വെയ്ജ ജിയാങ് രണ്ടു വയസുള്ളപ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ്. അതേ സമയം എന്തിനാണ് എന്നോട് പ്രത്യേകമായി ഈ ചോദ്യം ചോദിക്കുന്നതെന്ന് ഇവര്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ പ്രത്യേകം പറഞ്ഞതല്ല. മോശമായ ചോദ്യം ചോദിക്കുന്ന എല്ലാവരോടും ആണ് ഞാനത് പറഞ്ഞതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതൊരു മോശമായ ചോദ്യമാകുന്നതെങ്ങനെയെന്ന മറു ചോദ്യത്തിന് ട്രംപ് മറുപടി നല്‍കാതിരിക്കുകയും മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ നേരെ അടുത്ത ചോദ്യത്തിനായി വിരല്‍ ചൂണ്ടുകയും ചെയ്തു.

അവര്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നായി ട്രംപ്. തനിക്കു നേരെയാണ് പ്രസിഡന്റ് വിരല്‍ ചൂണ്ടിയതെന്നും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞതോടെ ട്രംപ് എല്ലാവര്‍ക്കും ഔപചാരികമായി നന്ദി പറഞ്ഞ് ഏകപക്ഷീയമായി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button