KeralaLatest NewsNews

റീസൈക്കിൾ കേരളയുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം • കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന്പോ കുകയാണ്.ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കേരളം കൈകോർക്കുകയാണ്. ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സുബൈദമ്മയും വിഷുകൈനീട്ടം കിട്ടിയ തുക നൽകിയ കുട്ടികളുമൊക്കെ കേരളത്തിന്റെ മുഖമാകുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ദുരിതാശ്വാസ നിധിയുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ് ഡിവൈഎഫ്ഐ. ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുവാൻ എല്ലാവരും സഹകരിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് സമര യൗവ്വനം നാടിനുവേണ്ടി നിങ്ങളിലേക്കെത്തുന്നത്. വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ഞങ്ങൾ ശേഖരിക്കും. വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കളയാൻ കരുതിവച്ച പാഴ് വസ്തുക്കളിൽനിന്നും നമുക്ക് നാടിനെ പുനർനിർമ്മിക്കാനുള്ള സംഗീതമുണ്ടാക്കാം. കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആദ്യഘട്ടം മുതൽ ഏതൊരാവശ്യത്തിനും സന്നദ്ധരായി ഡിവൈഎഫ്ഐ രംഗത്തുണ്ടായിരുന്നു. അതിനായി രൂപീകരിച്ച “ഞങ്ങളുണ്ട്” പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഞങ്ങളുണ്ട് പദ്ധതിയോടൊപ്പം കോവിഡ് കാലത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്ന മറ്റൊരു ക്യാമ്പയിനാണ് “റീസൈക്കിൾ കേരള”. നിങ്ങളുടെ വീട്ടിലൊ പറമ്പിലോ ജോലിയുണ്ടോ, ഞങ്ങൾ വരാം. നിങ്ങൾ തരുന്ന കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. നാട്ടിലെ വിഭവങ്ങൾ ശേഖരിച്ചു വിറ്റും, ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ വിരസത മാറ്റാൻ ഡിവൈഎഫ്ഐ നടത്തിയ “ലോക് ആർട്സിൽ” നിർമ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിങ്ങും വില്പന നടത്തിയും പണം ശേഖരിക്കും. ഇതോടൊപ്പം വീടുകളിലും പറമ്പിലും ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കൾ ശേഖരിച്ചു വിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മഴക്കാലം പകർച്ചവ്യാധി മുക്തമാക്കുന്നതിന് തയ്യാറെടുക്കുക എന്ന വലിയ ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് ഡിവൈഎഫ്ഐ ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഓരോ ഡിവൈഎഫ്ഐ പ്രവർത്തകരും അവരുടെ ഉപജീവന മാർഗത്തിൽ നിന്ന്ലഭിക്കുന്ന ഒരു ദിവസത്തെ വേതനം നാടിനായി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന സാധ്യതകൾ തേടുന്നതിലൂടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാനും എല്ലാ കുടുംബങ്ങൾക്കും ദുരിതാശ്വാസ നിധിയുടെ ഭാഗമാകാനും അവസരമൊരുക്കുകയാണ് ഡിവൈഎഫ്ഐ.

shortlink

Related Articles

Post Your Comments

Related Articles


Back to top button