Latest NewsNewsIndia

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കൂപ്പുകുത്തിയ ഇന്ധന വില്പന കരകയറുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കൂപ്പുകുത്തിയ ഇന്ധന വില്പന കരകയറുന്നു. ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഇന്ധന ഉപഭോഗം പ്രതിസന്ധിയിലായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതും ഫാക്‌ടറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതും പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡ് മെച്ചപ്പെടാന്‍ സഹായകമായി. ഏപ്രിലില്‍ 56.5 ശതമാനം ഇടിഞ്ഞ ഡീസല്‍ ഉപഭോഗം, മേയില്‍ ആദ്യ രണ്ടാഴ്‌ചക്കാലത്ത് ഇടിവ് 28 ശതമാനമായി കുറച്ചു.

പെട്രോള്‍ ഉപഭോഗ ഇടിവ് 61 ശതമാനത്തില്‍ നിന്ന് 47.5 ശതമാനമായും കുറഞ്ഞു. വ്യോമ ഇന്ധന വില്പനനഷ്‌ടം ഈമാസം ഇതുവരെ 87 ശതമാനമാണ്. ഏപ്രിലില്‍ വില്പന 91.5 ശതമാനം കുറഞ്ഞിരുന്നു. അതേസമയം, ലോക്ക്ഡൗണ്‍ മൂലം വീട്ടില്‍ത്തന്നെ കഴിയുന്ന ജനം, പാചകത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് വ്യക്തമാക്കി എല്‍.പി.ജി ഉപഭോഗം ഇരട്ടിച്ചു. ഏപ്രിലില്‍ വില്പന വളര്‍ച്ച 12 ശതമാനമായിരുന്നത്, ഈമാസം ഇതുവരെ 24 ശതമാനമായി.

കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഫാക്‌ടറികള്‍ തുറന്ന് പ്രവര്‍‌ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ, ചരക്കുവാഹനങ്ങളുടെ നീക്കം വര്‍ദ്ധിച്ചു. നിരത്തുകളില്‍ സ്വകാര്യവാഹനങ്ങള്‍ കൂടുതല്‍ നിറഞ്ഞതും പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡുയര്‍ത്തി. ലോക്ക്ഡൗണ്‍ മേയ് 31വരെ നീട്ടിയെങ്കിലും വാഹന ഉപയോഗത്തിന് ഇളവുകള്‍ ഉള്ളതിനാല്‍ ഇന്ധന വില്പന കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പൊതുമേഖലാ എണ്ണ വിതരണ കമ്ബനികളുടെ പ്രതീക്ഷ.

ഏപ്രിലിലെ ആദ്യ രണ്ടാഴ്‌ചക്കാലത്ത് എല്‍.പി.ജി വില്പന വളര്‍ച്ച 21 ശതമാനമായിരുന്നു. തുടര്‍ന്നുള്ള രണ്ടാഴ്‌ചകളില്‍ വില്പന താഴ്‌ന്നു. ഇത്, ഏപ്രിലിലെ മൊത്തം വില്പന വളര്‍ച്ചയെ 12 ശതമാനത്തിലേക്ക് ചുരുക്കി. ഡിമാന്‍ഡ് കുറഞ്ഞതല്ല; സിലിണ്ടര്‍ വില കുറഞ്ഞതിനെ തുടര്‍ന്ന്, ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതില്‍ ഡീലര്‍മാര്‍ അല്പം മെല്ലെപ്പോക്ക് നയമെടുത്തു. എന്നാല്‍, മേയില്‍ ഇതുവരെ വില്പന വളര്‍ച്ച 24 ശതമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button