KeralaLatest NewsIndia

‘എന്തൊരു ട്വിസ്റ്റ്, റുമാനിയയിൽ നിന്നു നേരെ പൂജപ്പുര’ പേടി നിറച്ച, എന്റെ റുമാനിയൻ യാത്ര : കൃഷ്ണ പുജപ്പുരയുടെ കുറിപ്പ്

നിരവധി അവാർഡ് ദാനങ്ങൾ പ്രഭാഷണങ്ങൾ അരങ്ങുകൾ.. ചെറിയ ഒരു ഒറ്റമുറിയിൽ അല്ലെങ്കിൽ കടമുറികളുടെ ഒരറ്റത്ത് അല്ലെങ്കിൽ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ ഓലമേഞ്ഞും ഓടുമേഞ്ഞും ടെറസ്സായും ഒക്കെ ഒരു വായനശാലഎല്ലാവരുടെയും ഓർമകളിൽ ഉണ്ടാവില്ലേ..

വായനശാലയുടെ ആവശ്യകത ഓർമ്മിപ്പിച്ചു കൃഷ്ണ പുജപ്പുരയുടെ ഫേസ്‌ബുക്ക് കുറിപ്പ്. ഈ ലോക്ക് ഡൌൺ കാലത്താണ് ഒരുപാടു പേര് വായനയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം ഓർമ്മിക്കുന്നു. പോസ്റ്റ് കാണാം:

പേടി നിറച്ച, എന്റെ റുമാനിയൻ യാത്ര
************************************
റുമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റിൽ ഞാനെത്തുമ്പോൾ വെയിൽ മങ്ങി തുടങ്ങിയിരുന്നു. അവിടുന്ന് ടാക്സിയിൽ 40 കിലോമീറ്റർ അപ്പുറത്തുള്ള ദ്രോ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ ആറുമണി… ഇരുട്ടു പരന്നു കഴിഞ്ഞു … കച്ചവടസ്ഥാപനങ്ങൾ ഒക്കെ പൂട്ടയിരിക്കുന്നു കൊടും ശൈത്യംചുറ്റുപാടുമുള്ള വൃക്ഷങ്ങളെ മരവിപ്പിച്ചു നിർത്തിയിരിക്കുന്നു. ഒഴിഞ്ഞ ഗ്രാമവീഥിയും ചൂളം കുത്തുന്ന ശീതക്കാറ്റും എന്നിൽ ഒരു അസ്വസ്ഥത ഉണ്ടാക്കി. . അവിടുന്ന് ആരംഭിക്കുന്ന ഒരു കാട്ടുപാതയിലൂടെ ഇനിയും വളരെയേറെ സഞ്ചരിച്ചു വേണം എനിക്ക് ലക്ഷ്യത്തിലെത്താൻ.

പെട്ടെന്ന് ഒരു കുതിര വണ്ടി വന്നു നിന്നു. അതിലേക്ക് കയറാൻ വണ്ടിക്കാരൻ ആംഗ്യം കാണിച്ചു. ഞാൻ വണ്ടിയിൽ കയറി. ഇപ്പോൾ കുതിരവണ്ടി കാട്ടുപാതയിലൂടെ ഓടുകയാണ്. കുതിരവണ്ടി കാരന്റെ മുഖം എനിക്ക് കാണാൻ വയ്യ.. അയാൾ തൊപ്പി താഴ്ത്തി വച്ചിരിക്കുകയാണ്. ദൂരെ കാട്ടിൽ ചെന്നായ്ക്കളുടെ ഓരിയിടൽ. ഞാൻ പോക്കറ്റിൽ കയ്യിട്ട് ചുരുട്ട് എടുത്തു.. ഹാഫ് എ കൊറോണ. പെട്ടെന്ന് ഉദയന്റെ ശബ്ദം മുഴങ്ങി :

“പുസ്തകമെടുത്തെങ്കിൽ പോകാമോ കൃഷ്ണകുമാറെ? ”
ടക്.. ഞാനൊന്ന് ഞെട്ടി.. റൊമാനിയ ഇല്ല ബുക്കാറെസ്റ്റ് ഇല്ല.. കുതിരവണ്ടി ഇല്ല.. ഞാൻ പൂജപ്പുര യുവജന സമാജം ഗ്രന്ഥശാലയിലാണ്.. കോട്ടയംപുഷ്പ നാഥിന്റെ പുതിയ പുസ്തകമെടുത്ത്, ആവേശത്തിൽ അവിടെത്തന്നെയിരുന്നു വായിക്കുകയാണ്. ഡിറ്റക്ടീവ് മാർക്സിൻ ഡ്രാക്കുളകോട്ടയിലേക്ക് പോകുന്ന കഥ. ഞാൻ മാർക്സിൻ ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകത്തിലൂടെ ഞാൻ സ്പെയിനിൽകേസന്വേഷണത്തിന് പോയിട്ട് വന്നതേയുള്ളൂ..

മധുരം മനോഹരം
******************
വായനശാലകൾ നമ്മെ വിമാനത്തിലോ ട്രെയിനിലോ ഒന്നും ടിക്കറ്റ് എടുക്കാതെ ഏതൊക്ക ദേശങ്ങളിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്.. കൊണ്ടുപോകുന്നത്.. ഖസാക്കിലേക്കു ഞാൻ യാത്ര ചെയ്തത് യുവജന സമാജം ഗ്രന്ഥശാലയിലൂടെ ആണ്.. മയ്യഴി.. ആവിലായ്.. രമണൻ ആടുമേക്കാൻ പോയ ആ കാടു..എംടിയുടെ അപ്പുണ്ണിയുടെ നാട്ടിൽ തുടങ്ങി എനിക്ക് അജ്‍ഞാതമായിരുന്ന പ്രദേശങ്ങൾ നടന്നു ചുറ്റിക്കണ്ടു രസിച്ചതു ഈ വായനശാലയിലെ പുസ്തകങ്ങളിലൂടെ ആയിരുന്നു.. പുസ്തകങ്ങിലൂടെ മനസ്സിൽ കയറുന്ന ലോകം നമ്മുടെ മാത്രം ലോകമാണ്.. ഞാൻ കാണുന്ന ഖസാക് ആയിരിക്കില്ല വേറൊരാളിന്റേത്.. നമ്മുടെ മാത്രം ലോകം.. എത്ര രസമുള്ള സങ്കല്പം.. അടിപൊളി..

സങ്കല്പവായുവിമാനത്തിൽ
, *************************
എനിക്കും പ്രദേശത്തുള്ളവർക്കും യുവജനസമാജം ഗ്രന്ഥശാല പൂജപ്പുര എന്ന പേരിലാണ് സ്വാധീനിച്ചിട്ടുള്ളതെങ്കിൽ നേതാജി വായനശാലയായും വിജ്ഞാന പോഷിണി വായനശാലയും നവകേരള വായനശാലയും ഭാവന വായനശാല ആയും ഒക്കെ ഓരോ പേരുകളിൽ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സ്പർശിചിട്ടുണ്ടായിരിക്കും. കോട്ടയം പുഷ്പനാഥ്, സുകുമാർ, വേളൂർ കൃഷ്ണൻകുട്ടി എന്നിവരുടെ പുസ്തകങ്ങൾ വായിക്കാൻ വേണ്ടിയാണ് ഞാനും ഉദയനും വായനശാലയിൽ അംഗമാകുന്നത്..

അപ്പോഴതാ കണ്ണാടി അലമാരയിൽ പ്രത്യേകമായി വലിയ പുസ്തകങ്ങൾ. അതിലൊന്ന് കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ. ആനി തയ്യിലിന്റെ വിവർത്തനം. വായിച്ചു തുടങ്ങിയപ്പോൾ വലിയ പ്രയാസം.. പക്ഷേ പത്ത് പേജ് പിന്നിട്ടതോടെ കൂടി ഞാൻ നേരെ ഫ്രാൻസിലേക്ക് ഒരു പറക്കൽ പറന്നു ..അവിടെ ചാറ്റ്യു ജയിലിൽ ഫാദർ ഫാരിയയോടും ഡാന്റിസിനോടുമൊപ്പം ഞാനും തടവിൽ കിടന്നു .. ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ’ വിവർത്തനത്തിലൂടെ ഞാൻ കാലിഫോർണിയയിലെ ആപ്പിൾ തോട്ടങ്ങൾ കയറിയിറങ്ങി.. ചുരുക്കത്തിൽ പൂജപ്പുരയിൽ കാലൂന്നി നിൽക്കാൻ സമയം കിട്ടാത്ത അവസ്ഥ.

നന്ദി ലോക്ക് ഡൌൺ
**********************
ഒരുപാടുപേർ വായനയിലേക്ക് മടങ്ങിയെത്തിയ കാലമായിരുന്നു ഈ ലോക് ഡൗൺ കാലം. പുസ്തകങ്ങളുടെ പിഡിഎഫ് കോപ്പികൾ മൊബൈലുകളിൽ എത്തി. വായനയുടെ സുഖത്തെ പറ്റി പലരും എഴുതി.. വായന വായനശാലയുടെ രൂപത്തിലാണ് എന്റെ മനസ്സിൽ വന്നത്…വെളിച്ചം നിറക്കുന്ന ഓർമ.. തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് നടന്നു ജഗതി കയറ്റം കയറുമ്പോൾ ത്രിൽ നിറയുന്നത് ആ വളവിൽ എന്റെ സ്വപ്ന സാമ്രാജ്യം ഉണ്ടെന്ന് ഉള്ളതിനാലാണ്. ഓടിട്ട ഒരു കൊച്ചു കെട്ടിടം.. ബുക്ക്‌ സ്റ്റാളുകളിൽ നിന്നുള്ള പുത്തൻ പുസ്തകത്തെക്കാൾ എനിക്കിഷ്ടം അത് വായനശാലയിൽ നിന്ന് എടുക്കുമ്പോൾ ആയിരുന്നു…

ഇന്നും രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സജീവമാണ് വായനശാല.. സ്വന്തം പുസ്തക പ്രസിദ്ധീകരണ വിഭാഗം.. നിരവധി അവാർഡ് ദാനങ്ങൾ പ്രഭാഷണങ്ങൾ അരങ്ങുകൾ..
ചെറിയ ഒരു ഒറ്റമുറിയിൽ അല്ലെങ്കിൽ കടമുറികളുടെ ഒരറ്റത്ത് അല്ലെങ്കിൽ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ ഓലമേഞ്ഞും ഓടുമേഞ്ഞും ടെറസ്സായും ഒക്കെ ഒരു വായനശാലഎല്ലാവരുടെയും ഓർമകളിൽ ഉണ്ടാവില്ലേ.. ഏതൊക്കെയോ ഘട്ടങ്ങളിൽ അവിടുന്ന് ഒരു വെളിച്ചം നേടിയ ശേഷം അതിനെ മറന്നോ ശ്രദ്ധിക്കാതെയോ ഒക്കെ പോയിട്ടുണ്ടോ..

shortlink

Related Articles

Post Your Comments


Back to top button