Latest NewsUAENewsGulf

ഷാർജയിലെ വിനോദകേന്ദ്രങ്ങൾ തുറന്നു

ഷാർജ • കോവിഡ് പശ്ചാത്തലത്തിൽ താത്കാലികമായി അടച്ചിട്ടിരുന്ന ഷാർജയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചു. കൃത്യമായ ആരോഗ്യസുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയും പ്രതിരോധ നടപടികൾ ഉറപ്പു വരുത്തിയുമാണ് ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ശുറൂഖ്‌) നേതൃത്വത്തിലുള്ള കേന്ദ്രങ്ങൾ അതിഥികൾക്കായി തുറന്നത്. അൽ നൂർ ഐലൻഡ്, മെലീഹ ആർക്കിയോളോജിക്കൽ സെന്റർ, അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രന്റ്, ഫ്ലാഗ് ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ, ഖോർഫക്കാൻ ബീച്ച്, മരായ ആർട് സെന്റർ തുടങ്ങിയ പ്രവാസികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടങ്ങളെല്ലാം വീണ്ടും അതിഥികളെ സ്വാഗതം ചെയ്തു തുടങ്ങിയിട്ടുണ്ട്.

യുഎഇ സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചാണ് എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളുടെയും പ്രവർത്തനം.

അതിഥികളുടെ എണ്ണത്തിലെ നിയന്ത്രണം, വരുന്നവരുടെ താപനില പരിശോധന, കൃത്യമായ സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസേഷൻ സൗകര്യങ്ങൾ, മാസ്കുകൾ, കയ്യുറകൾ തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറ്റു സർക്കാർ വകുപ്പുകളുടെ സഹായത്തോടെ ശുറൂഖ്‌ കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. അതിഥികളുടെ സുരക്ഷക്ക് പ്രാമുഖ്യം നൽകിയാണ് ഓരോ കേന്ദ്രത്തിന്റെയും പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈയിടങ്ങളിൽ എല്ലാം ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു.

ഓരോ മണിക്കൂറിലും സാനിറ്റൈസേഷൻ

കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തി വിനോദകേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ യുഎഇ സർക്കാർ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ശുറൂഖ് കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഭക്ഷണ ശാലകളിലും അതിഥികളുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തും. സാമൂഹിക അകലം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഇത്. കൂടാതെ വരുന്നവരുടെയെല്ലാം താപനില പരിശോധിക്കുന്ന തെർമൽ സ്കാനിങ് സംവിധാനം, സെൽഫ് സാനിറ്റൈസേഷൻ ഗേറ്റ്, കൃത്യമായ ഇടവേളകളിൽ അണുനശീകരണ പ്രവർത്തനം തുടങ്ങി മറ്റു പ്രതിരോധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷാ നയത്തിന്റെ ഭാഗമായി അറുപതു വയസ്സ് പിന്നിട്ടവർക്കും പന്ത്രണ്ടു വയസിനു താഴെയുള്ളവർക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഭക്ഷണശാലകളിലേക്കും പ്രവേശനം അനുവദിക്കില്ല. മാസ്ക് ധരിക്കാത്തവരെയും പ്രവേശിപ്പിക്കില്ല.

“ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നൽകിയാണ് ശുറൂഖ്‌ വിനോദകേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് ഏറ്റവും മികച്ച പ്രതിരോധ ആരോഗ്യ സുരക്ഷാ നടപടികൾ ഇവിടങ്ങളിൽ കൈക്കൊണ്ടിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം വന്നെത്തുന്ന അതിഥികൾ പാലിക്കേണ്ട നിർദേശങ്ങളുമുണ്ട്. ആസ്വാദനത്തോടൊപ്പം ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. പരസ്പരം സഹകരിച്ചും അവരവരുടെ സുരക്ഷാ ഉത്തരവാദിത്വം ഏറ്റെടുത്തും അതിഥികളും ഈ ശ്രമത്തിൽ പങ്കാളികളാവുമെന്ന വിശ്വാസത്തിലാണ് കേന്ദ്രങ്ങൾ വീടും തുറന്നത്” – ശുറൂഖ്‌ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അഹ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു.

ലോക് ഡൗൺ കാലം കൂടുതൽ കളർഫുൾ ആക്കാൻ ആഡംബര ഹോട്ടലുകൾ

വിനോദ കേന്ദ്രങ്ങൾക്ക് പുറമെ ശുറൂഖിന്റെ നേതൃത്വത്തിലുള്ള ആഡംബര ഹോട്ടലുകളും അതിഥികൾക്കായി വാതിൽ തുറന്നിട്ടുണ്ട്. പൈതൃക കാഴ്ചകളാൽ സമ്പന്നമായ ഷാർജ നഗരമധ്യത്തിലെ -ചെടി അൽ ബെയ്ത്ത്-, പ്രകൃതികാഴ്ചകളും തനത് എമിറാത്തി ആതിഥേയത്വവും സമ്മേളിക്കുന്ന അൽ ബദയാർ റിട്രീറ്റ്, കൽബ കിംഗ് ഫിഷർ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ് എന്നിവിടങ്ങളിൽ ആകർഷകമായ പാക്കേജുകളും പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.

തെർമൽ സ്ക്രീനിങ്, സാനിറ്റൈസേഷൻ തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിലും റൂമുകളിലുമെല്ലാം കൃത്യമായ ഇടവേളകളിൽ അണുനശീകരണ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്. നിശ്ചിത അകലങ്ങളിൽ ഇരിപ്പിടങ്ങൾ സജീകരിച്ചതു മുതൽ വാതിൽപിടികളും ലിഫ്റ്റ് സ്വിച്ചുകളും അണുവിമുക്തമാണ് എന്നുറപ്പാക്കുന്നതടക്കം വിപുലമായ സുരക്ഷാ പ്രതിരോധ നടപടികൾ ജീവനക്കാർ കൈക്കൊള്ളുന്നു. ഹോട്ടലുകളിൽ പ്രവേശനത്തിന് പ്രായാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഇല്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button