Latest NewsIndiaInternational

മലേഷ്യയിൽ ഇന്ത്യാ വിരുദ്ധ സര്‍ക്കാര്‍ മാറി: ഇന്ത്യ വീണ്ടും പാം ഓയില്‍ വാങ്ങുന്നു

തൃശൂര്‍: ഇന്ത്യാ വിരുദ്ധ സര്‍ക്കാര്‍ മാറി പുതിയ ഭരണകൂടം സ്ഥാനമേറ്റതോടെ മലേഷ്യയില്‍ നിന്ന് വീണ്ടും ഇന്ത്യ പാം ഓയില്‍ ഇറക്കുമതിക്ക് നടപടി തുടങ്ങി. ജൂണ്‍-ജൂലായ് കാലയളവില്‍ രണ്ടുലക്ഷം ടണ്‍ പാം ഓയിലാണ് ഇന്ത്യ വാങ്ങുക. ഇന്ത്യ പാം ഓയില്‍ ഇറക്കുമതി നിരോധിച്ചപ്പോള്‍ 2020 ജനുവരി മുതല്‍ നാല് മാസക്കാലം മലേഷ്യയുടെ കയറ്റുമതിയില്‍ 2019ലെ സമാനകാലയളവിനേക്കാള്‍ 94 ശതമാനം ഇടിവുണ്ടായി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മലേഷ്യ ഒരു ലക്ഷം ടണ്‍ അരി ഇന്ത്യയില്‍ നിന്ന് വാങ്ങാനും ധാരണയായിട്ടുണ്ട്.

പൗരത്വ ഭേദഗതി, കാശ്‌മീര്‍ വിഷയങ്ങളില്‍ ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ച ഡോ. മഹാതീര്‍ മുഹമ്മദിനെ കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കിയിരുന്നു.തുടര്‍ന്ന്, മുഹിയുദ്ദീന്‍ യാസിനെ പ്രധാനമന്ത്രിയായി മലേഷ്യന്‍ രാജാവ് അബ്‌ദുള്ള പഹാംഗ് നിയമിച്ചു. ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കാന്‍ യാസിന്‍ മുന്‍കൈ എടുത്തു. ഇതോടെയാണ്, ഇന്ത്യ വീണ്ടും പാം ഓയില്‍ ഇറക്കുമതിക്ക് തീരുമാനിച്ചത്.

”നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടുലക്ഷം ടണ്‍ പാം ഓയില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യയുമായുള്ള നയതന്ത്ര – വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും. കയറ്റുമതി തീരുവ പൂര്‍ണമായും നീക്കി” മലേഷ്യയുടെ കമ്മോഡിറ്റീസ് വകുപ്പ് മന്ത്രി മുഹമ്മദ് ഖൈറുദ്ദീന്‍ അമാന്‍ റസാലി വ്യക്തമാക്കി. ഗുണമേന്മയുള്ള പാം ഓയിലാണ് മലേഷ്യയുടേത്. പാം ഓയിലിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മേഖലയിലെ തകര്‍ച്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തുകളയച്ചിരുന്നു.

മലേഷ്യയിലെ തമിഴ് വംശജരുടെ ആശങ്കയും അറിയിച്ചു. നിരോധനം പിന്‍വലിച്ചതിന് മോദി സര്‍ക്കാരിന് നന്ദി പറയുന്നു. ചെന്നൈ, കാരക്കല്‍, തൂത്തുക്കുടി ഹാര്‍ബറുകള്‍ വഴിയാണ് പാം ഓയില്‍ ഇന്ത്യയിലെത്തുക. ലോകത്തെ രണ്ടാമത്തെ പാം ഓയില്‍ ഉത്പാദകരായ മലേഷ്യയില്‍ നിന്ന് ഏറ്റവുമധികം പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണെന്ന് പാം ഓയില്‍ ഇറക്കുമതി വ്യാപാരിയും മലേഷ്യന്‍ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഫെല്‍ഡ ഗ്ളോബല്‍ വെഞ്ച്വേഴ്‌സ് ഹോള്‍ഡിംഗ് ബര്‍ഹാദ് ട്രേഡ് ഏജന്റുമായ ഡോ. അമൃതം റെജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button