KeralaLatest NewsNews

ശിവഗിരി പദ്ധതി അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാര്‍: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ശിവഗിരി പദ്ധതി താത്കാലികമായെങ്കിലും റദ്ദാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പദ്ധതികള്‍ക്കായി അനുവദിച്ച പണത്തില്‍ നിന്ന് നയാപൈസാ ചെലവഴിക്കാതെ കേരളാ സര്‍ക്കാരും ടൂറിസം മന്ത്രിയും പദ്ധതി റദ്ദായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. അസത്യം പ്രചരിപ്പിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത്. 2015-19 കാലത്ത് 503.73 കോടി രൂപയാണ് ശിവഗിരി, ശബരിമല പദ്ധതികള്‍ക്കുള്‍പ്പടെ കേന്ദ്രം അനുവദിച്ചത്. 336.59 കോടി രൂപ പുതുക്കി നല്‍കുകയും ചെയ്തു. ഇതില്‍ നിന്ന് വെറും 178.78 കോടി മാത്രമാണ് ഇക്കാലത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയത്. അനുവദിച്ച പദ്ധതികളില്‍ രണ്ടെണ്ണമൊഴിച്ച് മറ്റൊന്നിന്റെയും പ്രവര്‍ത്തനം പ്രാഥമിക ഘട്ടത്തില്‍ പോലും എത്തിയില്ല. അഞ്ചു ശതമാനം പോലും പൂര്‍ത്തീകരിക്കാനായില്ലെന്നത് സംസ്ഥാന ടൂറിസം വകുപ്പിന്റെ കഴിവുകേടാണ് കാട്ടുന്നത്.

ശബരിമല, ശിവഗിരി പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വലിയ അനാസ്ഥയാണ് വരുത്തിയിട്ടുള്ളത്. കേന്ദ്രം നല്‍കിയ ഒറ്റപ്പണവും സംസ്ഥാനം ചെലവിട്ടില്ല. ശിവഗിരിയോടും ശബരിമലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പ്രളയത്തില്‍ വലിയതോതില്‍ നാശം സംഭവിച്ച ശബരിമലയ്ക്കായി 2016-17 കാലത്ത് കേന്ദ്ര സര്‍ക്കാര്‍ 99.99 കോടി രൂപ അനുവദിച്ചു. അതില്‍ 20 കോടിയാണ് ആദ്യം നല്‍കിയിത്. കാലമിത്ര കഴിഞ്ഞിട്ടും അതും അഞ്ചു ശതമാനം മാത്രം ചെലവിട്ടു. 503.73 കോടി അനുവദിക്കുകയും അതില്‍ 178 കോടി നല്‍കുകയും ചെയ്തിട്ടും അതുപോലും ചെലവഴിക്കാതെയാണ് സംസ്ഥാന ടൂറിസം മന്ത്രി കേന്ദ്രത്തെ കുറ്റം പറയുന്നത്. സ്വന്തം കഴിവുകേടുകൊണ്ടാണ് ഈ പദ്ധതികള്‍ റദ്ദാകാന്‍ കാരണമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമറിയാം. കടകംപള്ളിയുടെ കഴിവില്ലായ്മ മറച്ചുവയ്ക്കാനാണ് കേന്ദ്രത്തില്‍ പഴിചാരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ശിവഗിരി പദ്ധതിയുടെ കാര്യത്തില്‍ പുനഃപ്പരിശോധന നടത്തുമെന്ന് ഉറപ്പു കിട്ടിയതായി കേന്ദ്ര ടൂറിസം മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം തികഞ്ഞ അനാസ്ഥ കാട്ടിയെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതില്‍ പുനഃപ്പരിശോധന ഉണ്ടാകണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button