Latest NewsNewsIndia

നേട്ടങ്ങളുമായി എസ്.ബി.ഐ; ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ ലാഭം നാലിരട്ടി വർദ്ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ലാഭം നാലിരട്ടി വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ബാങ്ക് നാലിരട്ടിയോളം വളര്‍ച്ചയോടെ 3,581 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 838 കോടി രൂപയായിരുന്നു. വര്‍ദ്ധന 326.93 ശതമാനം. അതേസമയം, ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തെ അപേക്ഷിച്ച്‌ ലാഭം 35.85 ശതമാനം കുറഞ്ഞു.

കഴിഞ്ഞപാദത്തില്‍ എസ്.ബി.ഐ കാര്‍ഡിന്റെ ഓഹരി വില്പനയിലൂടെ 2,731.34 കോടി രൂപ സമാഹരിച്ചതാണ് ലാഭക്കുതിപ്പിന് സഹായകമായത്. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എന്‍.പി.എ) 7.53 ശതമാനത്തില്‍ നിന്ന് 6.15 ശതമാനമായി താഴ്‌ന്നതും ബാങ്കിന് നേട്ടമായി. ഡിസംബ‌ര്‍ പാദത്തില്‍ ഇത് 6.91 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്‌തി 3.01 ശതമാനത്തില്‍ നിന്ന് 2.23 ശതമാനത്തിലേക്കും കുറഞ്ഞു.

അതേസമയം, കിട്ടാക്കടം നീക്കം ചെയ്‌ത് ബാലന്‍സ്ഷീറ്റ് മെച്ചപ്പെടുത്താനുള്ള നീക്കിയിരിപ്പ് തുകയായി (പ്രൊവിഷനിംഗ്) 13,495 കോടി രൂപ കഴിഞ്ഞപാദത്തില്‍ ബാങ്ക് ചെലവാക്കി. അറ്റപലിശ വരുമാനം (എന്‍.ഐ.ഐ) 22,954 കോടി രൂപയില്‍ നിന്ന് 0.81 ശതമാനം താഴ്ന്ന് 22,767 കോടി രൂപയായി. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കിന്റെ 21.8 ശതമാനം ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തി. മൊത്തം വായ്‌പാമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത് 23 ശതമാനമാണ്.

₹3,851 കോടി

കഴിഞ്ഞപാദത്തില്‍ എസ്.ബി.ഐയുടെ ലാഭം 3,581 കോടി രൂപ. 2018-19ലെ സമാനപാദത്തില്‍ ലാഭം 838.40 കോടി രൂപയായിരുന്നു.

₹14,488 കോടി

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബാങ്കിന്റെ ആകെ ലാഭം 14,488 കോടി രൂപ. 2018-19ല്‍ 862 കോടി രൂപയായിരുന്നു ലാഭം.

7.44%

മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരിവില ഇന്നലെ 7.44 ശതമാനം ഉയര്‍ന്ന് 186.70 രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button