KeralaLatest NewsNews

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ‘കൊക്കോണിക്സ്‌’ ആമസോണില്‍ എത്തി : സവിശേഷതകള്‍

തിരുവനന്തപുരം • കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ‘കൊക്കോണിക്സ്‌’ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണില്‍ വില്പനയ്ക്കെത്തി. 29,250 രൂപ മുതല്‍ 39,450 രൂപ വില വരെയുള്ള, വിവിധ കോണ്‍ഫിഗറേഷനിലുള്ള മൂന്ന് മോഡലുകളാണ് ആമസോണില്‍ എത്തിയത്. പൊതുവിപണിയിലും ലാപ്ടോപ് ഉടന്‍ എത്തുമെന്നാണ് സൂചന.

ഉബുണ്ടു, വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 പ്രോ എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലാണ് ലാപ്ടോപ് പുറത്തിറക്കിയിരിക്കുന്നത്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന മോഡലിന് 29,250 രൂപയാണ് വില. വിന്‍ഡോസ് 10 ഹോം പതിപ്പിന് 35,680 രൂപയാണ് ആമസോണ്‍ വില. വിന്‍ഡോസ് 10 പ്രോ പതിപ്പിന് 39,450 രൂപയും.

14.1 ഇഞ്ച്‌ സ്ക്രീന്‍, ഇന്റല്‍ ഐ3-7100 ( 2.4 ജിഗാ ഹെട്സ് ) പ്രോസസര്‍, 8 ജിബി റാം, 1 ടിബി സാറ്റ 3 എച്ച്.ഡി.ഡി സ്റ്റോറേജ്, ഇന്റല്‍ എച്ച്.ഡി ഗ്രാഫിക്സ് 650, 5000 എംഎ.ച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍. 6 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. റാം 16 ജിബി വരെ വര്‍ധിപ്പിക്കാം. 1.7 കിലോഗ്രാമാണ് ഭാരം.

ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാള്‍ വിലക്കുറവാണ്‌ എന്നതാണ് കൊക്കോണിക്സിനെ ശ്രദ്ധേയമാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള  കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്‌സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്‌സ്‌‌.

കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ്‌ സര്‍ക്യൂട്ട്‌ നിര്‍മ്മാണശാലയാണ്‌ കൊക്കോണിക്‌സ്‌‌ പ്ലാന്റ് ആക്കി മാറ്റിയത്.

വര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ്‌ നിര്‍മ്മിക്കുകയാണ്‌ ലക്ഷ്യം‌. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ്‌ ലാപ്‌ടോപ്‌ കൈമാറി‌. പഴയ ലാപ്ടോപ്പുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്‌സ്‌ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button