KeralaLatest NewsIndia

ഏഷ്യാനെറ്റ് ചാനലിനെതിരെ കേസ് കൊടുത്ത ബി.ജെ.പി നേതാവിനെതിരെ 15 കോടിയുടെ മാനനഷ്ടക്കേസുമായി ഏഷ്യാനെറ്റ്

കൊച്ചിയിലെ അഭിഭാഷകനായ വി.വി.നന്ദകുമാര്‍ നമ്പ്യാര്‍ മുഖേനയാണ് വക്കീല്‍ നോട്ടിസ് അയച്ചത്.

ഡല്‍ഹി: ഏഷ്യാനെറ്റ് ചാനലിനെതിരെ കേസ് കൊടുത്ത ബി.ജെ.പി നേതാവ് പുരുഷോത്തമന്‍ പാലായില്‍ നിന്ന് 15 കോടിയുടെ മാനനഷ്ട പരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്. ചാനലിന് പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ പുരുഷോത്തമന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത പരാമര്‍ശങ്ങളാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. കൊച്ചിയിലെ അഭിഭാഷകനായ വി.വി.നന്ദകുമാര്‍ നമ്പ്യാര്‍ മുഖേനയാണ് വക്കീല്‍ നോട്ടിസ് അയച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള പുരുഷോത്തമന്റെ എഫ്.ബി പോസ്റ്റിനെതിരെയാണ് ചാനലിന്റെ അന്തസിനു കോട്ടം തട്ടിച്ചതായി ചൂണ്ടിക്കാട്ടി കമ്പനി വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ഏഷ്യാനെറ്റിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ തകര്‍ക്കാനും പൊതു ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ചിലരുമായി ചേര്‍ന്നു ഗൂഡാലോചന നടത്തിയാണു പോസ്റ്റ് പ്രസിദ്ധീകരിച്ചെന്നും ആരോപിക്കുന്നു. പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ ലൈംഗിക ചുവയോടെയാണെന്നും ആരോപിക്കുന്നു.തെറ്റ് തിരുത്തിയില്ലെങ്കില്‍ മാന നഷ്ടപരിഹാരമായി 15 കോടിയും കോടതി ചെലവും ആവശ്യപ്പെട്ടാണ് ഏഷ്യാനെറ്റ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തങ്ങളുടെ സല്‍പ്പേരിനു കോട്ടം തെറ്റിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും നിരുപാധികമായി മാപ്പു പറയണമെന്നും ബി.ജെ.പി നേതാവിനും ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിനും നല്‍കിയ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടു ഏഷ്യാനെറ്റ് ചാനലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പുരുഷോത്തമന്‍ പാല ഡല്‍ഹി പോലീസില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.  ഏഷ്യാനെറ്റ് ലേഖകന്‍ പി.ആര്‍.സുനില്‍, റീജിയണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം , മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിന്ധുസൂര്യകുമാര്‍, എം.ജി.രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പുരുഷോത്തമന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത് .

ഡല്‍ഹി കലാപ വേളയില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്ത വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ വഴി തെളിയിച്ചു എന്നാണ് ബി.ജെ.പി നേതാവിന്റെ പരാതി.ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഡല്‍ഹി പോലീസില്‍ കൊടുത്ത പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്നും പുരുഷോത്തമന്‍ വ്യക്തമാക്കി. ദേശീയ സുരക്ഷ ഏജന്‍സിക്കും ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിനും, കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പു മന്ത്രിക്കും പരാതി നല്‍കുമെന്നും പുരുഷോത്തമന്‍ പറഞ്ഞു.

ഏഷ്യാനെറ്റിന്റെ പരാതിയില്‍ മറുപടി നല്‍കില്ലെന്നും മാനനഷ്ട കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ബി.ജെ.പി നേതാവ് അറിയിച്ചു. വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുന്ന വാര്‍ത്തയുടെ പേരില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനു 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയതല്ലാതെ റിപ്പോര്‍ട്ടര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുമെതിരെ കേസെടുത്തിരുന്നില്ല- കേബിള്‍ ടിവി നെറ്റ് വര്‍ക്ക് നിയമ പ്രകാരമുള്ള നടപടികള്‍ക്കു പുറമെ ഐപിസി വകുപ്പുകളനുസരിച്ചുള്ള നടപടികളും ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി പൊലീസിനെ സമീപിച്ചിരിക്കുന്നതെന്നാണ് പുരുഷോത്തമന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button