Latest NewsKeralaNews

വധുവിനെ ഒരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്ന് ഫോൺ സന്ദേശം; അങ്കലാപ്പിലായി ​ഗുരുവായൂർ ക്ഷേത്ര അധികൃതർ

ഗുരുവായൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചത്. എന്നാൽ ഇന്നലെ ക്ഷേത്രത്തിലേക്ക് എത്തിയ വ്യാജ സന്ദേശം അധികൃതരെ വട്ടംകറക്കിയിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്ന വിവാഹങ്ങളിൽ ഒന്നിൽ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്ന വ്യാജ സന്ദേശമാണ് ആശങ്ക സൃഷ്ടിച്ചത്.

രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ടു നിന്നുള്ള ഒരു വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്നാണ് ഇയാൾ ചീഫ് സെക്യൂരിറ്റി ഓഫിസറോട് പറഞ്ഞത്.

ഇതോടെ ക്ഷേത്രനടയിലേക്ക് കൂടുതൽ പൊലീസും ആരോഗ്യപ്രവർത്തകരുമെത്തി. 20 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. ഓരോ സംഘത്തോടും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാലക്കാട്ടു നിന്നുള്ള സംഘത്തോട് അന്വേഷിച്ചപ്പോൾ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയതെന്ന് ഇവർ പറഞ്ഞു.

തുടർന്ന് പൊലീസ് വീണ്ടും നടത്തിയ അന്വേഷണത്തിൽ പാലക്കാട്ട് വിദേശത്തു നിന്നെത്തിയ കോവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടിഷ്യനാണെന്ന് കണ്ടെത്തി. ഗുരുവായൂരിൽ ഇന്നലെ നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവർ. എന്നാൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അടുത്തൊന്നും ബ്യൂട്ടിഷ്യൻ ജോലിക്ക് പോയിട്ടില്ലെന്നും വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button