Latest NewsIndia

ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചേക്കും, അണ്ണാ ഡിഎംകെ എംഎല്‍എക്ക് കൊറോണ

കോവിഡ് 19 രോഗവ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ വീണ്ടും സമ്പര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. അതേസമയം അണ്ണാ ഡിഎംകെ എംഎല്‍എ കെ പളനിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ എംഐഒടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.57 വയസ്സു പ്രായമുള്ള എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഏതാനും നാളുകളായി എംഎല്‍എ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് എംഎല്‍എയുടെ സ്രവങ്ങള്‍ പരിശോധനക്ക് അയച്ചത്. സ്രവപരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയുടെ വീട്ടുകാരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ എംഎല്‍എയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് കെ പളനി. അടുത്തിടെ ഡിഎംകെ എംഎല്‍എ അൻപഴകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും തുടർന്നു മരണപ്പെടുകയും ചെയ്തിരുന്നു. ശ്രിപെരുമ്പുദുര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെ പളനി.

ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.

shortlink

Post Your Comments


Back to top button