Latest NewsKeralaNews

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിന്റെ ആയിരക്കണക്കിന് ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിക്കു സമർപ്പിച്ചു

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. വിമാനത്താവളം സ്പെഷൽ ഓഫിസർ വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവർ തയാറാക്കിയ പദ്ധതിക്കു ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകൾ അനുമതി കൊടുത്തിരുന്നു.

വിമാനത്താവളം ലാഭകരമായി നടത്താമെന്നു സാധ്യതാ പഠനം നടത്തിയ ലൂയി ബഗ്ർ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് ലോക്ഡൗണിനു മുൻപു സർക്കാർ അംഗീകരിച്ചു. വിശദ പഠന റിപ്പോർട്ട് തയാറാക്കാനുമുള്ള ചുമതലയും കൺസൽട്ടിങ് സ്ഥാപനമായ ലൂയി ബഗ്റിനു നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ ഒപ്പുവയ്ക്കുന്നതോടെ റവന്യു വകുപ്പു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്നു വിമാനത്താവള നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു വി. തുളസീദാസ് പറഞ്ഞു.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച നിയമ നടപടികളാണ് അടുത്ത കടമ്പ. ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് എസ്റ്റേറ്റ്. ചെറുവള്ളി അടക്കം ഹാരിസൺ പ്ലാന്റേഷൻസിന്റെ പക്കലുള്ള എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള എം.ജി. രാജമാണിക്യം റിപ്പോർട്ട് കോടതി റദ്ദാക്കിയിരുന്നു. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ സിവിൽ കേസ് നടത്താനും സർക്കാരിനു നിർദേശം നൽകിയിരുന്നു. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ കോട്ടയം കലക്ടർ പാലാ കോടതിയിൽ സിവിൽ കേസ് കൊടുത്തിട്ടുണ്ട്. ഈ നിയമ നടപടികൾക്കു സമാന്തരമായാണു സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം.

സ്ഥലം ഏറ്റെടുക്കുന്നതിനായി സർക്കാർ സമീപിച്ചിട്ടില്ലെന്നു ബിലീവേഴ്സ് ചർച്ച് വക്താവ് ഫാ. സിജോ പണ്ടപ്പള്ളി പറഞ്ഞു. ആവശ്യം ഉയർന്നാൽ ബിഷപ്സ് കൗൺസിൽ ചേർന്നു തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button