KeralaLatest NewsNews

തിരുവനന്തപുരം-കാസര്‍ഗോഡ്‌ സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം • തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാത നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഈ അതിവേഗ പാത കോടികള്‍ ചെലവഴിച്ച് പുട്ടടിക്കാനുള്ള ഒരു പദ്ധതി മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. 60000 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന അതിവേഗ പാത കേരളത്തിന് എത്രമാത്രം ഗുണകരമാവുമെന്ന് പരിശോധിക്കണം.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ 1 ലക്ഷം കോടി യു.എസ് ഡോളര്‍ ചെലവഴിച്ച് നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്ന സി.പി.എം കേരളത്തില്‍ അതിവേഗ ട്രെയിനിനായി മുറവിളി കൂട്ടുന്നതിന്‍റെ വൈരുധ്യം മനസ്സിലാകുന്നില്ലെന്നും എം.പി പറഞ്ഞു.

ജനവാസ മേഖലയിലൂടെയുള്ള ഈ പാത പരമാവധി പില്ലറുകളിലൂടെയാണ് പോകുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഉറപ്പ് വിശ്വസിക്കാനാകില്ലെന്നും എം.പി പറഞ്ഞു അതിവേഗ രെയില്‍പ്പാത കടന്നുപോകുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കൊട്ടാരക്കര, കുന്നത്തൂര്‍, മാവേലിക്കര, ചങ്ങനാശ്ശേരി താലൂക്കുകളില്‍ നൂറുകണക്കിന് ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരും.

നിരവധി ദേവാലയങ്ങളുടേയും പള്ളികളുടേയും സമീപത്തുകൂടിയായി കടന്നുപോകുന്ന ഈ പാതയുടെ വിശദ വിവരങ്ങള്‍ ജനപ്രതിനിധികളുമായിപ്പോലും ആലോചിക്കാതെ ഉപഗ്രഹ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് ജനങ്ങളില്‍ അതി ഭയങ്കരമായ ഭീതിയും ആശങ്കയും ഉയര്‍ത്തിയിരിക്കുകയാണ്. പാത കടന്നു പോകുന്ന പല സ്ഥലങ്ങളിലും ജനങ്ങള്‍ ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. അതിവേഗപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പും വീട് ഒഴിപ്പിക്കല്‍ ഉള്‍പ്പടെ നേരിടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പോലും ആലോചന നടത്താതെയുള്ള തീരുമാനം കേരളത്തെ അപകടത്തിലാക്കുമെന്നും എം.പി പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍പ്പാത നടപ്പാക്കുന്നതിനള്ള അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും എം.പിമാരുടെയും യോഗം വിളിച്ചു ചേര്‍ക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button