Latest NewsIndiaInternational

ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ ഇന്ത്യക്കായിരിക്കുമെന്ന് പഠന റിപ്പോർട്ട്

ഇന്ത്യക്കെതിരെ ചൈന യുദ്ധം ചെയ്താൽ സിൻജിയാങ്ങിലും ടിബറ്റിലും ഈസ്റ്റ് തുർക്ക്മെനിസ്ഥാൻ മേഖലയിലും മംഗോളിയൻ അതിർത്തി മേഖലയിലും കലാപ സാധ്യത ഏറെയാണ്.

ഇന്ത്യന്‍ സേനയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നേർക്കു നേർ എത്തിയിട്ട് ഒരുമാസത്തോളം ആയി. ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ ഇന്ത്യക്കായിരിക്കുമെന്ന് ഹാർവാഡ് സർവ്വകലാശാല നടത്തിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പല കാര്യങ്ങളും വിലയിരുത്തുമ്പോൾ ഇന്ത്യക്കാണ് സാഹചര്യങ്ങളുടെ അനുകൂലാവസ്ഥ.എത്ര ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ കൃത്യമായ കണക്കില്ലെങ്കിലും 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ചൈനയും ഇന്ത്യയും തമ്മില്‍ 1975നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഉരസലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും 1975നു ശേഷം, ഇക്കാലം വരെ അയല്‍ക്കാര്‍ തമ്മില്‍ ഒരു വെടിയുണ്ട പോലും പ്രയോഗിക്കാതെയാണ് കഴിഞ്ഞുകൂടിയിരുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. എന്നാല്‍, അതിപ്പോള്‍ മാറിയിരിക്കുന്നു. അതിര്‍ത്തിയില്‍ പിരിമുറുക്കം തുടരുമ്പോള്‍, അടുത്തിടെ പുറത്തുവന്ന അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കാര്യങ്ങള്‍ വഷളായാല്‍ 1962ല്‍ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.ഇന്ത്യയുടെ പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് .തങ്ങള്‍ വിലയിരുത്തുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

ചൈനയുടെ ഭീഷണിക്കും ആക്രമണത്തിനുമെതിരെ ഇത് ഇന്ത്യയ്ക്ക് ഗുണകരമായേക്കും. ഇന്ത്യയ്ക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാല്‍ വ്യോമ സേനകളായിരിക്കും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ എത്തുക.കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവര്‍ പറയുന്നു.

ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാല്‍ പോലും ചൈനീസ് സേനയുടെ അംഗബലം അവര്‍ക്ക് ഗുണകരമാവില്ല. സേനയുടെ പല വിഭാഗങ്ങളും ടിബറ്റിലും സിന്‍ജിയാങിലുമുള്ള കലാപകാരികള്‍ക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ അതിർത്തി പ്രദേശത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് സേനയെ വേണമെങ്കില്‍ പൂര്‍ണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

ചൈനീസ് സേനയുടെ നല്ലൊരു ശതമാനവും സ്വന്തം രാജ്യത്തിനകത്ത പൗരമാരെ അടിച്ചമർത്തുന്ന ജോലിയിലാണ്. ആഭ്യന്തരമായ അസ്വസ്ഥതകൾ നേരിടാൻ വിനിയോഗിക്കപ്പെട്ട സേന അതിർത്തിയിലേക്ക് നീങ്ങിയാൽ ചൈനയ്ക്കകത്ത് പലയിടത്തും കലാപമുണ്ടാകും. ടിബറ്റിലെ അറുപത് ലക്ഷം പേർ നോക്കിയിരിക്കില്ല എന്ന് ടിബറ്റൻ ആക്റ്റിവിസ്റ്റായ ടെൻസിൻ സുണ്ടു പറഞ്ഞത് വെറുതെയല്ല. ഇന്ത്യക്കെതിരെ ചൈന യുദ്ധം ചെയ്താൽ സിൻജിയാങ്ങിലും ടിബറ്റിലും ഈസ്റ്റ് തുർക്ക്മെനിസ്ഥാൻ മേഖലയിലും മംഗോളിയൻ അതിർത്തി മേഖലയിലും കലാപ സാധ്യത ഏറെയാണ്.

സ്വന്തം ബോർഡർ സെക്യൂരിറ്റിയിൽ ചൈന കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത് റഷ്യ, മംഗോളിയ അതിരുകളിലാണ്. ഹിമാലയൻ മേഖലയിൽ ചൈനയുടെ സന്നാഹങ്ങൾ മിതമാണ്. അതിന് രണ്ടാണ് കാരണം. ഒന്ന്, അതിരുകടന്ന് ചൈനയെ ആക്രമിച്ചു കീഴടക്കാൻ വരുന്ന ഒരു ശത്രുവായി ഒരിക്കലും ഇന്ത്യയെ ചൈന കണ്ടിട്ടില്ല. രണ്ട്, ജിയോളജിക്കലി, ഹിമാലയൻ പ്രദേശത്ത് സന്നാഹങ്ങൾ ഒരുക്കാൻ ചൈനയ്ക്ക് വളരെ ബുദ്ധിമുട്ടാണ്.എന്നാൽ 1962 മുതൽ ഇന്ത്യ ചൈനയെ ഭീഷണിയായാണ് കാണുന്നത്.

അതിനാൽ എല്ലാം സഹിച്ചും ഇന്ത്യ ഹിമാലയൻ മേഖലയിൽ വ്യാപകമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിൽ, പെട്ടെന്ന് ആക്രമണശേഷി കൈവരിക്കാനാകുന്ന സൈനികവ്യൂഹങ്ങൾ തന്നെയുണ്ട്. ഇന്ത്യക്ക് കയ്യിലുള്ള മുഴുവൻ യുദ്ധവിമാനങ്ങളും ടിബറ്റൻ അതിരിനടുത്ത് ന്യസിക്കാനാകും. ഇത് എയർ സ്ട്രൈക്കിൽ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകും. യുദ്ധത്തിൽ ആദ്യഘട്ടത്തിൽ ഇന്ത്യ വിമാനാക്രമണത്തിൽ മുൻതൂക്കം നേടിയാൽ അത് ചൈനക്ക് തിരിച്ചുപിടിക്കാനാകില്ല.

കാരണം ടിബറ്റിലെ ചൈനീസ് എയർ ബേസുകൾ ഇന്ത്യക്ക് തകർക്കാനാകും.ഇന്ത്യയെക്കാൾ പത്തു ലക്ഷം പേർ അധികമുണ്ട് ചൈനയുടെ പട്ടാളത്തിൽ. പക്ഷേ അതുകൊണ്ട് ഇന്ത്യയുമായി യുദ്ധമുണ്ടായാൽ കാര്യമൊന്നുമില്ല. ദുർഗ്ഗമമായ ഹിമാലയൻ മേഖലകളിൽ അത്രയ്ക്കും സൈന്യത്തെ എത്തിക്കാൻ ചൈനയ്ക്ക് പെട്ടെന്നാകില്ല. ഒറ്റയടിപ്പാതപോലെത്തെ റോഡുകളിൽ സൈനിക വാഹനങ്ങൾക്ക് നീങ്ങുന്നത് പതുക്കെയേ സാധിക്കൂ. ആ റോഡുകൾ ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നാൽ ചൈനാപ്പ ട്ടാളത്തിന് അതിരിൽ എത്തുക തന്നെ സാധ്യമാകില്ല.

എന്നാൽ ഇന്ത്യക്ക് ടിബറ്റിൽ പലയിടത്തും എളുപ്പം പ്രവേശിക്കാനാകും.പിന്നെയുള്ളത് നാവികസേനയാണ്. ചൈനീസ് നേവിക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കാതെ ഇന്ത്യയെ ആക്രമിക്കാനാകില്ല. ചൈനീസ് നേവി അങ്ങോട്ട് പ്രവേശിക്കാതിരിക്കാൻ മക്കോ കടലിടുക്കിൽ ഇപ്പോൾത്തന്നെ ഇന്ത്യൻ നാവികക്കപ്പലുകൾ നിലയുറപ്പിക്കുകയാണ്. ഇന്ത്യയുമായി പ്രശ്നം വന്നാൽ ചിലപ്പോൾ ജപ്പാന്റെയും യുഎസിന്റെയും നാവിക സേനകളെ ചൈനയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അങ്ങനെയെങ്കിൽ ചൈനീസ് നാവിക സേനയ്ക്ക് ഭക്ഷിണ സമുദ്രത്തിൽ കടക്കാനാകില്ല.

ഇന്ത്യക്ക് ആകെ പ്രശ്നമുണ്ടാക്കുക ശ്രീലങ്കയിലോ ജിബൂട്ടിയിലോ കറാച്ചിയിലോ ഒക്കെ ഉണ്ടാകാനിടയുളള ഏതാനുംചൈനീസ് പടക്കപ്പലുകൾ മാത്രമാണ്. അത് മറികടക്കാൻ ഇന്ത്യക്കാകും.സ്വന്തം നിലയ്ക്ക് ഇന്ത്യയെ വിജയിക്കാൻ ഇപ്പോൾ ചൈനയ്ക്ക് സാധ്യമല്ല. പാകിസ്ഥാനും കമ്യൂണിസ്റ്റുകൾ ഭരിക്കുന്ന നേപ്പാളും ചൈനയെ സഹായിക്കാനായി ഇന്ത്യക്കെതിരെ സൈന്യവുമായി വന്നാൽ മാത്രമേ അല്പമെങ്കിലും തലവേദന ഇന്ത്യയ്ക്കുണ്ടാകൂ.

ഇന്ത്യക്കെതിരെ നീങ്ങിയാൽ നേപ്പാളിൽ സർക്കാർ വിരുദ്ധകലാപം ഉണ്ടായേക്കാൻ സാധ്യത ഏറെയാണ്. പാകിസ്ഥാനിൽ സിന്ധിലും ബലൂചിസ്ഥാനിലും കലാപവും ഉണ്ടാകാനിടയുണ്ട്.ഇന്ത്യയുടെ സുരക്ഷ ഭദ്രമാണ്. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യയുടെ അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങൾ വരെ ചൈനയ്‌ക്കെതിരെ പ്രയോഗിക്കാൻ കഴിയുമെന്നും റിപ്പോട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button