Latest NewsKeralaNews

നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടിയ്‌ക്കെതിരെ നവയുഗം

ദമ്മാം: 2020 ജൂൺ 20 മുതൽ കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ളൈറ്റിൽ വരുന്ന പ്രവാസികൾ, 48 മണിക്കൂർ മുൻപ് കോവിഡ് ടെസ്റ്റ് നടത്തി, കോവിഡ് നെഗറ്റിവ് ആണെന്ന സർട്ടിഫിക്കറ്റ് നൽകിയാലേ യാത്ര ചെയ്യാൻ അനുവദിയ്ക്കൂ എന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടും, ബദൽ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനും, നോർക്കയ്ക്കും നിവേദനം നൽകി.

സൗദി അറേബ്യയിൽ രോഗലക്ഷണമില്ലാത്ത ആളുകൾക്ക് സർക്കാർ കോവിഡ് ടെസ്റ്റ് നടത്തുന്നില്ല. പ്രൈവറ്റ് സ്ഥാപനങ്ങളെ സമീപിയ്ക്കാമെന്നു വെച്ചാൽ, അപ്പോയ്ന്മെന്റ് എടുത്തു ദിവസങ്ങൾ കാത്തിരുന്നാലേ ഡേറ്റ് കിട്ടുകയുള്ളൂ. 1500 റിയാൽ (30,000 രൂപ) മുതൽ മുകളിലോട്ട് ടെസ്റ്റ് ഫീസ് ഒടുക്കണം. ടെസ്റ്റ് റിസൾട്ട് കിട്ടാനും 3 മുതൽ 5 ദിവസം വരെ എടുക്കാറുണ്ട്. ചാറ്റേർഡ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ, യാത്ര ചെയ്യാനായില്ലെങ്കിൽ ടിക്കറ്റിന്റെ പണം തിരികെ കിട്ടുകയുമില്ല. അതിനാൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർബന്ധം പിടിച്ചാൽ പ്രായോഗികമായി പ്രവാസികളുടെ യാത്ര മുടങ്ങും എന്ന് ഉറപ്പാണ്. കോവിഡ് ടെസ്റ്റിന്റെ ഉത്തരവാദിത്വം മുഴുവൻ ചാർട്ടേർഡ് ഫ്ലൈറ്റ് നടത്തുന്ന കമ്പനികളുടെയോ, സംഘടനകളുടെയോ തലയിൽ വന്നു വീഴുന്നു എന്നതിനാൽ, ഇത്തരം ഒരു തീരുമാനം ചാർട്ടേർഡ് ഫ്ളൈറ്റുകൾ തന്നെ ഇല്ലാതാക്കാൻ കാരണമാകും. അറുപതിനായിരത്തോളം മലയാളികളാണ് സൗദിയിൽ നിന്നും നാട്ടിൽ പോകാനായി ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്ത് കാത്തിരിയ്ക്കുന്നത്. വന്ദേഭാരത് ഫ്ളൈറ്റുകൾ വളരെ കുറവാണ് സൗദിയിൽ നിന്നും ചാർട്ട് ചെയ്തിരിയ്ക്കുന്നത്. അതിനാൽ ചാർട്ടേർഡ് ഫ്ളൈറ്റുകൾ കൂടുതൽ ഉണ്ടായാലേ, ഇതിൽ പകുതി പ്രവാസികൾക്കെങ്കിലും അടുത്ത മൂന്നു മാസത്തിനുള്ളിൽ എങ്കിലും നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയൂ എന്ന് നിവേദനത്തിൽ നവയുഗം ചൂണ്ടിക്കാട്ടി.

സർക്കാരിന് മുന്നിൽ നിവേദനത്തിലൂടെ നവയുഗം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഇവയാണ്.

1) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന സംസ്ഥാന സർക്കാർ പൂർണ്ണമായും പിൻവലിച്ചു പ്രവാസികളെ മടങ്ങാൻ അനുവദിയ്ക്കുക. വരുന്ന പ്രവാസികളെ മൊത്തം സംസ്ഥാനത്തെ വിമാനത്താവളങ്ങളിലോ കൊറന്റൈൻ സെന്ററുകളിലോ വച്ചു തന്നെ കോവിഡ് ടെസ്റ്റ് നടത്തി, കൃത്യമായി തുടർപരിശോധനകൾ നടത്തി രോഗവ്യാപനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

2) വിമാനത്തിലെ രോഗമില്ലാത്ത യാത്രക്കാരുടെ സുരക്ഷിതത്വം ആണ് വിഷയം എങ്കിൽ, കൂടുതൽ സുരക്ഷയ്ക്കായി, എല്ലാ യാത്രക്കാരെയും ആശുപത്രി ജീവനക്കാരെപ്പോലെ പൂർണ്ണമായും PPE ധരിപ്പിച്ചും കൊണ്ട് വരാം. സമ്പർക്കം ഇല്ലാതാകുന്നതിനാൽ രോഗം പകരില്ല. അങ്ങനെയും കൊറോണ ടെസ്റ്റ് ഒഴിവാക്കാം.

അങ്ങനെയല്ല, സർക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു എങ്കിൽ, പ്രവാസികൾക്ക് വേണ്ടി നവയുഗം ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇവയാണ്.

1) 48 മണിക്കൂർ മുൻപ് നടത്തുന്ന കൊറോണ ടെസ്റ്റ് പ്രായോഗികമല്ല. രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് റിസൾട്ട് കിട്ടുന്ന റാപ്പിഡ് ടെസ്റ്റ് മാത്രം മതി എന്ന് തീരുമാനിയ്ക്കുക..

2) പ്രവാസികളുടെ കോവിഡ് ടെസ്റ്റിന്റെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്രസർക്കാർ വഴി ഇന്ത്യൻ എംബസ്സിയെ ഏൽപ്പിയ്ക്കുക. എംബസ്സിയുടെ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിലുള്ള പണം ഉപയോഗിച്ച് ഏതെങ്കിലും ആശുപത്രീകൾ വഴി എല്ലാ പ്രവാസികൾക്കും സൗജന്യമായി, യാത്ര ചെയ്യുന്നതിന് തലേന്ന് റാപ്പിഡ് ടെസ്റ്റ് നടത്തുവാനുള്ള സംവിധാനം ഒരുക്കുക.

3) കേന്ദ്രസർക്കാരോ എംബസ്സിയോ കോവിഡ് ടെസ്റ്റിന്റെ ഉത്തരവാദിത്വം ഏൽക്കാത്ത പക്ഷം നോർക്ക വഴി കേരളസർക്കാർ തന്നെ ആ ചുമതല ഏറ്റെടുക്കുക.

3) സൗദി അറേബ്യയിൽ മലയാളികൾ നടത്തുന്ന ഒരുപാട് പൊളിക്ലിനിക്കുകളും ആശുപത്രികളും ലാബുകളും ഉണ്ട്. പക്ഷെ ഇവയ്ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സർക്കാർ അനുമതി ഇല്ല. ഇന്ത്യൻ എംബസ്സി വഴി നയതന്ത്രബന്ധത്തിലൂടെ ഇവയ്ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി വാങ്ങി കൊടുത്ത ശേഷം, ഇവയുമായി നോർക്ക കരാറുണ്ടാക്കി യാത്ര ചെയ്യേണ്ട പ്രവാസികൾക്ക് സൗജന്യമായി ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കുക.

4) അതല്ലാതെ മറ്റു ആശുപത്രികളിൽ പ്രൈവറ്റായി ടെസ്റ്റ് ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ടെസ്റ്റിന് ചെലവായ തുക നോർക്ക വഴി റീഫണ്ട് നൽകുക.

5) ഗൾഫ് രാജ്യങ്ങളിൽ ഈ സംവിധാനങ്ങൾ ഉണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം യാത്രക്കായി കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുക. അത് വരെ ഈ ഉത്തരവ് മരവിപ്പിയ്ക്കുക.

ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് പ്രവാസികളെ സഹായിക്കാൻ അനുകൂലമായ ഒരു തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button