KeralaLatest NewsNews

ഇന്ധനവില വര്‍ധനവിനെതിരെ സി.പി.ഐ(എം) പ്രക്ഷോഭത്തിന്

തിരുവനന്തപുരം • പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 25-ന്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌ തീരുമാനിച്ചു. ഏര്യാ, ലോക്കല്‍ കേന്ദ്രങ്ങളിലാണ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം സംഘടിപ്പിക്കുന്നത്.

കോവിഡ്‌ കാലത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. പത്തു തവണ വര്‍ദ്ധിപ്പിച്ച എക്‌സൈസ്‌ തീരുവയില്‍ നിന്നു മാത്രം രണ്ടു ലക്ഷം കോടി രൂപയിലധികം കേന്ദ്ര സര്‍ക്കാരിനു ലഭിച്ചെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഒരു ട്വീറ്റില്‍ വ്യക്തമാക്കിയ കണക്കുകള്‍ ഇങ്ങനെയാണ്‌: കോവിഡ്‌ പാക്കേജിന്റെ ഭാഗമായി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ അധിഷ്‌ഠിതമായ നേരിട്ടുള്ള പണം കൈമാറ്റംവഴി 31.77 കോടി ആളുകള്‍ക്ക്‌ 28,256 കോടി രൂപ നല്‍കിയെന്നാണ്‌. എന്നാല്‍, മാര്‍ച്ചില്‍ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ്‌ തീരുവ മൂന്നു രൂപ ഉയര്‍ത്തിയതുവഴിമാത്രം സമാഹരിച്ചത്‌ 39,000 കോടി രൂപയാണ്‌.

തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക്‌ ഇളവുകള്‍ വഴി ആശ്വാസം നല്‍കേണ്ടതിനു പകരം ന്യായമായും ലഭിക്കേണ്ടതു പോലും നല്‍കാതെ പിടിച്ചുപറിയാണ്‌ കേന്ദ്രം പിന്തുടരുന്നത്‌. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയിലിന്‌ തുടര്‍ച്ചയായി വിലയിടിയുമ്പോഴാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ഈ പകല്‍ക്കൊള്ള.

2014ല്‍ മോഡി അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ്‌ ഡ്യൂട്ടി 9.48 രൂപയും ഡീസലിന്റേത്‌ 3.56 രൂപയുമായിരുന്നു. ഇന്നത്‌ യഥാക്രമം 22.98 രൂപയും 18.83 രൂപയുമാണ്‌. ഡോളര്‍ കണക്കില്‍ പരിശോധിക്കുമ്പോള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ നിലവില്‍ ക്രൂഡോയിലിന്റെ വില 2004 ജൂലൈയിലേതിന്‌ തുല്യമാണ്‌. അന്ന്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 35.71 രൂപയും ഡീസലിന്‌ 22.74 രൂപയുമായിരുന്നു വില. എല്‍.പി.ജി സിലിണ്ടറിന്റെ വില 281.60 രൂപയുമായിരുന്നു. അതേ നിലവാരത്തിലേക്ക്‌ ക്രൂഡ്‌ വില താഴ്‌ന്നപ്പോഴും കേന്ദ്രം ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ്‌.

ജനങ്ങളെ കൊള്ളയടിക്കുന്ന നയം തിരുത്തണമെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ജൂണ്‍ 25-ന്‌ നടത്തുന്ന പ്രക്ഷോഭത്തില്‍ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി അണിനിരക്കാന്‍ മുഴുവന്‍ ജനങ്ങളോടും സി.പി.ഐ (എം) അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button