Latest NewsKeralaNews

ലോക് ഡൗണിനിടെ കുഞ്ഞ് ജസ്ലിനും കുടുംബത്തിനും താങ്ങായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ : ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് വയസുകാരി കുടുംബത്തോടൊപ്പം

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കഥ പറയാനുണ്ടാകും. അത്തരത്തിലൊരു സങ്കടത്തിന്റേയും സന്തോഷത്തിന്റേയും കഥയാണ് തൃശൂര്‍ സ്വദേശിനി ആവണി പ്രിന്‍സെന്ന നഴ്‌സിന് പറയാനുള്ളത്. മൂന്ന് വയസുകാരി മകള്‍ക്ക് അടിയന്തര ഹൃദയ ശസ്ത്രക്രിയ ഉടന്‍ നടത്തണം. അമ്മയും അച്ഛനുമാണെങ്കില്‍ ലോക് ഡൗണില്‍പ്പെട്ട് ഉത്തര്‍ പ്രദേശിലും. എല്ലാ വഴികളും അടഞ്ഞ അവസ്ഥയില്‍ നിന്നാണ് കേരളത്തിലെത്താനും മകളുടെ ശസ്ത്രക്രിയ സൗജന്യമായി നടത്താനും കഴിഞ്ഞത്. സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റേയും ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് ഈ കുടുംബത്തേയും കുഞ്ഞിനേയും ഒന്നിപ്പിച്ചത്.

9 വര്‍ഷമായി ഉത്തര്‍ പ്രദേശിലെ ഗൊരക്പൂരില്‍ കഴിയുകയാണ് ആവണി പ്രിന്‍സും ഭര്‍ത്താവ് പ്രിന്‍സും കുടുംബവും. ആവണി നഴ്‌സിംഗ് ലക്ചററും പ്രിന്‍സ് റെയില്‍വേയില്‍ നഴ്‌സുമാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. ഇളയ മകള്‍ ജസ്ലിന്‍ പ്രിന്‍സിന് ജന്മനാ തന്നെ ഹൃദയത്തിന് സുഷിരം ഉണ്ടായിരുന്നു. കുട്ടിയുടെ ഒന്നാമത്തെ വയസില്‍ കേരളത്തില്‍ വച്ച് ഒരു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് ഒരു സെക്കന്റ് ഒപ്പീനിയന്‍ എടുക്കാനാണ് ലോക്ഡൗണിന് മുമ്പ് ആവണിയും കുടുംബവും നാട്ടിലെത്തിയത്. കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ഇതറിഞ്ഞതോടെ കുട്ടിയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ജോലി രാജിവയ്ക്കാനും എല്‍.കെ.ജി.യില്‍ പഠിക്കുന്ന മകളുടെ ടി.സി. വാങ്ങാനും കൂടിയാണ് ആവണിയും പ്രിന്‍സും കൂടി മക്കളെ നാട്ടില്‍ നിര്‍ത്തി വീണ്ടും ഉത്തര്‍പ്രദേശിലേക്ക് പോയത്. അപ്പോഴാണ് ലോക് ഡൗണ്‍ വന്നതും നാട്ടിലെത്താനുള്ള സകല വഴികളും അടഞ്ഞത്.

അതിനിടെ കുട്ടിക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തൃശൂരിലുള്ള ആവണിയുടെ അച്ഛനും അമ്മയും കുട്ടിയെ അമൃതയിലെത്തിച്ചു. ഹൃദയത്തിന് പ്രശ്‌നമുള്ളതിനാല്‍ രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് അറിയിച്ചു. ഇതോടെ ആവണിയും പ്രിന്‍സും വല്ലാത്ത അവസ്ഥയിലായി. ലോക് ഡൗണില്‍ എങ്ങനെ കേരളത്തിലെത്താനാ… വണ്ടി വിളിച്ച് വന്നാല്‍ ഒരു ലക്ഷം രൂപയോളം വേണം. ഗൊരക്പൂരിലെ മലയാളി സമാജവുമായി ബന്ധപ്പെട്ടെങ്കിലും യാത്ര നീളുകയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ സ്വകാര്യ ചാനലിലെ ലൈവ് പരിപാടിയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. തന്റെ നിസഹായാവസ്ഥ ആവണി ടീച്ചറോട് പങ്കുവച്ചു. പേടിക്കേണ്ടെന്നും ഓപ്പറേഷന്‍ ഭംഗിയായി നടക്കുമെന്നും മന്ത്രി അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഇടപെടലുകളുമുണ്ടായി.

പരിപാടി കഴിഞ്ഞ ശേഷം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവണിയെ നേരിട്ട് വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയാണെന്നറിഞ്ഞ മന്ത്രി കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി ചെയ്തുകൊടുക്കാമെന്ന് ഉറപ്പ് നല്‍കി. യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഫാത്തിമ നഴ്‌സിംഗ് സ്‌കൂള്‍ ഡയറക്ടര്‍ ഫാ. സാബു ചെയ്ത് കൊടുക്കുകയും ട്രെയിന്‍ മുഖേന മേയ് 15ന് കേരളത്തിലെത്തുകയും ചെയ്തു. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അമൃതവരെയുള്ള യാത്രാ സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നു. തുടര്‍ന്ന് ആവണിയും പ്രിന്‍സും അമൃതയിലെ ഗസ്റ്റ് ഹൗസില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. ഇവര്‍ നാട്ടിലെത്തുന്നതിന് മുമ്പ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.

ഇതിനിടെ മേയ് 22ന് ഹൃദ്യം പദ്ധതി വഴി കുഞ്ഞിന് ശസ്ത്രക്രിയ നടത്തി. രണ്ട് ദിവസം കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതായി വന്നു. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞതോടെ അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടു. ശസ്ത്രകൃയ കഴിഞ്ഞുള്ള നിരീക്ഷണത്തിന് ശേഷം കഴിഞ്ഞ ദിവസം അവര്‍ കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ സുഖമായിരിക്കുന്നു.

സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുള്ള സമയത്ത് ഹൃദ്യം പദ്ധതിയിലൂടെ സഹായിച്ച മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നതായി ആവണി പ്രിന്‍സ് പറഞ്ഞു. 15 വര്‍ഷമായി വാടക വീട്ടിലായിരുന്നു. കുഞ്ഞിന്റെ സര്‍ജറി കഴിഞ്ഞാണ് പണിതീരാത്ത സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. ഇതിനിടെ കുഞ്ഞിന്റെ അസുഖം. പലപ്പോഴും പകച്ച് പോയിട്ടുണ്ട്. ജോലി രാജിവയ്ക്കാനാണ് ഉത്തര്‍പ്രദേശില്‍ പോയതെങ്കിലും നല്ലവരായ നഴ്‌സിംഗ് സ്‌കൂള്‍ അധികൃതര്‍ ലോംഗ് ലീവാണ് അനുവദിച്ചത്. ഹസ്ബന്റ് പ്രിന്‍സ് ഉടന്‍ ഉത്തര്‍പ്രദേശിലേക്ക് മടങ്ങും. മകളും സുഖമായിരിക്കുന്നു. സത്യത്തില്‍ സന്തോഷമായി. എല്ലാവരോടും നന്ദിയുണ്ടെന്നും ആവണി പ്രിന്‍സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button