KeralaLatest NewsNews

സംസ്ഥാനത്ത് സമൂഹ വ്യാപനമോ? ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാതെ ആരോഗ്യ വിദഗ്ദ്ധർ. സംസ്ഥാനത്ത് തുടരുന്ന ആന്‍റി ബോ‍ഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങിയതാണ് ആശങ്കകൾക്ക് കാരണം. കോവിഡ് വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു.

നിലവിലെ സ്ഥിതി പരിഗണിച്ചാൽ കേരളത്തിൽ ചെറിയ തോതിലെങ്കിലും കോവിഡ് സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പറയുന്നത്. കൊല്ലത്ത് ദ്രുത പരിശോധനയില്‍ ഒരാള്‍ക്ക് ഐ ജി ജി പോസിറ്റീവ് ആയി കണ്ടെത്തി. അതായത് രോഗം വന്നുപോയി എന്ന് ചുരുക്കം. രോഗ ഉറവിടം അറിയില്ല. തിരുവനന്തപുരത്ത് പരിശോധന നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നാലുപേര്‍ പോസീറ്റീവ് ആയി. എന്നാല്‍ പിസിആര്‍ പരിശോധനയില്‍ അത് നെഗറ്റീവ് ആയി. ഒരു പക്ഷേ രോഗം വന്ന് ഭേദമായതാകാമിതെന്നാണ് നിഗമനം. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 23 മുതല്‍ ഇതുവരെ ഉറവിടമറിയാത്ത 70 ലേറെ രോഗികൾ ഉണ്ട്. ഇതുവരെ 21 മരണങ്ങൾ. ഇതില്‍ 8 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കണക്കുകള്‍ സമൂഹ വ്യാപന സാധ്യതയാണ് വ്യക്തമാക്കുന്നതെന്നാണ് വിദഗ്ധ പക്ഷം.

ഉറവിടമറിയാത്ത രോഗബാധിതരെക്കുറിച്ച് പഠിക്കാൻ ജില്ല മെഡിക്കൽ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയെങ്കിലും ആകെ മൂന്നുപേരുടെ സമ്പർക്ക പട്ടിക മാത്രമാണ് കണ്ടെത്താനായത്. ഗുരുതര ശ്വാസകോശ രോഗങ്ങളടക്കം കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സ തേടുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പൂര്‍ണമായും പാലിക്കപ്പെടുന്നില്ല. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button