Latest NewsNewsIndia

പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ച് സിനിമകൾ ചെയ്തതിൽ ഞാനിന്ന് വേദനിക്കുന്നു ; സംവിധായകൻ ഹരി

ചെന്നൈ : പൊലീസുകാരെ പ്രകീർത്തിച്ച് സിനിമകൾ എടുത്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് തമിഴ് സിനിമ സംവിധായകൻ ഹരി. തൂത്തുക്കുടി സ്വദേശികളായ പിതാവും മകനും പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമായിട്ടാണ് ഹരിയുടെ പ്രതികരണം. തമിഴിലെ ഏറ്റവും മികച്ച പൊലീസ് ചിത്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിങ്കം സീരീസ്, സാമി, സാമി 2, എന്നീ ചിത്രങ്ങളൊരുക്കിയത് ഹരിയാണ്. എന്നാൽ ഇവർക്ക് ഇത്തരം ഹീറോ പരിവേഷം നൽകിയതിൽ അങ്ങേയറ്റം വേദന തോന്നുന്നുവെന്നാണ് ഹരി എഴുതിയ കുറിപ്പിൽ പറയുന്നത്.

‘പൊലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്.. പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങൾ ചെയ്തതിൽ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.. പ്രസ്താവനയിൽ ഹരി പറയുന്നു. “സതങ്കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടിൽ ആർക്കും ഇനി സംഭവിക്കരുത്. ഇതിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഏക മാർഗം’ ഹരി സോഷ്യൽ മീഡിയിൽ കുറിച്ചു.

നടൻ സൂര്യയുടെ കരിയറിലെ മികച്ച ചിത്രമാണ് ഹരിയുടെ സംവിധാനത്തിലെത്തിയ സിങ്കം.  ചിത്രത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് വിവിധ കാലയളവിൽ പുറത്തുവന്നത്. സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്ന ദുരൈ സിങ്കം എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. നിയമം വിട്ട് അണുവിട ചലിക്കാത്ത ദുരൈസിങ്കത്തിലൂടെ തമിഴ്നാട് പൊലീസിന്‍റെ മികവിനെ വാഴ്ത്തിപ്പാടുന്ന ചിത്രം എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു.

അതുപോലെ തന്നെ വിക്രമിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു സാമി. ആദ്യ ചിത്രത്തിൽ ആറുസാമി എന്ന പൊലീസുകാരനായി വിക്രം നിറഞ്ഞാടി. രണ്ടാമത്തെ ചിത്രം ആറു സാമിയുടെ മകനായ രാമസാമിയെക്കുറിച്ചായിരുന്നു. സംസ്ഥാനത്തെ ഗുണ്ടകളെ തുടച്ചു നീക്കാനെത്തിയ എസിപി രാമസാമിയെക്കുറിച്ച്. രണ്ട് ചിത്രങ്ങളും ബോക്സോഫീസ് വിജയം നേടിയിരുന്നു.എന്നാൽ ഇപ്പോൾ തൂത്തുക്കുടിയിലെ ക്രൂര സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍റെ മനസ്താപം.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണില്‍ ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകൾ തുറന്നു എന്ന കാരണത്താലാണ്പി ജയരാജ്(59) മകൻ ബെനിക്സ്(31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രൂരമായ പീഡനത്തിന് ശേഷം ആശുപത്രിയിലെത്തിക്കപ്പെട്ട ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരുടെ മരണത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അച്ഛനും മകനും നീതി വേണം.. പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാണിവരുടെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button