KeralaLatest NewsIndia

മലയോര രാഷ്ട്രീയം കുഴഞ്ഞു മറിയുന്ന അവസ്ഥയിൽ കേരളാ കൊണ്ഗ്രസ്സ് നാലായി പിളരുമോ? അമിത് ഷാ കളത്തിൽ

യു ഡി എഫിൽ നിന്നും കേരളാ  കൊണ്ഗ്രെസ്സ് ജോസ് കെ മാണി  വിഭാഗത്തെ പുറത്താക്കിയതോടെ ലാറ്റക്സിന്റെ നാട്ടിലെ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. പ്രത്യക്ഷത്തിൽ ജോസും ജോസഫും രണ്ടായി പിളർന്നു എന്ന് തോന്നിയാലും ജോസ് വിഭാഗം ഉടൻ തന്നെ മൂന്നായി പിളരുമെന്നാണ് ജോസ് പക്ഷത്തിലെ ചില വൃത്തങ്ങൾ നല്കുന്ന സൂചന . ഒരു വിഭാഗം ജോമോന്റെ നേതൃത്വത്തിൽ എൽ ഡിഎഫിൽ പോകുമ്പോൾ മറുവിഭാഗം യുഡിഎഫിൽ തന്നെ ഉറച്ചു നിൽക്കും .ഇവർ കോൺഗ്രസിൽ ചേരുകയോ പ്രത്യേക പാർട്ടിയായി ഇരിക്കുകയോ ചെയ്യുമെന്നും ഇവർ പറയുന്നു .

കൂടാതെ മൂന്നാമതൊരു വിഭാഗം യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ ജോബ് മൈക്കിളിന്റയും പ്രിൻസ് ലൂക്കോസിൻ്റെയും നേതൃത്വത്തിൽ എൻ ഡി എ യിൽ ചേരുമെന്നും സൂചനയുണ്ട് . കേരളാ  കോൺഗ്രസിന്റെ പിളർപ്പി നെ പരമാവധി മുതലെടുക്കണമെന്നാണ് കേരളാ  ബിജെപിക്ക് കേന്ദ്ര നേതൃത്വം  നൽകിയിരിക്കുന്ന നിർദ്ദേശം. അതിനായി അവർ മുൻ കേരളാ കോൺഗ്രസ്സുകാരൻ കൂടിയായ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യുവിനെ രംഗത്തിറക്കി കഴിഞ്ഞു.

ഇതു കൂടാതെ മിസോറാം  ഗവർണർ അഡ്വ.ശ്രീധരൻ പിള്ളയും അമിത് ഷായുടെ ദൂതുമായി  കേരളാ  കൊണ്ഗ്രെസ്സ് രണ്ടാം നിര നേതാക്കളുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ട്. ഫലത്തിൽ ജോസ് കെ മാണിയെ പുറത്താക്കിയത് കൊണ്ട് കേരളാ  കൊണ്ഗ്രെസ്സ് ജോസഫ് വിഭാഗം ഉൾപ്പെടെ നാലായി  പിളരുകയാണ് ഉണ്ടാവുക. ജോസ് വിഭാഗത്തിൽ ഏറ്റവും അസ്വസ്ഥനായ റോഷി അഗസ്റ്റിൻ എം എൽ എ സ്വന്തം വഴി നോക്കും എന്നും അടുപ്പക്കാരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പാലാ സെന്റ് തോമസ് കോളേജിലെ രാഷ്ട്രീയത്തിൽ പിച്ച വെച്ചത് മുതൽ കെ എം മാണിയോട് വിധേയത്വം മാത്രം കാണിച്ച തന്നെ പാലായിൽ നിന്നും നാടുകടത്താൻ വേണ്ടിയാണ് ഒരു ജയ സാധ്യതയും ഇല്ലാതിരുന്ന ഇടുക്കിയിലേക്കു ഓടിച്ചതെന്നു റോഷി പറയുന്നു.തന്നെ ജയിപ്പിച്ചത് അന്തരിച്ച ജനതാദൾ നേതാവ് എം പി വീരേന്ദ്ര കുമാർ ആണെന്നും തന്റെ കാണപ്പെട്ട ദൈവം അദ്ദേഹമാണെന്നും റോഷി പറയാറുണ്ട്. ഇടുക്കിയിലെ ജനസമ്മതനും മികച്ച പ്രാസംഗികനുമായിരുന്ന എം എൽ എ പിപി സുലൈമാൻ റാവുത്തർക്കു ജനതാദൾ സീറ്റ് നിഷേധിച്ചപ്പോൾ അതിൽ പ്രതിഷേധിച്ചു സുലൈമാൻ റാവുത്തർ റിബലായി മത്സരിച്ചു 30000 വോട്ടുകൾ നേടിയിരുന്നു.

ഇതുകൊണ്ടു മാത്രമാണ് ആദ്യ തവണ ഇടുക്കിയിൽ റോഷി പച്ച തപ്പിയത്. വീരേന്ദ്രകുമാറുമായുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണമാണ് റാവുത്തർക്കു സീറ്റ് നിഷേധിക്കപ്പെടാൻ കാരണം . നിയമസഭയിൽ നന്നായി  ഷൈൻ ചെയ്യുന്ന റോഷിയെ പാലാ നിയോജക മണ്ഢലത്തിന്റെ പരിധിയിൽ ഒരു കല്യാണം കൂടാൻ പോലും കെഎം എം മാണി അനുവദിച്ചിരുന്നില്ല ,ഇപ്പോൾ മകന്റെ കാലം വന്നപ്പോൾ അതിനുമപ്പുറമാണ് അവസ്ഥ. ജോമോന്റെ കൂടെ നിന്ന് കുഴിയിൽ ചാടരുത് എന്ന് മത മേലധ്യക്ഷന്മാരും റോഷിയെ ഉപദേശിച്ചിട്ടുണ്ട്.

അതിനിടെ ജോസ് കെ മാണിയെ പുറത്താക്കിയ നടപടിയിൽ കോൺഗ്രസിലും കലാപം പടരുകയാണ്.രമേശ് ചെന്നിത്തലയുടെ നേതൃപദവി മോഹങ്ങൾക്ക് ഏറ്റ  അടിയാണ് ഈ നീക്കം .ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയായ ബെന്നി ബഹനാൻ നടത്തിയ സൈലന്റ് ഓപ്പറേഷൻ ആണിത്. ക്രൈസ്തവ പാർട്ടിയായ ജോസ് വിഭാഗത്തെ പുറത്താകുമ്പോൾ വരുന്ന വിടവിൽ ഉമ്മൻചാണ്ടിയുടെ സാധ്യത ഉറപ്പിക്കുകയാണ് ബെന്നിയുടെ നീക്കത്തിന്റെ കാതൽ.

സഭയുടെ താത്‌പര്യങ്ങളും കേരളാ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ പ്രസക്തമാണ്. കേരളത്തിൽ സമസ്ത മേഖലകളിലും വർധിച്ചു വരുന്ന ഒരു പ്രത്യേക വിഭാഗക്കാരുടെ അധിനിവേശത്തെക്കുറിച്ചു എല്ലാ ക്രൈസ്തവ സഭകളും ബോധവാന്മാരാണ്. പാലാ പട്ടണത്തെപ്പോലും ബിസിനസ്സ് ഒരു പ്രത്യേക വിഭാഗം കീഴടക്കികഴിഞ്ഞു എന്ന വസ്തുത ജന്മഭൂമിയുടെ റിപ്പോർട്ടിങ്ങിലൂടെ അവരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് യു ഡി എഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നുള്ള ഭീതിയും തുടരെ തുടരെയുണ്ടാകുന്ന ലവ് ജിഹാദ് കേസുകളും ഏതാണ്ടെല്ലാ സഭകളിലുമുള്ള വിശ്വാസികളുടെ ഇടയിൽ ബിജെപി അനുകൂല മനോഭാവം ഉണ്ടാക്കിയിട്ടുണ്ട് .

ഇത്തരത്തിൽ നിരവധി പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേരളാ  കൊണ്ഗ്രെസ്സ് ഗ്രൂപ്പുകളുടെ അന്തിമ തീരുമാനം.
എന്തായാലൂം വരുന്ന നാളുകൾ വിലപേശലിന്റെയും പൂഴിക്കടകന്റെയും ഗോഗ്വാ വിളികളുടെയുമാകും എന്നുറപ്പ് .മലയോര രാഷ്ട്രീയം കലങ്ങാൻ പോകുന്നതേയുള്ളൂ.എങ്കിലും ആ കലക്ക വെള്ളത്തിൽ ബിജെപി എത്ര മീൻ പിടിക്കുന്നു എന്നാണ് എല്ലാ കണ്ണുകളും ഉറ്റു നോക്കുന്നത്.

ലേഖകൻ : ജോസ് മാത്യു പാലാ

shortlink

Related Articles

Post Your Comments

Related Articles


Back to top button