COVID 19KeralaNews

ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശ വഴി

തിരുവനന്തപുരം • ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡിനെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. സംശയ നിവാരണം, രോഗലക്ഷണങ്ങള്‍, കോവിഡ് മുന്‍കരുതലുകളും യാത്രകളും, ഭക്ഷണം, മരുന്ന്, കോവിഡ് പരിശോധന എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് കോളുകളാണ് ദിവസവും വരുന്നത്. ഇത്രയേറെ ജനങ്ങള്‍ക്ക് സഹായകരമായ ദിശയെ അടിമുടി നവീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി ദിശയുടെ പുതിയ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ദിശയുടെ സേവനം പരമാവധി ആള്‍ക്കാരിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദിശയുടെ സാധ്യത കണ്ട് ഇ-സഞ്ജീവനി ടെലി മെഡിസിന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇ-ഹെല്‍ത്ത് എന്നിവയുടെ കോള്‍സെന്ററാക്കി മാറ്റിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെല്‍പ് ലൈന്‍ സേവനവും ഉടന്‍ ദിശയിലേക്ക് മാറ്റുന്നതാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ര്‍മാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തില്‍ 15 കൗണ്‍സിലര്‍മാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയില്‍ കോള്‍ പ്രവാഹം കാരണം ഡെസ്‌കുകളുടെ എണ്ണം 6 ല്‍ നിന്ന് 30 ആക്കി വര്‍ദ്ധിപ്പിച്ചു. അതിനാല്‍ തന്നെ പ്രതിദിനം 4500 മുതല്‍ 5000 വരെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും. പരിശീലനം സിദ്ധിച്ച 55 പേരാണ് 24 മണിക്കൂറും ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ജൂണ്‍ 9 മുതല്‍ ടെലിമെഡിക്കല്‍ സഹായം നല്‍കുന്ന ഇ-സഞ്ജീവനിയും ദിശ വഴിയാണ് നടത്തുന്നത്. 6 ഡെസ്‌കുകളിലായി 12 ഡോക്ടര്‍മാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ കീഴിലായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കോള്‍ സെന്ററും ജൂലൈ മുതല്‍ ദിശയിലായി. പദ്ധതിയെ കുറിച്ചുള്ള സംശയ നിവാരണത്തിനായി 3 ഡെസ്‌കുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെയാണ് ഇ-ഹെല്‍ത്തിന്റേയും കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെല്‍പ് ലൈനായും ദിശയെ മാറ്റുന്നത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button