Latest NewsNewsIndia

തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം ; നാല് പൊലീസുകാര്‍ കൂടി അറസ്റ്റില്‍, തെരുവിലിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്‌ഐ ബാലകൃഷ്ണന്‍, മുത്തുരാജ്, മുരുകന്‍, ഒളിവിലായിരുന്ന ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി. പൊലീസുകാരുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ചു. കേസില്‍ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെയാണ് ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചത്.

ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്‌സും പൊലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. തിരുനെല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വനിതാ കോണ്‍സ്റ്റബിളിന്റെയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. എഎസ്പി, ഡിഎസ്പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത് ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ്. എന്നാല്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതില്‍ പൊലീസിനോട് സംസാരിച്ച് ബെനിക്‌സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നില്‍ വന്‍ സംഘര്‍ഷമോ വന്‍ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.

അതേസമയം പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും കമ്മീഷന്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button