KeralaLatest NewsNews

വീണ്ടും സോളാര്‍ : കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതിയ്ക്കെതിരെ വന്‍ അഴിമതി ആരോപണവുമായി കെ.സുരേന്ദ്രന്‍

കോട്ടയം • സംസ്ഥാനത്ത് പുരപ്പുറം സോളാർ വൈദ്യുതി പദ്ധതിയുടെ മറവിൽ 1000 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

സൗജന്യമായി സോളാർ പ്ലാന്റ് സ്ഥാപിക്കും എന്ന് പറഞ്ഞ കെ.എസ്.ഇ.ബി പദ്ധതി അട്ടിമറിച്ച് ടാറ്റയ്ക്ക് കോടികൾ കൊയ്യാൻ അവസരമുണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിയെ ഉപയോഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നിൽ മുഖ്യമന്ത്രി,വ്യവസായമന്ത്രി, വൈദ്യുതിമന്ത്രി എന്നിവരാണ്.

മറ്റു കമ്പനികളെ ഒഴിവാക്കാൻ ടെണ്ടർ വ്യവസ്ഥകൾ മാറ്റി ടാറ്റയെ മാത്രം കരാറിൽ ഉൾപ്പെടുത്തുകയായിരുന്നു. കേരളത്തിൽ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉൽപാദകൻ മറ്റു സംസ്ഥാനങ്ങളിലേക്കാൾ 10,000 മുതൽ 18,000 രൂപ അധികം നൽകണം. ഉപഭോക്താവ് കെ.എസ്.ഇ.ബിയിൽ നിന്നും വാങ്ങിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ.

50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 90 കോടിയിലേറെ രൂപ അധികം നൽകേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

35,000 രൂപയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ കിട്ടുന്ന ഒരു കിലോവാട്ട് വൈദ്യുതിക്ക് കേരളത്തിൽ 48,000 രൂപയാണ് വില.

150 മെഗാവാട്ടിന് 150 കോടിയിലേറെ രൂപ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണുള്ളത്. സൗര പദ്ധതിയിൽ 25 വർഷത്തേക്കാണ് ഉപഭോക്താവും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറെങ്കിൽ ടാറ്റയുമായി കെ.എസ്.ഇ.ബി 2 വർഷത്തേക്ക് മാത്രമാണ് കരാറുണ്ടാക്കിയത്. എ.ഡി.ബിയിൽ നിന്നും വായ്പ്പയെടുത്താണ് കെ.എസ്.ഇ.ബി ടാറ്റക്ക് പണം നൽകിയത്. രണ്ട് വർഷത്തിന് ശേഷം അറ്റകുറ്റപണികൾ ആര് നടത്തും എന്നും ഇൻഷൂറൻസ് തുക ആര് അടയ്ക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കണം. ഇത്തരം നഷ്ടക്കണക്കുകൾ വരുമ്പോൾ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിച്ച് രക്ഷപ്പെടുന്ന സ്ഥിരം പരിപാടി കെ.എസ്.ഇ.ബി ചെയ്യാനാണ് സാധ്യത.

കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള തുകയിലെ വ്യത്യാസം (1 കിലോവാട്ട്)

സംസ്ഥാനം കരാർ തുക കരാർ കാലാവധി
കേരളം- 48,243 2 വർഷം
ഗുജ്റാത്ത്- 42,362 5 വർഷം
യു.പി- 38,000 5 വർഷം
ഡൽഹി- 32,400 5 വർഷം

ടെണ്ടർ നിയമങ്ങൾ മാറ്റി കേന്ദ്രസർക്കാറിന്റെ എം.എസ്.എം.ഇ പ്രോത്സാഹനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാനമെന്നും സുരേന്ദ്രൻ ആരോപിച്ചു.

ചെറുകിട കമ്പനികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകൾ ചേർത്ത് ടാറ്റക്ക് മുഴുവൻ കരാറും നൽകാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. ഗുജ്റാത്ത് ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ അഞ്ഞൂറും അറുനൂറും കമ്പനികൾ ടെണ്ടറിന് എത്തിയപ്പോൾ കേരളത്തിൽ വിരലിലെണ്ണാവുന്ന കമ്പനികൾ മാത്രമാണ് വന്നത്. കൂടുതൽ കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തിരുന്നെങ്കിൽ വിലയിലും കുറവുണ്ടാകുമായിരുന്നു.

നിക്ഷേപതുക വർദ്ധിപ്പിച്ച് കേരള കമ്പനികളെ ഒഴിവാക്കിയതത് വൻഅഴിമതി ലക്ഷ്യമിട്ടാണ്. മറ്റുസംസ്ഥാനങ്ങളിൽ എം.എസ്.എം.ഇക്കായി റിസർവേഷൻ ഏർപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ ഈ അനാസ്ഥ .

40 ശതമാനം വരെ കേന്ദ്രം സബ്സിഡി പ്രഖ്യാപിച്ച സൗര 2 പദ്ധതിയും കേരളത്തിൽ അട്ടിമറിച്ചു.
കോവിഡ് കാലത്ത് ഉപഭോക്താക്കളെയും നാടിനെയും കൊള്ളയടിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button