KeralaCinemaMollywoodLatest NewsNewsEntertainment

4 മനോഹര ജനപ്രിയ നായകന്‍ ചിത്രങ്ങള്‍ ,കാവ്യ മാധവനും ദിലീപും മറക്കാത്ത ദിനമാണ് ജൂലൈ 4

കുട്ടികളും കുടുംബ പ്രേക്ഷകരും ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിനെ വിശേഷിപ്പിക്കാറുള്ളത്. മിമിക്രിയുമായി നടന്നിരുന്ന ഗോപാലകൃഷ്ണന്‍ സിനിമയിലെത്തിയതിന് പിന്നാലെയായാണ് ദിലീപായി മാറിയത്. സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴും അഭിനയമോഹമായിരുന്നു താരത്തിന്റെ മനസ്സിലുണ്ടായിരുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്കെത്തുകയായിരുന്നു താരം. കുട്ടികളും കുടുംബ പ്രേക്ഷകരും ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. രാശിയിലും ദിവസത്തിലുമെല്ലാം വിശ്വസിക്കുന്നയാളാണ് ദിലീപ്. ജൂലൈ 4 എന്ന ദിനം താരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതുമാണ്. കരിയറിലെ തന്നെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയ ദിനം കൂടിയാണ് ജൂലൈ 4. റിലീസിന് മാത്രമല്ല രാശി ഇതേ പേരിലുള്ള സിനിമയിലും അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ജൂലൈ 4ന് റിലീസ് ചെയ്ത സിനിമകളുടെ പോസ്റ്ററും ആ സമയത്തെ വിശേഷങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പുകളിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ പറക്കും തളിക, മീശമാധവന്‍, സി ഐഡി മൂസ, പാണ്ടിപ്പട ഈ നാല് സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ 4നായിരുന്നു.

കുടുംബ പ്രേക്ഷകരേയും കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്ന് വളരെ മുന്‍പേ ദിലീപ് വ്യക്തമാക്കിയതാണ്. അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയുമായി താരമെത്തിയപ്പോഴെല്ലാം ആരാധകര്‍ താരത്തിനെ പിന്തുണച്ചിട്ടുണ്ട്. അപ്രതീക്ഷിത പ്രതിസന്ധികളില്‍ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചതും. തന്റെ വിജയമാസമായി ദിലീപ് വിശേഷിപ്പിക്കുന്നത് ജൂലൈ മാസത്തെയാണ്. ജൂലൈ 4 എന്ന ദിനം ഭാഗ്യമാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് താരത്തിന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും.

ഈ പറക്കും തളിക
മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രങ്ങളിലൊന്നായിരുന്നു ഈ പറക്കും തളിക.2001ലെ ജൂലൈ 4 ലായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. താഹ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായെത്തിയത് നിത്യ ദാസായിരുന്നു. ഹരിശ്രീ അശോകനും ദിലീപും ഒരുമിച്ചുള്ള ഹാസ്യ രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു താമരാക്ഷന്‍ പിള്ളയും സംഘവും സ്വന്തമാക്കിയത്.

മീശമാധവന്‍
2002 ജൂലെ 4ന് തിയേറ്ററുകളിലേക്കെത്തിയതാണ് കള്ളന്‍ മാധവനും സംഘവും. ഹിറ്റ് ജോഡികളായി മാറിയ കാവ്യ മാധവനേയും ദിലീപിനേയും ഒരുമിപ്പിച്ചത് അടുത്ത സുഹൃത്തായ ലാല്‍ ജോസായിരുന്നു. വിതരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചില പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും അവയെ അതിജീവിച്ച് മുന്നേറുകയായിരുന്നു ചിത്രം. ഈ ചിത്രത്തിലും മാധവന്റെ സന്തതസഹചാരിയായി ഹരിശ്രീ അശോകനുണ്ടായിരുന്നു. ഈപ്പന്‍ പാപ്പച്ചി എന്ന എസ് ഐയിലൂടെ ഇന്ദ്രജിത്ത് സുകുമാരന് കരിയര്‍ ബ്രേക്ക് കഥാപാത്രത്തെ ലഭിച്ചതും മീശമാധവനിലൂടെയായിരുന്നു.

സി ഐഡി മൂസ
ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി മൂസ 2003 ജൂലെ 4നായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ഭാവന നായികയായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആശിഷ് വിദ്യാര്‍ത്ഥി, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ബോളിവുഡ് സിനിമാപ്പേരുകള്‍ കോര്‍ത്തുള്ള ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാണ്ടിപ്പട
2005 ജൂലെ 4ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് പാണ്ടിപ്പട. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തെന്നിന്ത്യന്‍ താരമായ പ്രകാശ് രാജും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. നവ്യ നായര്‍ നായികയായെത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, രാജന്‍ പി ദേവ്, സലീം കുമാര്‍, ടിപി മാധവന്‍, സുകുമാരി, സീനത്ത്, അംബിക, സുബ്ബലക്ഷ്മി തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്.
ജൂലൈ 4 രാശിയായി മാറിയതോടെയാണ് അതേ പേരിലുള്ള ചിത്രത്തിലും ദിലീപ് അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ റോമയായിരുന്നു നായികയായത്. വന്‍താരനിര അമിനിരന്നിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര വിജയം സ്വന്തമാക്കിയിരുന്നില്ല. ആ പേര് ദിലീപിന് അത്ര ഭാഗ്യമായിരുന്നില്ല. മിക്ക വര്‍ഷത്തിലും ജൂലൈ നാലിന് തന്നെ ജൂലൈ 4 എന്ന സിനിമ ചാനലുകളില്‍ സംപ്രേഷണം ചെയ്യാറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button