KeralaLatest NewsNews

കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായി കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവ്

കൊച്ചി : കോവിഡ് വ്യാപനത്തിൽ സർവ്വീസ് നിർത്തലാക്കിയതോടെ കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിൽ. വായ്പ തിരിച്ചടയ്ക്കാനുള്ള സാവകാശം അനുവദിക്കാൻ ഫ്രഞ്ച് വികസന ഏജൻസിയോട് കേന്ദ്രസർക്കാർ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് കെഎംആര്‍എല്‍.

യാത്രക്കാരും, ടിക്കറ്റ് ഇതരവരുമാനം വഴിയും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കൊച്ചി മെട്രോക്ക് കൊവിഡ് വരുത്തിയത് കനത്ത നഷ്ടമാണ് വരുത്തിയത്. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ടിക്കറ്റ് വരുമാനത്തിനൊപ്പം പരസ്യ വരുമാനവും ഇടിഞ്ഞു. മാർച്ച് 20 മുതൽ സർവ്വീസ് പൂർണ്ണമായി നിർത്തിലാക്കിയതോടെ വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.

മെട്രോയുടെ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്. ഇതിൽ ഫ്രഞ്ച് വികസന ഏജൻസിയിൽ നിന്ന് മാത്രം 1500 കോടി രൂപയുടേതാണ് വായ്പ. ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളം തിരിച്ചടവിന് വേണം. ഇതിൽ മാർച്ച് മാസത്തെ ഒരു ഗഡു മാത്രമാണ് കെഎംആർഎല്ലിന് തിരിച്ചടയ്ക്കാനായത്.

1200-ഓളം ജീവനക്കാരാണ് കെഎംആർഎല്ലിൽ ജോലിയെടുക്കുന്നത്. ഇതിൽ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാർക്ക് ഉൾപ്പടെ കെഎംആർഎൽ ആണ് ശമ്പളം നൽകുന്നത്.മെട്രോ സർവ്വീസ് എന്ന് തുടങ്ങാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നതോടെയാണ് കെഎല്‍ആര്‍എല്‍ സാവകാശത്തിനായി ശ്രമിക്കുന്നത്. പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് വായ്പ തിരിച്ചടവിന് സാവകാശം തേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button